ബിറ്റ്കോയിൻ അറിയേണ്ടതെല്ലാം …  


Spread the love

ലോകം ഇപ്പോൾ ഡിജിറ്റൽ യുഗത്തിലാണ്. എല്ലാ മേഖലകളും ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്നു. ബാങ്കിംഗ് രംഗത്ത് പ്രകടമായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. പണത്തിന്റെ വിനിമയ രംഗത്ത് ഒരു നിർണായക മാറ്റം സംഭവിച്ചത് ക്രിപ്റ്റോ കറൻസിയുടെ ആവിർഭാവത്തോടെ ആണ്.

എന്താണ് ക്രിപ്റ്റോ കറൻസി?
നിലവിലുള്ള ബാങ്കിംഗ് സമ്പ്രദായം അതിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഈ രണ്ടു കാര്യങ്ങൾ നമുക്കൊന്നു പരിശോധിക്കാം..

ഭൗതിക രൂപമില്ലാത്ത വെർച്വൽ കറൻസികളാണ് ക്രിപ്റ്റോ കറൻസി. അതിസങ്കീർണമായ സോഫ്റ്റ്‌വെയർ കോഡുകളിലൂടെ ആണ് ഇവ രൂപീകരിക്ക പെട്ടിരിക്കുന്നത്. എൻക്രിപ്ഷൻ എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ ആണ് ഇവയെ ക്രിപ്റ്റോകറൻസി എന്ന് വിളിക്കുന്നത്. ബിറ്റ് കോയിൻ, ലൈറ്റ് കോയിൻ, റിപ്പിൾ എന്നിവയൊക്കെ പ്രധാന ക്രിപ്റ്റോ കറൻസികൾ ആണ്.

ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി ബിറ്റ് കോയിൻ ആണ്. ഏറ്റവും മൂല്യമുള്ളതും പ്രചാരമേറിയതുമായ ക്രിപ്റ്റോ കറൻസിയും ഇത്‌ തന്നെയാണ് .
ബിറ്റ് കോയിൻ എന്ന ആശയം ആദ്യമായി ആരുടെ തലയിൽ ഉദിച്ചതാണ്? നിരവധിപേർ അതിൻറെ അവകാശവാദവുമായി രംഗത്തുണ്ടെങ്കിലും “സതോഷി നക്കാമോട്ടോ” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിയോ സംഘമോ ആണ് ഇതിനു പിന്നിലെന്ന് പറയപ്പെടുന്നു.

എന്താണ് ബിറ്റ് കോയിൻ?

ഒരു വികേന്ദ്രീകൃത വിർച്ച്വൽ ക്രിപ്റ്റോ കറൻസിയാണ്  ബിറ്റ്കോയിൻ.
അത് ലോഹനാണയമോ, പേപ്പർ കറൻസിയോ അല്ല. സാധാരണയായി ഒരു രാജ്യത്തെ കറൻസികൾ നിയന്ത്രിക്കുന്നത്  അവിടുത്തെ ബാങ്കുകളാണ്. ഉദാഹരണമായി ആർ.ബി.ഐ യ്ക്കാണ് ഇന്ത്യയിലെ കറൻസികളുടെ നിയന്ത്രണം. പക്ഷേ ഇടനിലക്കാരോ, ബാങ്കുകളോ,  സർക്കാരോ നിയന്ത്രിക്കാൻ ഇല്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ് കോയിൻ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര തലത്തിൽ ഉള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ബിറ്റ് കോയിനുകൾ ഉപയോഗിക്കാൻ സാധിക്കും. ഡിജിറ്റൽ വാലറ്റുകളുടെ രൂപത്തിലാണ് ബിറ്റ് കോയിനുകൾ ശേഖരിക്കുന്നത്. ഇവ ഉപഭോക്താക്കളുടെ കമ്പ്യൂട്ടറുകളിൽ വിർച്വൽ അക്കൗണ്ടായി രൂപപ്പെടുന്നു.

ഗണിത പ്രോഗ്രാമുകളുടെ ചുരുളഴിച്ചു കമ്പ്യൂട്ടർ പ്രോസസ്സുകളിലൂടെ ബിറ്റ് കോയിൻ നേടുന്നതിന് ബിറ്റ്കോയിൻ മൈനിങ് എന്ന് പറയുന്നു. 21 മില്യൻ ബിറ്റ് കോയിൻ മാത്രമേ ആകെ മൈനിങ് ചെയ്തെടുക്കാൻ സാധിക്കുകയുള്ളൂ. അതായത് 21 മില്യൺ ബിറ്റ് കോയിനുകൾ വിപണിയിൽ എത്തുമ്പോൾ മൈനിംഗ് പൂർത്തിയാകും. ക്രിപ്റ്റോഗ്രാഫി  സാങ്കേതികവിദ്യയും, ബ്ലോക്ക് ചെയിൻ എന്ന പേരിൽ അറിയപ്പെടുന്ന ബിറ്റ് കോയിൻ കണക്ക്‌ പുസ്തകവും സൂക്ഷിക്കുന്നതു കൊണ്ട് തന്നെ ഇത് സുരക്ഷിതമാണെന്ന് പറയാം. “ബ്ലോക്ക് ചെയിൻ” ഒരു പബ്ലിക് ഇലക്ട്രോണിക് ലെഡ്ജർ ആണ്. ബിറ്റ്കോയിൻ വിനിമയത്തിൻറെ എല്ലാ വിവരങ്ങളും ഇതിൽ രേഖപ്പെടുത്തുന്നുണ്ട്. അതുവഴി ബിറ്റ്കോയിൻ പണസഞ്ചികളിൽ  ചിലവാക്കാൻ ബാക്കിയുള്ള നാണയളുടെ കണക്ക് ലഭിക്കുന്നു. ഓരോ പത്തു മിനിട്ടിലും ബിറ്റ്കോയിൻ ബ്ലോക്ക്‌ ചെയിനിൽ ഒരു പുതിയ ബ്ലോക്ക് കൂട്ടിച്ചേർക്കപ്പെടുന്നു, അതിന് അനുസരിച്ചു നാണയങ്ങൾ മാർക്കറ്റിൽ എത്തുന്നു.

ബിറ്റ് കോയിനുകൾ ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുവാനും, അവ സമ്പാദ്യമായി ശേഖരിച്ചു വയ്ക്കുവാനും,  നാണയമായി മറ്റുള്ളവർക്ക് അയച്ചു കൊടുക്കുവാനും സാധിക്കും. ആഗോള അടിസ്ഥാനത്തിൽ ഒരു ദിവസം ബിറ്റ്കോയിൻ ഉപയോഗിച്ച്  25000 കോടി രൂപയുടെ വ്യാപാരം നടക്കുന്നുണ്ട് എന്ന് പറയപ്പെടുന്നു. 2018 ൽ ആർ.ബി.ഐ. ക്രിപ്റ്റോ കറൻസികൾക്ക് വിലക്ക്‌ ഏർപ്പെടുത്തി എങ്കിലും 2020 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം വിലക്ക് എടുത്തു കളഞ്ഞിട്ടുണ്ട്.

ഡിജിറ്റൽ വാലറ്റ് നഷ്ടമാവുകയോ പാസ്സ്‌വേർഡ് മറന്നു പോവുകയോ ചെയ്താൽ വാലറ്റിലെ പണവും നഷ്ടമാകും. ബിറ്റ് കോയിനുകൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതുമില്ല. ഇവ രണ്ടും ബിറ്റ്കോയിനിന്റെ പോരായ്മയാണെന്ന് പറയാം. എന്നിരുന്നാലും ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ ബിറ്റ്കോയിൻ എന്ന വെർച്വൽ കറൻസി നിരവധി സാധ്യതകളുടെ  വാതിലുകൾ തുറന്നിട്ടുണ്ട്.

Read also : ഇന്ത്യയിൽ 25 വയസ്സ് തികച്ചു മൊബൈൽ ഫോൺ

ഈ അറിവ് നിങ്ങൾക്ക് പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി എക്സ്പോസ് കേരളയുടെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക.http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close