
തേനീച്ച എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുക്ക് നല്ല തേനീച്ച കുത്താണ് മനസ്സിൽ ആദ്യം ഓർമ വരുക. തേനീച്ചയുടെ കുത്തേറ്റു ആളുകൾ മരിക്കുന്ന സാഹചര്യം വരെ നമ്മുടെ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിൽ നിന്നും തികച്ചും വിപരീതമാണ് നമ്മുടെ ചെറു തേനീച്ചകൾ. ഇവയുടെ ഇംഗ്ലീഷ് പേര് തന്നെ Stingless bees എന്നാണ്. അതായത് കുത്താൻ കഴിയാത്ത തേനീച്ചകൾ. അവ ഒരിക്കലും മനുഷ്യരെ ആക്രമിക്കാറില്ല, അഥവാ അവയ്ക്ക് അതിനുള്ള കൊമ്പുകൾ ഇല്ല. ഇത് തന്നെയാണ് ചെറു തേനീച്ചയെ മറ്റു തേനീച്ചകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
എന്നാൽ മറ്റു ഈച്ചകളെ പോലെ തന്നെ ഇവയുടെ ഇടയിലും റാണി ഈച്ചയും, ആൺ ഈച്ചകളും, പെണ്ണ് ഈച്ചകൾ എന്നിങ്ങനെ അവർ തന്നെ വേർതിരിച്ചിരിക്കുന്നു. എന്നിരുന്നാലും മറ്റു ഈച്ചകളെ പോലെ ഒരു സാമൂഹിക ജീവിതമാണ് ഇവ നയിക്കുന്നത്. ഒരു ചെറു തേനീച്ചക്കൂടിലെ ജോലികൾ എല്ലാം നിർവഹിക്കുന്നത് പെണ്ണീച്ചകളാണ്. അതുകൊണ്ട് തന്നെ ഇവയെ വേലക്കാരി ഈച്ചകൾ എന്ന് പറയുന്നു. വേലക്കാരി ഈച്ചകളുടെ തലയിൽ സ്ഥിതി ചെയ്യുന്ന മെഴുകു ഗ്രന്ഥികളിൽ നിന്ന് വരുന്ന മെഴുകും പിന്നെ മരങ്ങളിൽ നിന്നും അവ ശേഖരിക്കുന്ന റെസിൻ എന്ന് പറയപ്പെടുന്ന പശയും ഉപയോഗിച്ചാണ് ഇവ കൂട് നിർമിക്കുന്നത്. അങ്ങനെ മെഴുകും പശയും ചേർന്ന് ഉണ്ടാകുന്ന ആ പദാർത്ഥത്തിന്റെ പേരാണ് സെർമിൻ.
വേലക്കാരി ഈച്ചകളാണ് തേനും പൂമ്പൊടിയും എല്ലാം ശേഖരിച്ചു കൂട്ടിലെത്തിക്കുന്നത്. ഇവയുടെ പ്രതേകത എന്തെന്നാൽ, മറ്റു തേനീച്ചകളെ സംബന്ധിച്ച് ചെറു തേനീച്ചകൾ ശേഖരിക്കുന്ന തേൻ വിശിഷ്ടമാണ്. ഇവയുടെ ചെറിയ ശരീരം തന്നാണ് അതിനു കാരണവും. ഒരു ചെറു തേനീച്ചയുടെ ശരീരത്തിന്റെ നീളം വെറും 4 മില്ലി മീറ്ററാണ്. അത് കൊണ്ട് തന്നെ തുളസി മുക്കുറ്റി തുടങ്ങിയ വളരെ ചെറിയ ഔഷധ ചെടികളുടെ പൂവുകളിൽ നിന്നും തേൻ ശേഖരിക്കാൻ ഉള്ള കഴിവ് ഇവയ്ക്ക് മാത്രമേ ഉള്ളു. എന്നാൽ മറ്റു തേനീച്ചകൾക്ക് അവയുടെ വായുടെ വലിപ്പം കാരണം അത് സാധിക്കില്ല. അത് കൊണ്ട് തന്നെ ചെറു തേനീച്ചകൾ ശേഖരിക്കുന്ന തേനിന് ഔഷധ ഗുണവും കൂടുന്നു. കാൻസർ ഉൾപ്പടെ ഉള്ള രോഗങ്ങളുടെ ആയുർവേദ ചികിത്സ രീതിയിൽ ചെറു തേനിന്റെ പ്രാധാന്യം അത്ര ചെറുതൊന്നും അല്ല. അത് കൊണ്ട് തന്നെ ഇനിയെങ്കിലും കുറഞ്ഞത് നമ്മുടെ വീട്ടിലേക്ക് ആവിശ്യമായ ചെറുതേൻ നാം ഉത്പാദിപ്പിക്കേണ്ടതാണ്.
വളരെ നിസ്സാരമായൊരു കൃഷി രീതിയാണ് ചെറു തേനീച്ച വളർത്തൽ. മറ്റു ബാഹ്യ ശക്തികളുടെ ആക്രമണം ഒന്നും ഉണ്ടായില്ലെങ്കിൽ ഒരുമനുഷായുസ്സിനേക്കാൾ കൂടുതൽ കാലം ഒരു ചെറു തേനീച്ച കൂടിനു നിലനിൽക്കാൻ കഴിയും എന്നാണ് പറയപ്പെടുന്നത്. അതിന്റെ കാരണമെന്തെന്നാൽ മറ്റു തേനീച്ചകളിലെ റാണിയെ പോലെ ചെറു തേനീച്ചയിലെ റാണിക്ക് പറക്കാൻ സാധിക്കില്ല എന്നതാണ്. എന്നാൽ പറക്കാൻ കഴിയുന്ന ഒരു റാണി കൂടി കാണും, അവ ഇണ ചേരലിൽ ഏർപ്പെടാത്തവ ആയിരിക്കും. അവയെ ഗൈന ഈച്ചകൾ എന്ന് വിളിക്കുന്നു. ഇണ ചേർന്ന് മുട്ടയിട്ട് കഴിഞ്ഞാൽ പിന്നെ ഇവർക്ക് പറക്കാനുള്ള ശേഷി നഷ്ടമാകും. കൂട് പിരിയാൻ നേരമാണ് ഗൈന ഈച്ചയുടെ പ്രാധാന്യം. മുഖ്യ റാണി ഈച്ചയ്ക്ക് പറക്കാനാകാത്തതിനാൽ ആ കൂട് എല്ലാ കാലവും അവിടെ തന്നെ അംഗങ്ങളുമായി നിലനിൽക്കും. ഇനി കൂട്ടിനുള്ളിൽ അംഗ സംഖ്യ കൂടുതൽ ആകുകയാണെങ്കിൽ രാണ്ടാമത്തെ റാണിയീച്ച പകുതിയോളം ചെറു തേനീച്ചകളുമായി മറ്റൊരു സ്ഥലം കണ്ടെത്തി പുതിയ കൂട് നിർമിച്ചു അതിലേക്ക് ചേക്കേറും. അതിനിടയിൽ രണ്ടാമത്തെ തേനീച്ച ആൺ തേനീച്ചയുമായി ഇണചേർന്ന് പുതിയ കൂട്ടിൽ മുട്ടയിടുകയും ചെയ്യും. അതോടു കൂടി ആ റാണിയുടേയും പറക്കാനുള്ള ശേഷി നഷ്ടപ്പെടും. വീണ്ടും ആ പുതിയ കൂട്ടിൽ അംഗ സംഖ്യ കൂടിയാൽ കൂട് മാറാനായി മറ്റൊരു റാണിയെ കൂടി തിരഞ്ഞെടുക്കും. അങ്ങനെ തേനീച്ചക്കൂടുകളുടെ എണ്ണം വർധിക്കുന്നു. മറ്റൊരു രസകരമായ വസ്തുത എന്തെന്നാൽ കൂടുമാറുന്ന സമയം രണ്ടാം റാണി ഇണ ചേരും നേരം ആൺ ഈച്ച മരിച്ചു പോകും എന്നതാണ്. അതായത് ജീവൻ കളഞ്ഞുള്ള ഒരു പ്രണയം തന്നെയാണ് അവർ തമ്മിൽ.
ഇനി നമുക്ക് അവയുടെ കൂടിന്റെ ഘടനയെ പറ്റി കൂടി ഒന്ന് നോക്കാം. കൂട് തുടങ്ങുന്നത് അവ തന്നെ നിർമിച്ച ഒരു കവാടത്തിൽ നിന്നാണ്. മണ്ണും, പൊടിയും ഒക്കെ ഉപയോഗിച്ചാണ് അവ അത് നിർമിച്ചിരിക്കുന്നത്. ഉറുമ്പ് പോലുള്ള ജീവികൾ അവരുടെ കൂട്ടിലേക്ക് ആക്രമിച്ചു കേറാതിരിക്കാൻ വേണ്ടിയാണ് ആ കവാടം. അത്യാവശ്യം വലിപ്പമുള്ള കൂടാണെങ്കിൽ ഏകദേശം 5 മുതൽ 14 വരെ ചെറു തേനീച്ചകൾ കൂടിനു മുന്നിൽ കാവൽ കാണും. കൂടിനുള്ളിൽ ഗോളാകൃതിയിൽ കാണപ്പെടുന്ന അറകളിൽ ആണ് അവ മുട്ടയിടുന്നതും, തേൻ ശേഖരിക്കുന്നതും, പൂമ്പൊടി ശേഖരിക്കുന്നതുമെല്ലാം. ഈ ഗോളാകൃതിയിലുള്ള അറ ഇവയുടെ മറ്റൊരു പ്രതേകതയാണ്. മറ്റു തേനീച്ചകളുടെ എല്ലാം അറകൾ ഏകദേശം ഷഡ്ഭുജ ആകൃതിയിൽ ആയിരിക്കും.
ഒരു ചെറു തേനീച്ച കൂട്ടിൽ 3 തരം മുട്ടകളാണ് ഉള്ളത്. ആൺ തേനീച്ച വിരിയുന്ന മുട്ടകളും, പെണ്ണ് തേനിച്ച വിരിയുന്ന മുട്ടകളും പിന്നെ റാണി വിരിയുന്ന മുട്ടയും. റാണി എപ്പോഴും പെണ്ണീച്ച തന്നെ ആയിരിക്കും. ആ മുട്ടയെ പ്രതേക അറകളിൽ ആയിരിക്കും നിക്ഷേപിക്കുന്നത്. നിക്ഷേപിക്കുന്നതിന് മുൻപേ തന്നെ റാണി മുട്ടയ്ക്ക് മാത്രം ഉള്ള സ്പെഷ്യൽ ആഹാരമായ റോയൽ ജെല്ലി അതിനുള്ളിൽ നിറയ്ക്കും. മറ്റു ഈച്ചകൾ പൂമ്പൊടികൾ നുകർന്നു ജീവിക്കും. ഈ പ്രത്യേകത തന്നെയാണ് അവയെ റാണി ഈച്ച ആക്കി മാറ്റുന്നത്.
തേനീച്ച കൃഷിയെ പറ്റി അറിയണമെങ്കിൽ ആദ്യം നമ്മൾക്ക് തേനീച്ചകളെ പറ്റിയും അതിന്റെ കൂടിനെ പറ്റിയും ഒരു ധാരണ ഉണ്ടാകണം. അതിനു വേണ്ടിയാണ് അവയെ പറ്റി ഈ രീതിയിൽ ഒരു വിശദീകരണം നൽകിയത്. അപകടകാരികൾ അല്ലാത്ത ഈച്ചകൾ ആയതിനാൽ വീട്ടമ്മമാർക്കോ, കുട്ടികൾക്കോ ഒക്കെ വളരെ നിസ്സാരമായി ചെയ്യാവുന്ന ഒരു കൃഷി തന്നെയാണ് ചെറുതേനീച്ച വളർത്തൽ. ഭൂരിഭാഗം ജോലി മുഴുവൻ തേനീച്ചകൾ തന്നെ ചെയ്തോളും. തേൻ അവയുടെ കൂട്ടിൽ നിന്ന് ശേഖരിക്കുന്ന ഒരു ജോലി മാത്രമേ നമ്മൾ ചെയ്യേണ്ടതുള്ളൂ. 1 കിലോ ശുദ്ധമായ തേനിന് ഇന്ന് നമ്മുടെ നാട്ടിൽ 5000-6000 രൂപ വരെ വിലയുണ്ട്. പിന്നെ ചെറു തേനീച്ചകൾ അക്രമകാരികൾ അല്ലാത്തതിനാൽ ഭയത്തിന്റെ കാര്യം വരുന്നതുമില്ല എന്നതാണ് വസ്തുത.
ചെറു തേനീച്ച കൃഷിയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
https://exposekerala.com/honeybeecultivation-beekeeping-part2/
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala