എന്താണ് ബ്ലാക്ക് ബോക്സ്‌ :ചരിത്രവും പ്രവർത്തനവും


Spread the love

വിമാന അപകടങ്ങൾക്ക് ശേഷം വാർത്തകളിലൂടെ നാം കേട്ടിട്ടുള്ള ഒരു പേരാണ് ബ്ലാക്ക് ബോക്സ്‌. മിക്കവർക്കും ഉണ്ടാകുന്ന സംശയമാണ് എന്താണ് ബ്ലാക്ക് ബോക്സ്‌? എങ്ങനെയാണു അതുപയോഗിച്ചു വിമാനത്തിന് അപകടം സംഭവിച്ചതെന്ന് അറിയാൻ സാധിക്കുന്നത്, എങ്ങനെയാണു തകർന്ന വിമാനം എവിടെയെന്നു കണ്ടെത്താൻ സാധിക്കുന്നത്, എന്നൊക്കെ. മൂന്നര കിലോ ഭാരം വരുന്ന ഒരു ഫ്‌ളൂറസെന്റ് ഓറഞ്ചു നിറമുള്ള പെട്ടിയാണ് ബ്ലാക്ക് ബോക്സ്‌ അഥവാ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ.


കോക് പിറ്റിലെ പൈലറ്റിന്റെ സംഭാക്ഷണങ്ങളും, പ്രവർത്തനങ്ങളും സംബന്ധിച്ച വിവരങ്ങൾ ബ്ലാക്ക് ബോക്സിലെ മെമ്മറി യൂണിറ്റിൽ ശേഖരിക്കപ്പെടുന്നു. വിമാനയാത്രയിൽ അപകടമുണ്ടായാൽ ബ്ലാക്ക് ബോക്സിൽ സൂക്ഷിക്കപ്പെട്ട ഡാറ്റ വിശകലനം ചെയ്ത് അപകടമുണ്ടാവാനുള്ള സാഹചര്യങ്ങളെ തിരിച്ചറിയാൻ സാധിക്കും.
വിമാനത്തിലെ നിയന്ത്രണ സംവിധാനത്തിലുണ്ടാകുന്ന ഏതൊരു മാറ്റത്തെയും സെക്കന്റുകളുടെ വ്യെത്യാസത്തിൽ ഒപ്പിയെടുക്കുന്ന FDR എന്ന ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ, പൈലറ്റിന്റെ കോക് പിറ്റിലെ സംഭാക്ഷണങ്ങൾ പകർത്തുന്ന CVR അഥവാ കോക് പിറ്റ് വോയിസ്‌ റെക്കോർഡർ, അപകടത്തിന് ശേഷം കൃത്യമായ സ്ഥാനം കണ്ടെത്താൻ സഹായിക്കുന്ന അണ്ടർ വാട്ടർ ബീക്കൺ തുടങ്ങിയവ യോജിപ്പിച്ചതാണ് ബ്ലാക്ക് ബോക്സ്‌.


UN സ്പെഷ്യൽ ഏജൻസിയായ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കൊമേർഷ്യൽ ഫ്ലൈറ്റുകളിൽ ഇവ നിര്ബന്ധമാക്കിയിരിക്കുന്നു. ഏജൻസിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കണം ഇവയുടെ നിർമാണം. വിമാനം മുഴുവൻ കത്തിയെരിഞ്ഞു പോയാലും യാതൊരു കേടുപാടും കൂടാതെ അവശേഷിക്കുവാൻ തക്ക ശേഷിയുള്ളവയായിരിക്കണം ഫ്ലൈറ്റ് റെക്കോർഡറുകൾ. 1000 ഡിഗ്രി സെൽഷ്യസ് ചൂടിനെ പ്രതിരോധിക്കത്തക്കവിധം സ്റ്റൈൻലെസ്സ് സ്റ്റീൽ, ടൈറ്റാനിയം ബോഡിയിലാണ് നിലവിൽ ബ്ലാക്ക് ബോക്സ്‌ നിർമ്മിക്കപ്പെടുന്നത്.


1939 ൽ ഫ്രഞ്ച് എൻജിനീയർ മാരായ ഫ്രാങ്കോയിസ് ഗുസ്സ്നോട്ട്, പോൾ ബ്യുഡോയിൽ എന്നിവർ ചേർന്നാണ് ലോകത്തെ ആദ്യത്തെ ബ്ലാക്ക് ബോക്സ് രൂപകൽപന ചെയ്തത്. ടൈപ്പ് HB എന്ന ആദ്യമോഡലിൽ ഫോട്ടോഗ്രാഫുകൾ ശേഖരിക്കുന്ന സാങ്കേതിക വിദ്യയായിരുന്നു ഉപയോഗിച്ചത്. 8മീറ്റർ റോളിങ്ങ് ഫോട്ടോഗ്രാഫിക് ഫിലിമിലേക്ക് റെക്കോർഡ് ചെയ്യപ്പെടേണ്ട കാഴ്ചകളെ പ്രതിഫലിപ്പിക്കുന്ന ഒരു ദർപ്പണമായിരുന്നു ഇതിന്റെ പ്രധാന ഭാഗം. 1970 കൾ വരെ ഈ സംവിധാനം ഫ്രാൻസിൽ പ്രചാരത്തിലിരുന്നു. 1947 ൽ ഇരുവരും ഹുസേനോഗ്രാഫ് എന്ന് പേരിട്ട ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ നിർമിച്ചു വൻതോതിൽ വിൽപ്പനയാരംഭിച്ചു.
വിമാനങ്ങളിൽ മാത്രമല്ല ട്രെയിനുകളിലും ഈ സാങ്കേതിക വിദ്യ പരീക്ഷിക്കപ്പെട്ടു. പരിഷ്കരിക്കപ്പെട്ട നിരവധി പകർപ്പുകൾ വിപണിയിലെത്തിയെങ്കിലും ശബ്ദം രേഖപ്പെടുത്തുന്ന ഉപകരണങ്ങൾ അപ്പോഴും കണ്ടെത്തപ്പെട്ടിരുന്നില്ല.


രണ്ടാംലോക മഹായുദ്ധ കാലത്ത് ലെൻ ഹാരിസൺ, വിക് ഹസ്ബൻഡ് എന്നിവർ ചേർന്ന് അപകടം സംഭവിച്ചാലും എളുപ്പം കേടുപറ്റാത്ത തരത്തിലുള്ള ഡാറ്റാ റെക്കോർഡറുകൾ വികസിപ്പിച്ചെടുത്തു. വിമാനത്തിലെ ഉപകരണങ്ങളുടെ നിയന്ത്രണങ്ങൾ രേഖപ്പെടുത്തുന്നവയായിരുന്നു ഇവ. യുദ്ധകാലത്തു തന്നെ ബ്രിട്ടനും അമേരിക്കയും ശബ്ദം കൂടി രേഖപ്പെടുത്തുന്ന തരത്തിലുള്ള ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറുകൾ നിർമിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയിരുന്നു. പക്ഷെ ഇവ കൊമേർഷ്യൽ വിമാനങ്ങൾക്കു വേണ്ടിയുള്ളവയായിരുന്നില്ല.


1953ൽ ആസ്ട്രേലിയൻ റിസേർച് സയന്റിസ്റ്റ് ഡേവിഡ് വാറൻ കോക് പിറ്റ്‌ സംഭാക്ഷണങ്ങൾക്കൊപ്പം വിമാനത്തിന്റെ നിയന്ത്രങ്ങളെല്ലാം പകർത്തിയെടുക്കുന്ന മെച്ചപ്പെട്ട ബ്ലാക്ക് ബോക്സ് പ്രോട്ടോടൈപ്പ് നിർമിച്ചു.ഫ്ലൈറ്റ് മെമ്മറി യൂണിറ്റ് എന്ന് പേരിട്ട ഈ സംവിധാനം നിരവധി പരിഷ്കാരങ്ങൾക്കു ശേഷം റെഡ് എഗ്ഗ് എന്ന പേരിൽ പ്രചാരം നേടുകയും സിവിൽ വിമാനങ്ങളിൽ ഉപയോഗിക്കപ്പെട്ടു തുടങ്ങുകയും ചെയ്തു.
ബാലാരിഷ്‌ടതകൾ പിന്നിട്ട ആധുനിക ഫ്ലൈറ്റ് റെക്കോർഡറിന്റെ സൃഷ്‌ടാവ് അമേരിക്കൻ എൻജിനീയറായ ജെയിംസ് J റയാൻ ആണ്. ഓറഞ്ചു നിറമുള്ള ഈ ഉപകരണത്തിന് എങ്ങനെ ബ്ലാക്ക് ബോക്സ്‌ എന്ന് പേര് വന്നു?


രണ്ടാം ലോക മഹാ യുദ്ധം നടക്കുമ്പോൾ ബ്രിട്ടീഷ് എൻജിനീയർമാർ റേഡിയോ, റഡാർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വിമാനങ്ങളിൽ കറുത്ത പെയിന്റ് അടിച്ച പെട്ടികളിലാക്കി രഹസ്യമായി സൂക്ഷിച്ചിരുന്നു. ഇവ ബ്ലാക്ക് ബോക്സ്‌ എന്ന് ബ്രിട്ടനിൽ പരക്കെ അറിയപ്പെട്ടു. ഡാറ്റാ സൂക്ഷിക്കുന്ന സംവിധാനമായത് കൊണ്ട് തന്നെ ബ്രിട്ടീഷുകാർ അതെ പേരിൽ തന്നെ ഫ്ലൈറ്റ് റെക്കോർഡറിനെയും വിശേഷിപ്പിച്ചു. എന്നാൽ അപകടത്തിന് ശേഷം കൃത്യമായി കണ്ടെടുക്കപ്പെടേണ്ട ഉപകാരണമായത് കൊണ്ട് കടും ഓറഞ്ചു നിറമാണ് ബ്ലാക്ക് ബോക്സിനു നൽകപ്പെട്ടത്. 4 ഇഞ്ച് വലിപ്പമുള്ള ലിഥിയം അയൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന അണ്ടർ വാട്ടർ ബീക്കൺ ഘടിപ്പിച്ചിരിക്കുന്നതിനാൽ ഇവയിലെ ഇലക്ട്രോണിക് പൾസ് തിരിച്ചറിഞ്ഞു സ്ഥാനം കണ്ടെത്താൻ സഹായിക്കുന്നു. കടലിൽ മുങ്ങിയാലും വെള്ളം കയറി നശിക്കാത്ത വിധമാണ് ഇവയുടെ നിർമാണം

ഒരു ബ്ലാക്ക് ബോക്സിന്റെ വില ഏകദേശം 60 ലക്ഷത്തോളം വരും.ബ്ലാക്ക് ബോക്സിലെ വിവരങ്ങളനുസരിച്ചു അപകടങ്ങളെ വിശകലനം ചെയ്‌യുന്നതിലുപരിയായി അപകട കാരണം കണ്ടെത്തി ഭാവിയിൽ ഉണ്ടായേക്കാവുന്ന പാളിച്ചകളെ തടയുക കൂടിയാണ് ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിന്റെ ഉപയോഗത്തിന് പിന്നിലെ ലക്ഷ്യം.ഭാവിയിൽ അപകടമുണ്ടായാലും മനുഷ്യജീവനുകളുടെ സുരക്ഷ ഉറപ്പാക്കുന്ന സാങ്കേതിക വിദ്യകൾ നമുക്ക് പ്രതീക്ഷിക്കാം.

Read also മൊബൈൽ ഫോണിന്റെ നാൾവഴികൾ… 

ഈ അറിവ് നിങ്ങൾക്ക്‌ പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Vishnu Krishna

Close