ബെൻസ് ജി വാഗൺ


Spread the love

മെഴ്‌സിഡസ് ബെൻസ് എന്ന ജർമൻ ഓട്ടോമൊബൈൽ ബ്രാൻഡിന്റെ പേര് കേൾക്കുമ്പോൾ തന്നെ രാജകീയപ്രൗഢി നിറഞ്ഞുനിൽക്കുന്ന ബെൻസിന്റെ മുഖമുദ്രയായ ലോഗോ ആണ് ഓരോ വാഹന പ്രേമികളുടെയും മനസ്സിൽ ആദ്യം വരുന്നത്. ഡെയ്‌മ്ലർ എ.ജി എന്ന ജർമൻ ആസ്ഥാനമായുള്ള ഓട്ടോമോട്ടീവ് കമ്പനിയുടെ ഭാഗമായ മെഴ്‌സിഡസ് ബെൻസ് പതിറ്റാണ്ടുകളായ് വാഹനലോകത്തെ ആഡംബരത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞു. ഇക്കാലയളവിൽ കാലഘട്ടങ്ങൾക്കനുസരിച്ച് അപ്ഗ്രേഡ് ചെയ്യപ്പെട്ട സാങ്കേതികവിദ്യകൾക്കൊപ്പം നിരവധി ബെൻസ് മോഡലുകൾ ലോക വിപണിയിൽ അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു. അത്തരത്തിൽ വളരെ വ്യത്യസ്തമായ് 1979 കാലഘട്ടത്തിൽ മെഴ്സിഡസ് ബെൻസ്  അവതരിപ്പിച്ച എസ്. യു.വി. സീരീസിലെ വാഹനമാണ് മെഴ്സിഡസ് ബെൻസ് ജി-ക്ലാസ്സ്‌. മെഴ്സിഡസ് ബെൻസ് ജി-ക്ലാസ്സിന് നൽകിയിരിക്കുന്ന മറ്റൊരു പേരാണ് ബെൻസ് ജി വാഗൺ. മെഴ്‌സിഡസ് ബെൻസ് ബ്രാൻഡിന്റെ കീഴിൽ വിപണിയിലെത്തുന്ന ബെൻസ് ജി വാഗണിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് മാഗ്ന സ്റ്റെയർ എന്ന ഓസ്ട്രിയ ആസ്ഥാനമായുള്ള ഓട്ടോമൊബൈൽ കമ്പനിയാണ്.

മെഴ്‌സിഡസ് ബെൻസിന്റെ കീഴിൽ രണ്ട് ജനറേഷൻ സീരീസ് വാഹനമായ് അവതരിപ്പിച്ച ബെൻസ് ജി വാഗൺ ഇതിനോടകം തന്നെ അപ്ഡേഷനുകളോടെ നിരവധി ബോക്‌സി സ്റ്റൈലിൽ രുപകല്പന ചെയ്യപ്പെട്ട വാഹനങ്ങളിലൂടെ ഈ സെഗ്മെന്റിൽ പെട്ട വാഹനങ്ങളുടെ ലോക വിപണി കയ്യടക്കി കഴിഞ്ഞു.
മെഴ്‌സിഡസ് ബെൻസ് ജി ക്ലാസ്സ്‌ അഥവ ബെൻസ് ജി വാഗൺ ലോകവിപണിയ്‌ക്കൊപ്പം ഇന്ത്യയിലെ അത്യാഡംബര വാഹനങ്ങളുടെ നിരയിലെ പ്രധാനി ആയിക്കഴിഞ്ഞു. ബെൻസ് ജി വാഗണിന്റെ രണ്ടാം ജനറേഷനിൽ G 500, മെഴ്സിഡസ് – AMG G 63, G350D, G400D എന്നീ മോഡലുകളിലായാണ് വാഹനത്തെ മെഴ്സിഡസ് ബെൻസ് ലോകവിപണിയിൽ അവതരിപ്പിച്ചത്. ഇവയിൽ ഇന്ത്യൻ വിപണിയിലെ ബെൻസ് ജി വാഗൺ മോഡലായ് എത്തിയത് മെഴ്സിഡസ് – AMG ജി 63 ആണ്. ബെൻസ് ജി വാഗണിന്റെ ബോക്‌സി രൂപഭംഗി തന്നെയാണ് വാഹനത്തിന്റെ തലയെടുപ്പുകളിലൊന്നായ് എടുത്തു പറയാവുന്നത്. ബെൻസ് ജി വാഗണിന്റെ ക്ലാസ്സിക്‌ ശൈലിയിലുള്ള റൗണ്ട് മോഡൽ ഹെഡ് ലാംബ്, സ്റ്റൈലായി രൂപകൽപന ചെയ്യപ്പെട്ട ഗ്രില്ലിൽ ഘടന ചെയ്യപ്പെട്ടിരിക്കുന്ന ബെൻസിന്റെ ലോഗോ തുടങ്ങിയവ വാഹനത്തിന്റെ മുൻഭാഗത്തെ കൂടുതൽ ആകർഷണീയമാക്കുന്നു. അഞ്ച് ഡോറുകളോടുകൂടിയ ബെൻസ് ജി വാഗണിന്റെ ഇന്റീരിയർ ഭാഗങ്ങളിൽ മറ്റ് ബെൻസ് മോഡലുകളിലെ പോലെ തന്നെ തങ്ങളുടെ ബ്രാൻഡ് ക്വാളിറ്റി നിലനിർത്തിയിരുന്നു.

വിശാലമായ ഉൾഭാഗങ്ങളിൽ മനോഹരവും സുഖപ്രദവുമായ സീറ്റുകൾ, സ്‌പോർട്ടി ഡ്രൈവിന് ഇണങ്ങുന്ന തരത്തിൽ കണ്ട്രോൾ ഓപ്ഷനുകളോട് കൂടിയ സ്റ്റിയറിംഗ് വീൽ,  മുകളിലോട്ടുള്ള വ്യത്യസ്തമായ കാഴ്ചകൾക്കായുള്ള സൺ റൂഫ് ഗ്ലാസ്സ് തുടങ്ങിയവ കൊണ്ട് ബെൻസ് ജി വാഗണിലെ ഇന്റീരിയർ സമ്പന്നമാകുന്നു. വാഹനത്തിന്റെ സ്റ്റൈലിഷ് ഘടനയെപ്പറ്റി വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കുവാൻ കഴിയില്ല. ബെൻസ് ജി വാഗണിന്റെ സാങ്കേതിക ഭാഗം പരിശോധിക്കുമ്പോൾ അവയിൽ പ്രധാനം 577 bhp കരുത്തിൽ വാഹനത്തെ മുന്നോട്ട് കുതിയ്ക്കാൻ സഹായിക്കുന്ന 4.0- ലിറ്റർ ട്വിൻ ടർബോ V8 എൻജിൻ തന്നെയാണ്. എൻജിനിലെ സിലിണ്ടർ ഡീആക്ടിവേഷൻ സാങ്കേതികവിദ്യ വാഹനത്തിന്റെ ഇന്ധന ക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു. അവയ്ക്കൊപ്പം 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ട്രാൻസ്മിഷൻ സിസ്റ്റം കൂടി ചേരുമ്പോൾ ബെൻസ് ജി വാഗണിലെ യാത്രാനുഭവം വളരെ മികച്ചതാകുന്നു. ബെൻസ് ജി വാഗണിന്റെ മറ്റൊരു പ്രത്യേകത 4.4 sec സമയത്തിനുള്ളിൽ 0-100 km/h വേഗത കൈവരിക്കാൻ വാഹനത്തിനാകുന്നു എന്നുള്ളതാണ്. അവയോടൊപ്പം 240 km/h പരമാവധി വേഗതയിൽ കുതിയ്ക്കുവാനും വാഹനത്തിനാകുന്നു.


ഓഫ് റോഡുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ കഴിയുന്ന ഈ എസ്. യു.വി യുടെ മുൻഭാഗത്തെ ഇൻഡിപെൻഡന്റ് ഡബിൾ വിഷ് ബോൺ സസ്പെൻഷൻ സിസ്റ്റവും   അവയ്ക്കൊപ്പം പുറകുഭാഗത്തേയും വശങ്ങളിലെയും സ്പ്രിങ് ടൈപ്പിലെ സസ്പെൻഷൻ സിസ്റ്റം കൂടി ചേരുമ്പോൾ വാഹനത്തിന്റെ ഓഫ് റോഡ് യാത്രകളെ സുഗമമാക്കുന്നു. യാത്രകളെ ഇഷ്ട്ടപ്പെടുന്ന സാധാരണ വാഹനപ്രേമികൾക്ക് ഒരു പക്ഷെ ബെൻസ് ജി വാഗൺ എന്ന ആഡംബരപൂർണമായ എസ്.യു.വി. സ്വന്തമാക്കാൻ സാമ്പത്തിക പരിമിതികളുണ്ടാകാം. കാരണം ഇന്ത്യയിൽ ബെൻസ് ജി വാഗണിന്റെ എക്സ് ഷോറൂം വില ഏകദേശം ഒന്നരക്കോടി രൂപയ്ക്ക്  മുകളിലാണ്. എന്നിരുന്നാലും എസ്. യു.വി. മോഡലുകളിലെ വ്യത്യസ്ത ശ്രേണിയായ ബെൻസ് ജി വാഗൺ വില നോക്കാതെ ആഡംബരവാഹനങ്ങൾ സ്വന്തമാക്കുന്ന വാഹന പ്രേമികളുടെ ഇഷ്ട്ട മോഡലുകളിൽ ഒന്നാണ്.

Read also : ഫോർഡ് മസ്താങ്

വാഹനങ്ങളെകുറിച്ചുള്ള അപ്ഡേറ്റുകൾ ലഭിക്കുവാനായി ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ ചേരുക. അതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യു  Motor Mechanics

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close