ഇന്ത്യൻ ചാരൻ പാകിസ്ഥാൻ മേജർ ആയ കഥ. 


Spread the love

 ഒരു സാധാരണ ഇന്ത്യക്കാരൻ പയ്യൻ പാകിസ്ഥാനി ആയി മാറി ഒടുവിൽ പാകിസ്ഥാൻ ആർമിയിൽ കയറി തന്റെ മാതൃരാജ്യമായ ഭാരതത്തിനു വേണ്ടി ചാരപ്രവൃത്തി നടത്തി. കഥയല്ല മറിച്ചു കാര്യമാണ്. അധികം ആരും അറിയാതെ പോയ ചില സത്യങ്ങൾ. രവീന്ദ്ര കൗഷിക്. അതാണ്‌ നമ്മുടെ ധീരനായ കഥാനായകൻ. 2012 ൽ ബോളിവുഡിൽ ഇറങ്ങിയ ‘ഏക് ധാ ടൈഗർ’ എന്ന സിനിമ രവീന്ദ്ര കൗശിക്കിന്റെ ജീവിതം ആസ്പദമാക്കി ഇറങ്ങിയതാണ്. 

               “ഭാരതത്തിന്റെ ധീര പുത്രൻ” എന്ന് തന്നെ വിശേഷിപ്പിക്കണം കൗഷിക്കിനെ. 1952 ഏപ്രിൽ 11ന് രാജസ്ഥാനിലെ ശ്രീ ഗംഗനഗർ എന്ന സ്ഥലത്ത് ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു രവീന്ദ്ര കൗഷിക്കിന്റെ ജനനം. ചെറുപ്പകാലം മുതൽ തന്നെ അഭിനയത്തിൽ മികച്ച പ്രാവീണ്യം ഉള്ള ആളായിരുന്നു കൗഷിക്. സ്കൂൾ കാലം മുതലേ അദ്ദേഹം നാടകങ്ങളിൽ സജീവമായിരുന്നു. ചെറുപ്പ കാലത്തിൽ കൗഷിക്കിന്റെ അഭിനയമികവ് കണ്ട് പകച്ചു പോയവർ നിരവധി. ഒരുപക്ഷെ ആ മികവ് തന്നെയാണ് ഒരു ഹീനമായ മരണത്തിലേക്ക് കൗഷിക്കിനെ നയിച്ചതെന്നും പറയാം. 

               ഉത്തർ പ്രദേശിലെ ലക്ക്നൗവിൽ വെച്ച് നടത്തിയ നാഷണൽ ലെവൽ ഡ്രമാറ്റിക് മീറ്റിൽ വെച്ച് കൗഷിക്കിന്റെ അഭിനയമികവിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യയുടെ ചാര സംഘടന ആയ R.A.W(Research and Analysing Wing) ലെ കുറച്ചു ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. മറ്റെല്ലാവരെയും പോലെ തന്നെ കൗഷിക്കിന്റെ അഭിനയ മികവിൽ അവരും ആകർഷരായി. അവർ കൗഷിക്കിനെ കണ്ട് ദുഷ്കരമായ ഒരു ജോലിക്കുള്ള ഓഫർ മുന്നോട്ട് വെച്ചു. അയാൾ ഒരു പാകിസ്താനി ആയി മാറുക എന്നതായിരുന്നു അത്. ചുമ്മാ ഒരു പാകിസ്ഥാൻ പൗരൻ അല്ലായിരുന്നു. ഇസ്ലാം മതം പഠിക്കുക, ഉറുദുവും മറ്റു ആയോധന കലകളും അഭ്യസിക്കുക, പാകിസ്ഥാനിൽ പോയി പഠിക്കുക, അവിടുന്നു തന്നെ വിവാഹം ചെയ്യുക, പാകിസ്ഥാൻ സൈന്യത്തിൽ ചേരുക, മാത്രമല്ല സൈന്യത്തിന്റെ സുപ്രധാന രഹസ്യങ്ങൾ രാജ്യത്തിന് ചോർത്തിക്കൊടുക്കുക. ഇതായിരുന്നു കൗഷിക്കിന്റെ ദൗത്യം. ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു ഇന്ത്യൻ ചാരൻ ആയി മാറുക. ഒരു പക്ഷെ പിടിക്കപ്പെട്ടാൽ പാകിസ്ഥാൻ പട്ടാളം ഇഞ്ചിഞ്ചായി കൊല്ലാതെ കൊല്ലും. അത്രയ്ക്ക് റിസ്ക് ഉള്ളതായിരുന്നു ആ കൗമാരക്കാരന് ലഭിച്ച ദൗത്യം. എന്നാൽ ശക്തനായ ഒരു രാജ്യ സ്നേഹി കൂടി ആയിരുന്ന കൗഷിക്കിന് ഒന്നും ആലോചിക്കേണ്ടി വന്നില്ല. ഇനി ഒരു തവണ കൂടി തന്റെ ഭാരത്തിന്റെ മണ്ണിൽ കാലു കുത്താൻ ആകുമോ എന്ന് പോലും ഉറപ്പില്ലാത്ത ദൗത്യം ആ ഇരുപത്തിയൊന്ന്കാരൻ  ഒട്ടും പകയ്ക്കാതെ തന്നെ ഏറ്റെടുത്തു. 

                ആദ്യ രണ്ട് വർഷം ഡൽഹിയിൽ അതി കഠിനമായ പരിശീലനം. ഇതിനിടയിൽ കൗഷിക് ഉറുദുവും, ഇസ്ലാം മതവും പഠിച്ചു. ഒരു പൂർണ ഇസ്ലാം ആയി മാറാൻ വേണ്ടി തന്റെ സുന്നത്ത് കർമവും നടത്തി. എന്തിനധികം ഒരു പാകിസ്ഥാനി ആകാൻ വേണ്ടി പാക് ചരിത്രവും, ഭൂമി ശാസ്ത്രവും ഉൾപ്പടെ പഠിച്ചു ഒരു പക്ഷെ ഒരു പാകിസ്താനിയെക്കാൾ വിദഗ്ദനായി അദ്ദേഹം. അങ്ങനെ എല്ലാ രീതിയിലും തന്റെ ദൗത്യത്തിന് വേണ്ടി ആ ധീര യുവാവ് സധൈര്യം തയ്യാറെടുത്തു. R.A.W ചമച്ചു നൽകിയ പാകിസ്താനി രേഖകളുമായി 1975 ൽ കൗഷിക് പാകിസ്ഥാൻ മണ്ണിലേക്ക് പോയി മാത്രമല്ല ഒരു പുതിയ പേര് കൂടി സ്വീകരിച്ചു. നബി അഹ്മ്മദ് ശാക്കിർ. ഇന്ത്യയിൽ നിന്നും കൗഷിക് എന്ന ഒരാൾ ജീവിച്ചിരിപ്പുണ്ട് എന്ന് സൂചിപ്പിക്കുന്ന സർവ്വ തെളിവുകളും R.A.W തേച്ചു മായ്ച്ചു. അങ്ങനെ പുതിയ വേഷത്തിൽ, പുതിയ ഭാവത്തിൽ കൗഷിക് എന്ന നബി പാകിസ്ഥാൻ മണ്ണിൽ കാലു കുത്തി. 

                 കറാച്ചിയിൽ ആണ് കൗഷിക് എത്തിച്ചേർന്നത്. അവിടുത്തെ കറാച്ചി യൂണിവേഴ്സിറ്റിയിൽ ചേർന്ന് നിയമ ബിരുദവും പഠിച്ചു. മികച്ച രീതിയിൽ തന്റെ പഠിത്തം പൂർത്തിയാക്കിയ കൗഷിക് പാക് ആർമിയിൽ ചേർന്നു. തന്റെ മികവ് മൂലം വളരെ പെട്ടന്ന് തന്നെ സൈന്യത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ കൗഷിക്കിന് കഴിഞ്ഞിരുന്നു. ആർമിയിലെ തന്റെ സേവന മികവ് മൂലം വളരെ പെട്ടന്ന് തന്നെ പാകിസ്ഥാൻ സൈന്യത്തിൽ മേജർ ആയി കൗഷിക്കിന് സ്ഥാനക്കയറ്റം ലഭിച്ചു. കൂടാതെ പാകിസ്ഥാന്റെ പല സുപ്രധാനമായ തീരുമാനങ്ങളും കൗഷിക് ഭാരതത്തിനു നൽകിക്കൊണ്ടും ഇരുന്നു. പാകിസ്താനിലെ സൈനികരുടെ കുപ്പായം തയ്ക്കുന്ന ഒരാളുടെ മകളായ അമാനത് എന്നൊരു യുവതിയെ അദ്ദേഹം വിവാഹം കഴിക്കുകയും, അവർക്ക് ഒരു മകൻ ജനിക്കുകയും ചെയ്തു. 

               1979 മുതൽ 1983 വരെ സൈന്യത്തിൽ ഉണ്ടായിരുന്ന കൗഷിക് ഭാരതത്തിനു ചെയ്ത സേവനങ്ങൾ ചെറുതൊന്നും അല്ല. ഈ സമയത്തെല്ലാം തന്നെ തന്റെ വീട്ടിലേക്ക് രഹസ്യമായി കത്തും അദ്ദേഹം അയച്ചിരുന്നു. രാജസ്ഥാൻ വഴി പാക് സൈന്യം ഇന്ത്യയിൽ നുഴഞ്ഞു കയറാൻ നടത്തിയ പദ്ധതികൾ ഒക്കെ ഇന്ത്യക്ക് തടയാൻ കഴിഞ്ഞത് കൗഷിക് നൽകിയ വിവരങ്ങളിൽ കൂടി ആയിരുന്നു. കൗഷിക്കിന്റെ ഈ പ്രവർത്തനങ്ങൾ ഒക്കെയാണ് മുൻ ഇന്ത്യൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധി അദ്ദേഹത്തിന് “The Black Tiger” എന്ന പേര് നൽകി ആദരിച്ചത്. 

               എന്നാൽ 1983 ഓട് കൂടി കാര്യങ്ങൾ ഒക്കെ തകിടം മറിഞ്ഞു. കൗഷിക്കും ആയുള്ള ചാര പ്രവൃത്തി ഒന്നുകൂടി ശക്തമാക്കാൻ വേണ്ടി ഇന്ത്യ ഇൻയാത് മസീഹ് എന്നൊരു ആളെ കൂടി പാകിസ്ഥാനിലേക്ക് ചാരവൃത്തിയ്ക്ക് അയച്ചു. എന്നാൽ അതൊരു മണ്ടൻ തീരുമാനം ആയിരുന്നു എന്ന് തന്നെ പറയേണ്ടി വരും. ഇയാൾ പാകിസ്ഥാൻ പട്ടാളത്തിന്റെ പിടിയിൽ ആകുകയും, ഇയാൾ മൂലം കൗഷിക്കിനെ പറ്റിയുള്ള വിവരങ്ങൾ അവർക്ക് ലഭിക്കുകയും ചെയ്തു. വൈകാതെ തന്നെ കൗഷിക്കിനെ അവർ പിടികൂടി. സിലിക്കോട്ടിലെ രഹസ്യ താവളത്തിൽ കൊണ്ട് പോയി രണ്ട് വർഷത്തോളം കഠിനമായി ചോദ്യം ചെയ്തു. ധീരനായ അദ്ദേഹം അവരുടെ മുന്നിൽ പിടിച്ചു നിന്നു. അതി ക്രൂരമായ പീഡനങ്ങൾ ആയിരുന്നു അദ്ദേഹത്തിനു അവിടെ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത്. ഉറങ്ങാതിരിക്കുവാൻ വേണ്ടി അദ്ദേഹത്തിന്റെ കൺ പോളകൾ അവർ അറുത്തു മാറ്റി, കാതുകളിൽ ഇരുമ്പ് ദൺട് ചൂടാക്കി കുത്തിയിറക്കി, ശരീരം മുഴുവൻ മുറിവുകൾ ഏൽപ്പിച്ചു. ഒടുവിൽ ചാര പ്രവർത്തനത്തിന് പാകിസ്ഥാൻ കോടതി അദ്ദേഹത്തിനു വധശിക്ഷ വിധിച്ചു. എന്നാൽ പിന്നീട് 1985 ൽ അത് ജീവപര്യന്തം ആയി കുറച്ചു. 

               16 വർഷം പല പല ജയിലുകളിലായി അദ്ദേഹത്തെ മാറ്റി താമസിപ്പിച്ചു. ഇതിനിടയിൽ കൗഷിക് ഏറ്റു വാങ്ങേണ്ടി വന്നത് അതി ക്രൂരമായ പീഡനങ്ങൾ ആയിരുന്നു. ഒടുവിൽ ആസ്മയും, ക്ഷയരോഗവും പിടിപെട്ടു. എന്നാൽ ഈ പീഡനങ്ങളെ എല്ലാത്തിനെയും ഏറെ അദ്ദേഹത്തെ വേദനിപ്പിച്ചത്,  അദ്ദേഹം പിടിക്കപ്പെട്ടു എന്നറിഞ്ഞ ശേഷം R.A.W യുടെ ഭാഗത്തു നിന്നുണ്ടായ നിസ്സംഗമായ മനോഭാവം ആയിരുന്നു. ഇങ്ങനെ ഒരു ചാരൻ ഉണ്ടെന്ന് അവർ സമ്മതിച്ചില്ലെന്ന് മാത്രമല്ല കൗഷിക്കിന് വേണ്ടി ഒരു ചെറിയ സഹായം പോലും അവർ നടത്തിയില്ല എന്നത് വേദനാജനകമാണ്. ഒടുവിൽ 18 വർഷത്തെ ക്രൂര പീഢനങ്ങൾക്ക് ശേഷം 2001 നവംബറിൽ മിയാവാലി സെൻട്രൽ ജയിലിൽ വെച്ച് ക്ഷയ രോഗവും, ഹൃദ്ര്‌രോഗവും മൂർച്ഛിച്ചതിനെ തുടർന്ന് മരണം അദ്ദേഹത്തെ രക്ഷിച്ചു. 

               ഇന്ത്യ ഒരിക്കലും അദ്ദേഹത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ചാര പ്രവർത്തിക്ക് നേരിടേണ്ടി വരുന്ന നിയമ നൂലാമാലകൾ ആയിരുന്നു ഇന്ത്യയെ കൗഷിക്കിനെ രക്ഷപെടുതുന്നതിൽ നിന്നും തടഞ്ഞത്. ഒടുവിൽ അദ്ദേഹത്തിന്റെ അമ്മയ്ക്ക് മാസം 500 രൂപ പെൻഷൻ അനുവദിച്ചു എന്ന സൽകർമ്മം ആയിരുന്നു നമ്മുടെ രാജ്യം ആകെ ചെയ്തത്. ജനിച്ച മണ്ണിനു വേണ്ടി സ്വന്തം മകൻ അന്യനാട്ടിൽ പോയി ജീവൻ ത്യജിച്ചതിനെക്കാൾ ദുഃഖകരമാണ് ഭാരതം അവന്റെ മരണത്തിനു വിലയിട്ട 500 രൂപ എന്ന് കൗശിക്കിന്റെ അമ്മ വിലപിച്ചു. ഒടുവിൽ അവരുടെ മരണം വരെ ആ പെൻഷൻ തുക 2000 രൂപ ആക്കി സർക്കാർ നൽകി. ജയിലിൽ ആയിരുന്ന സമയത്ത് തന്റെ അമ്മയ്ക്ക് അയച്ച ഒരു കത്തിൽ കൗഷിക് ഇങ്ങനെ സൂചിപ്പിച്ചിരിയ്ക്കുന്നു “ഒരു പക്ഷെ ഞാൻ ഒരു അമേരിക്കക്കാരൻ ആയിരുന്നു എങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ മോചിതൻ ആയേനെ”.ഒരു പക്ഷെ അതൊരു വാസ്തവം തന്നെയാണ് എന്ന് പറയേണ്ടി വരും. ജനിച്ച മണ്ണിനു വേണ്ടി അന്യ നാട്ടിൽ കിടന്ന് പട്ടിയെ പോലെ മരിക്കേണ്ടി വന്ന ധീര യുവത്വത്തിന്റെ കഥ. 

Read also :  ചാർളി ചാപ്ലിൻ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close