എന്താണ് ബ്ലോക്ക്‌ ചെയിൻ.


Spread the love

               ബ്ലോക്ക്‌ ചെയിൻ എന്നൊരു വാക്ക് നമുക്ക് എല്ലാവർക്കും സുപരിചിതമാണ്. പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നമ്മുടെ വിവരങ്ങളും, ഡാറ്റകളും, പണമിടപാടുകളും ഒക്കെ ഒക്കെ സൂക്ഷിക്കാവുന്ന ഒന്നാണ് ബ്ലോക്ക്‌ ചെയിൻ. ബ്ലോക്ക്‌ ചെയിനിനെ വേണമെങ്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ‘സുരക്ഷിതവും, ആർക്കും തിരുത്താൻ കഴിയാത്തതും സ്ഥിരമായതും, കാല ക്രമം അനുസരിച്ചുള്ള ഇടാപാടുകളുടെയും ഒരു അക്കൌണ്ട് ബുക്ക്‌’. 

               പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ‘ബ്ലോക്ക്‌ ചെയ്നിനുള്ളിൽ’ നിരവധി ബ്ലോക്കുകൾ കാണും. ഇവയെ ഒരു ചെയിൻ പോലെ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടാവും. ഇനി നമുക്ക് ബ്ലോക്ക്‌ ചെയിനിന്റെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. 1991 ൽ ആണ് ഈ ഒരു ആശയം ആദ്യമായി മുന്നോട്ട്  വന്നത്. എന്നാൽ അന്ന് ഇത് അത്ര വിജയകരം ആയിരുന്നില്ല. എന്നാൽ 2008-2009 കാലഘട്ടത്തിൽ ബിറ്റ് കോയിൻ എന്ന ക്രിപ്റ്റോ കറൺസി കടന്ന് വന്നത് മുതലാണ് ബ്ലോക്ക്‌ ചെയിൻ എന്ന ആശയം വീണ്ടും ഉയർന്നു വന്നത്. 

              ബ്ലോക്ക്‌ ചെയിൻ എന്ന പേര് പോലെ തന്നെ ഇത് ഓരോ ബ്ലോക്കുകൾ ആയി തന്നെ ആണ് കാണപ്പെടുന്നത്. ഇതിൽ പ്രധാനമായും 3 കാര്യങ്ങളാണ് സേവ് ചെയ്ത് (സംരക്ഷിച്ചു) വച്ചിരിക്കുന്നത്. ആദ്യത്തേത് ‘ഡാറ്റ’, രണ്ടാമത്തേത് ‘ഹാഷ്’, മൂന്നാമത്തേത് ‘മുൻ ബ്ലോക്കിന്റെ ഹാഷ് മൂല്യം’(പ്രീവിയസ് ഹാഷ് വാല്യൂ). ഓരോ ബ്ലോക്ക്‌ ചെയിൻ അനുസരിച്ചു അതിൽ സംരക്ഷിച്ചു വച്ചിരിക്കുന്ന ‘ഡാറ്റ’ മാറും. ഉദാഹരണത്തിന്, ‘ബിറ്റ് കോയിൻ ബ്ലോക്ക്‌ ചെയിൻ’ ആണെങ്കിൽ അതിൽ സേവ് ചെയ്തിരിക്കുന്ന ഡാറ്റകൾ ആ ബിറ്റ് കോയിൻ ഇടപാടുകളുടെ വിവരങ്ങൾ ആയിരിക്കും. ആ ബിറ്റ് കോയിൻ അയച്ചത് ആരാണ്, ആരാണ് സ്വീകരിച്ചത്, എത്ര ബിറ്റ് കോയിൻ കൈമാറ്റം ചെയ്തു മുതലായ വിവരങ്ങളാണ് ഇതിൽ അടങ്ങിയിട്ടുണ്ടാകുക. മറ്റ് ബ്ലോക്ക്‌ ചെയിനുകളിൽ അതിനനുസരിച്ചുള്ള  ഡാറ്റകൾ ആയിരിക്കിക്കും സംരക്ഷിക്കുന്നത്. ഉദാഹരണത്തിന് ‘ഭൂമിപരമായ റെക്കോർഡ്’ (ഭൂമി ആരുടെ പേരിലാണ്, മുൻപ് ആരുടെ പേരിൽ ആയിരുന്നു മുതലായ വിവരങ്ങൾ), അല്ലെങ്കിൽ അത് പോലെ മറ്റെന്തെങ്കിലും. 

               ‘ഹാഷ്’ എന്നതിനെ ഒരു ബ്ലോക്കിന്റെ വിരലടയാളം ആയി വിശേഷിപ്പിക്കാം. ഓരോ ബ്ലോക്കിനും അതിന്റേതായ ‘ഹാഷ് മൂല്യം’ ഉണ്ടാവാറുണ്ട്. അതിൽ സംരക്ഷിച്ചു വച്ചിരിക്കുന്ന ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് ‘ഹാഷ് മൂല്യം’ വരുന്നത്. ഓരോ ബ്ലോക്കിനും വ്യത്യസ്ത ഹാഷ് മൂല്യം ആയതിനാൽ ഇവ ഓരോന്നും മനസ്സിലാക്കുവാനും, തിരഞ്ഞെടുക്കുവാനും സാധിക്കുന്നതാണ്. അനേകം ‘ക്രിപ്റ്റോ കറൺസി പസിലുകൾ’ സോൾവ് ചെയ്താണ് ഹാഷ് മൂല്യം കണ്ടെത്തുന്നത്. 

               മൂന്നാമത്തെ ഘടകമാണ് ‘പ്രീവിയസ് ഹാഷ് വാല്യൂ’. ഇത് ബ്ലോക്ക്‌ ചെയിനുകളെ തമ്മിൽ ബന്ധിപ്പിക്കുവാൻ സഹായിക്കുന്നു. മൂന്നാം ബ്ലോക്കിൽ രണ്ടാം ബ്ലോക്കിന്റെ മൂല്യം സംരക്ഷിക്കുന്നു. അത് പോലെ തന്നെ നാലാം ബ്ലോക്കിൽ മൂന്നാമത്തിന്റെയും. അത് കൊണ്ട് തന്നെ ഇവയെ ഒരു ചെയിൻ പോലെ ബന്ധിപ്പിക്കുവാൻ സാധിക്കുന്നു. ആദ്യത്തെ ബ്ലോക്കിന്റെ ‘പ്രീവിയസ് ഹാഷ് മൂല്യം’ പൂജ്യം ആയിരിക്കും(0000). ഇത് മൂന്നും ആണ് ഒരു ബ്ലോക്ക് ചെയിനിന്റെ പ്രധാന ഘടകം.

               ഇനി ഇതിൽ എങ്ങനെ ആണ് വിവരങ്ങൾ സുരക്ഷിതമാകുന്നത് എന്ന് നോക്കാം. ബ്ലോക്കിൽ ഏതെങ്കിലും വിവരങ്ങൾക്കു മാറ്റം വരുകയാണെങ്കിൽ അതിന്റെ ഹാഷ് മൂല്യത്തിനും മാറ്റം വരുന്നതാണ്. ബ്ലോക്കിൽ ഒരു വിവരം(ഡാറ്റ) ചേർക്കുകയാണെങ്കിൽ പിന്നീട് അതിനു മാറ്റം വരുത്തുവാൻ ബുദ്ധിമുട്ടാണ്. എന്തെന്നാൽ ഇത് മൂലം ‘ഹാഷ് വാല്യൂ’ ന് മാറ്റം സംഭവിക്കുന്നതിനാൽ അത് തൊട്ടു അടുത്തുള്ള ബ്ലോക്കുകളുടെ ബന്ധത്തെ ബാധിക്കും. എല്ലാ ബ്ലോക്കുകളുടെയും ‘ബ്ലോക്ക്‌ മൂല്യം’ ആണ് അതിന്റെ പ്രഥമ തല സുരക്ഷ. ഓരോ ഹാഷ് മൂല്യവും കണ്ടെത്തുവാൻ വേണ്ടി ‘ക്രിപ്റ്റോ കറൺസി ബിറ്റുകൾ’ സോൾവ് ചെയ്യണം. ഓരോ ബ്ലോക്കും സോൾവ് ചെയ്യുന്നതിനായി 10 മിനിറ്റോളം സമയം എടുക്കുന്നതാണ്. ഇതാണ് രണ്ടാം തലത്തിലുള്ള സുരക്ഷ ആയ “പ്രൂഫ് ഓഫ് വർക്ക്‌” എന്ന് പറയുന്നത്.

               നമ്മൾ സാധാരണയായി ഒരു പണമിടപാട് നടത്തുമ്പോൾ മൂന്നാമത് ഒരു വിശ്വസ്ത സ്ഥാപനം ആയി ബാങ്ക് ഉണ്ടാവാറുണ്ട്. ബാങ്കിലൂടെ മാത്രമേ നമുക്ക് ഇടപാടുകൾ നടത്തുവാൻ കഴിയുകയുള്ളു. നമ്മൾ ഇടപാടുകൾ നടത്തുമ്പോൾ അത് സാധു ആണോ അസാധു ആണോ എന്ന് പരിശോധിക്കുന്നത് ബാങ്കുകൾ ആണ്. ആ ഇടപാട് സാധു ആണെന്ന് ബാങ്ക് അംഗീകരിച്ചാൽ മാത്രമേ ഇടപാടുകൾ നടത്തുവാൻ സാധിക്കുകയുള്ളു. എന്നാൽ ബ്ലോക്ക് ചെയിനിന്റെ കാര്യത്തിൽ ആണെങ്കിൽ, അതേ ശൃംഗലയിലെ മറ്റ് അംഗങ്ങളായിരിക്കും അത് സാധുവാണോ, അസാധുവാണോ എന്ന് പരിശോധിക്കുന്നത്. അതിലൂടെ ഒരു ‘നെറ്റ് വർക്കിലെ’ എല്ലാ അംഗങ്ങൾക്കും തുല്യ പ്രാധാന്യം ലഭിക്കുന്നതാണ്. ഇവിടെ ബാങ്കുകൾ പോലുള്ള പ്രധാന വിശ്വാസ്യ ഏജൻസികൾ ഒന്നും തന്നെ ഇല്ല. ‘പിയർ റ്റു പിയർ’ നെറ്റ്‌വർക്ക് ആണ് ബ്ലോക്ക് ചെയിൻ ടെക്നോളജിയിൽ ഉപയോഗിക്കുന്നത്. ഇതിലെ എല്ലാ വ്യക്തികളും ‘പിയർ റ്റു പിയർ’ നെറ്റ് വർക്ക് വഴി ബന്ധപ്പെട്ടിട്ടുണ്ടായിരിക്കും. ബ്ലോക്ക്‌ ചെയിനുകൾ എപ്പോഴും ഓപ്പൺ ആയിരിക്കും. അതിനാൽ ബ്ലോക്ക്‌ ചെയിൻ ടെക്നോളജിയിലെ എല്ലാ ഡാറ്റകളും എല്ലാവർക്കും ഓപ്പൺ ആയിരിക്കും. അതിനാൽ തന്നെ ഈ ഒരു നെറ്റ് വർക്കിലേക്ക്  പുതിയൊരു അംഗത്തെ ഉൾപ്പെടുത്തുമ്പോൾ ഇത് വരെ ചെയ്തിരുന്ന എല്ലാ ഇടപാടുകളുടെയും വിവരങ്ങൾ അയാൾക്കും ലഭ്യമാകുന്നതാണ്.  

               നിങ്ങൾക്ക് ഏതെങ്കിലും ബ്ലോക്കിലെ ഡാറ്റയ്ക്ക് മാറ്റം വരുത്തണം എന്നുണ്ടെങ്കിൽ, നിങ്ങളുടെ ബ്ലോക്ക് ചെയിനിനുള്ളിൽ മാത്രം മാറ്റം വരുത്തിയാൽ മതിയാകില്ല. കാരണം അതിന്റെ പകർപ്പുകൾ (കോപ്പികൾ) എല്ലാവരുടെയും കയ്യിൽ കാണുന്നതാണ്. അതിനാൽ അംഗങ്ങൾ എല്ലാവരെയും സമീപിച്ചു, അവരുടെ കയ്യിലുള്ള നിങ്ങളുടെ കോപ്പികളിൽ മാറ്റം വരുത്തേണ്ടതാണ്. ഈ പ്രക്രിയ വളരെ ബുദ്ധിമുട്ടുള്ളതായതിനാൽ ബ്ലോക്ക്‌ ചെയിൻ കൂടുതൽ സുരക്ഷിതമാകുന്നു. അങ്ങനെ  നിങ്ങളുടെ അനുവാദം കൂടാതെ നിങ്ങളുടെ ബ്ലോക്ക് ചെയിനിൽ മാറ്റം വരുത്തുവാൻ മറ്റാർക്കും സാധിക്കാത്തതിനാൽ നിങ്ങളുടെ ഡാറ്റ(വിവരങ്ങൾ) സുരക്ഷിതം ആയി തന്നെ ബ്ലോക്ക് ചെയിനിൽ നില കൊള്ളുന്നതാണ്. 

               ബ്ലോക്ക് ചെയിനിന്റെ പ്രധാന അപ്ലിക്കേഷനുകളിൽ ഒന്നാണ് ‘സ്മാർട്ട്‌ കോൺട്രാക്ട്’. ഇത് ലളിതമായ ഒരു പ്രോഗ്രാം ആണ്. ഓരോ ബ്ലോക്കുകളിലും ഇത് സേവ് ചെയ്തു( സംരക്ഷിച്ചു) വച്ചിട്ടുണ്ടാകും. ആ പ്രോഗ്രാം അനുസരിച്ചു ഇടപാടുകളിൽ സ്വയമേ തന്നെ(ഓട്ടോമാറ്റിക് ആയി) ബിറ്റ് കോയിനുകൾ കൈമാറ്റം ചെയ്യപ്പെടുന്നു. എത്ര കോയിനുകൾ ആണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്നും, ആരാണ് കൈമാറ്റം ചെയ്യുന്നത് എന്നും ഡാറ്റ രൂപത്തിൽ സുരക്ഷിതമായി രേഖപ്പെടുത്തുകയും ചെയ്യുന്നു. 

                ബ്ലോക്ക് ചെയിൻ എന്നത് പുത്തൻ സാങ്കേതിക വിദ്യകളുടെയും, ക്രിപ്റ്റോ കറൺസികളുടെയും സഹായത്തോടെ മാത്രം ചെയ്യുവാൻ കഴിയുന്ന ഇടപാടുകളാണ്. അതോടൊപ്പം തന്നെ നിങ്ങളുടെ ഡാറ്റകൾ അതി സുരക്ഷിതമായി സംരക്ഷിക്കുവാനും സാധിക്കുന്നു. ഒരു പക്ഷെ വരും കാലത്ത് ബാങ്കുകൾ എല്ലാം മൺ മറഞ്ഞു പോയി ബ്ലോക്ക് ചെയിനുകളുടെ ഒരു വിപ്ലവം തന്നെ സാധ്യമായേക്കാം. ഈ രംഗത്ത് വലിയ രീതിയിലുള്ള പഠനങ്ങൾ ഇന്ന് ലോകത്ത് അങ്ങോളമിങ്ങോളം നടന്നു വരുന്നുണ്ട്. 

Read also: ബിറ്റ്കോയിൻ അറിയേണ്ടതെല്ലാം …  

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

         

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close