
ഭക്ഷണവും, വെള്ളവും മറന്ന് പബ്ജി കളിയിൽ ദിവസങ്ങളോളം അമിതമായി മുഴുകിയിരുന്ന കൗമാരക്കാരൻ മരണമടഞ്ഞു. ആന്ധ്രയിലെ ജേജുലകുണ്ഡ ഗ്രാമത്തിലെ പതിനാറുകാരനാണ് ഈ ദുരവസ്ഥയ്ക്ക് ഇരയായത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത് മൂലം കുട്ടി ഓൺലൈൻ ഗെയിമുകൾ കളിച്ചുകൊണ്ട് ആയിരുന്നു സമയം ചെലവഴിച്ചിരുന്നത്. എന്നാൽ വെറുമൊരു വിനോദം എന്നതിലുപരി കുട്ടി ഇതിന് അടിമപ്പെടുകയായിരുന്നു. പബ്ജിയിൽ നിയന്ത്രിക്കുവാൻ കഴിയാത്ത വിധം അടിമപ്പെട്ട കുട്ടി ദിവസങ്ങളോളം ആഹാരവും, വെള്ളവും ഉപേക്ഷിച്ചുകൊണ്ടാണ് ഇതിൽ മുഴുകിയിരുന്നത്. ഇത് മൂലം കുട്ടിയുടെ ശരീരത്തിൽ ഡീഹൈഡ്രേഷൻ ഉണ്ടാകുകയും, തുടർന്ന് ബോധ രഹിതനായി തളർന്നു വീഴുകയുമായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഡയേറിയ പിടി പെട്ട് കുട്ടിയുടെ സ്ഥിതി കൂടുതൽ സങ്കീർണമാകുകയും, ഇതേ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ചികിത്സയിലിരിക്കെ മരണമടയുകയും ആണ് ഉണ്ടായത്.
കഴിഞ്ഞ ജനുവരിയിലും സമാനമായ സംഭവം ഇന്ത്യയിൽ ഉണ്ടായിരുന്നു. പൂനെ സ്വദേശിയായ 25 കാരൻ ആയിരുന്നു അന്നത്തെ ഇര. സമാന രീതിയിൽ തന്നെ ദിവസങ്ങളോളം പബ്ജി കളിയിൽ മുഴുകി ഇരുന്ന ഹർഷൻ മെമാൻ എന്ന യുവാവിന് പൊടുന്നനെ കൈ കാലുകൾ ചലിപ്പിക്കുവാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും, ഇതേ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ ബ്രെയിൻ സ്ട്രോക് സ്ഥിതീകരിക്കുകയും, ശേഷം ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തിരുന്നു. പരിശോധനയിൽ ഇയാൾക്ക് ഇൻട്രാ സെറിബ്രൽ രക്തസ്രാവം സ്ഥിതീകരിച്ചിരുന്നു.
ഏറെക്കുറെ സമാനമായ സംഭവം രണ്ട് മാസം മുൻപ് രാജസ്ഥാനിലെ കോട്ടയിലും സംഭവിച്ചിരുന്നു. പുലർച്ചെ 3 മണി വരെ പബ്ജി കളിച്ചുകൊണ്ടിരുന്ന 14 കാരൻ അന്ന് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർച്ചയായി മൂന്ന് ദിവസം ഈ കുട്ടി പബ്ജി കളിയിൽ തന്നെ മുഴുകിയിരിക്കുകയായിരിന്നു എന്ന് മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. കുട്ടിയുടെ ആത്മഹത്യയുടെ പിന്നിൽ ഏതെങ്കിലും തരത്തിൽ ഈ ഗേമിന് പങ്ക് ഉണ്ടോ എന്നത് സംശയാസ്പദമാണ്.
പബ്ജി കളിക്കുവാനായി പുതിയ സ്മാർട്ട് ഫോൺ വാങ്ങി കൊടുത്താതിരുന്നത് മൂലം മുൻപ് മുംബൈയിലും ഒരു കുട്ടി ആത്മഹത്യ ചെയ്ത സമാന സംഭവം ഉണ്ടായിരുന്നു. മരണത്തിലേക്ക് നയിക്കുക മാത്രമല്ല കുടുംബ ബന്ധങ്ങളും ഈ ഗെയിമിംഗ് ആസക്തിയിലൂടെ തകരുന്നു. ഗുജറാത്തിലെ 19 കാരിയായ വീട്ടമ്മ തന്റെ പബ്ജി പങ്കാളിയെ വിവാഹം കഴിക്കുവാൻ വേണ്ടി ഭർത്താവുമായി വിവാഹ മോചനം വരെ ആവശ്യപ്പെട്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.
പബ്ജി എന്നത് തെക്ക് കൊറിയൻ കമ്പനിയുടെ ഒരു ഓൺലൈൻ ഗെയിം ആണ്. എന്നാൽ ഇന്ന് ഇതിന് അടിമപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിൽ അടിമപ്പെടുന്നവരുടെ സ്വഭാവത്തിലും മാറ്റങ്ങൾ പ്രകടമാകുന്നു എന്ന് വിദഗ്ധരുടെ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ജൂലൈ മാസത്തിൽ പാകിസ്ഥാനിൽ പബ്ജി താൽക്കാലികമായി നിരോധിച്ചിരുന്നു. സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നും ലഭിച്ച പരാതികളെ അടിസ്ഥാനമാക്കി ആയിരുന്നു പബ്ജിയുടെ നിരോധനം. കളിക്കാരന്റെ ആരോഗ്യത്തെ ബാധിക്കുന്നതിനാലും, ആത്മഹത്യയും, മറ്റ് കുറ്റ കൃത്യങ്ങളിലേക്ക് നയിക്കുന്നതുമാണ് പാകിസ്ഥാൻ പബ്ജിക്ക് എതിരെ മുന്നോട്ട് നിരത്തിയ വാദങ്ങൾ. ഗെയിമിനെ വെറുമൊരു വിനോദം മാത്രമായി കാണുകയാണെങ്കിൽ അത് മാനസിക ഉല്ലാസത്തിനു ഉതകുന്നതാണ്. എന്നാൽ ആ ഒരു ധാരണ വിട്ട് അതിൽ അമിതമായി അടിമപ്പെട്ട് പോകുമ്പോഴാണ് പ്രശ്നം. ഒരിക്കലും ഈ ഒരു കാര്യത്തിൽ നമ്മളെ നിയന്ത്രിക്കുവാൻ നമുക്ക് അല്ലാതെ വേറെ ആർക്കും കഴിയുകയില്ല എന്ന ഒരു ബോധത്തോടു കൂടി മാത്രം ഈ വക ഗെയിമുകൾ സമീപിക്കുന്നതായിരിക്കും എപ്പോഴും നല്ലത്.
Read also: ചാരനിൽ നിന്നും റഷ്യൻ പ്രസിഡന്റിലേക്ക് : വ്ലാദിമിർ പുടിൻ
ബോംബെയിൽ വളർന്ന “ആഗോള ഭീകരൻ” .
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2