
സ്വപ്നത്തിലെങ്കിലും ആഡംബര വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക വാഹന പ്രേമികളും. അത്തരത്തിലുള്ളവരുടെ മുൻപിലെ പ്രധാന വില്ലൻ സാമ്പത്തികം തന്നെയാണ്. അതേസമയം സാമ്പത്തികം ഒരു തടസ്സമല്ലാതെ ആഗ്രഹപ്രകാരമുള്ള വില കൂടിയ ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്ന വാഹനപ്രേമികളും കുറവല്ല. അത്തരത്തിൽ കരുത്തും, സ്റ്റൈലും, സാങ്കേതികത്തികവും, ആഡംബരത്വവും സന്നിവേശിപ്പിച്ച ലോകത്തിലെ തന്നെ വിലപിടിപ്പുള്ള ആഡംബര വാഹനമാണ് ബുഗാട്ടി ഓട്ടോമൊബൈൽസ് എസ് എ എസ് എന്ന ഫ്രഞ്ച് വാഹന നിർമാണ കമ്പനി, 2019-ലെ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ അവതരിപ്പിച്ച ബുഗാട്ടി ലാ വോയിറ്റർ നോയർ എന്ന സൂപ്പർ കാർ.
അത്യാകർഷകമായ പ്രത്യേകതകളോടെ തങ്ങളുടെ നൂറ്റിപ്പത്താമത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ബുഗാട്ടി ലാ വോയിറ്റർ നോയറിനെ കമ്പനി അവതരിപ്പിച്ചത്. മറ്റൊരു കൗതുകകരമായ വസ്തുത എന്ന് പറയുന്നത് ഇത്തരത്തിൽ ഒരേയൊരു മോഡൽ വാഹനം മാത്രമാണ് ബുഗാട്ടി കമ്പനി നിർമിച്ചിരിക്കുന്നത്. 1936നും 1938നുമിടയിൽ ബുഗാട്ടി നിർമിച്ച സ്പെഷ്യൽ കാറായ ടൈപ്പ് 57 SC അറ്റ്ലാന്റിക്ക എന്ന അത്യാഢംബര വാഹനത്തിനെ ഓർമപ്പെടുത്തുന്ന തരത്തിലാണ് ബുഗാട്ടി ലാ വോയിറ്റർ നോയറിനെ കമ്പനി അണിയിച്ചൊരുക്കിയത്. ടൈപ്പ് 57 SC അറ്റ്ലാന്റിക്ക എന്ന ബുഗാട്ടിയുടെ സ്പെഷ്യൽ വാഹനത്തിലെ നാല് മോഡലുകൾ മാത്രമായിരുന്നു അന്ന് നിർമിച്ചിരുന്നത് എന്നത് ടൈപ്പ് 57 SC അറ്റ്ലാന്റിക്കയുടെ പ്രത്യേകതയെ വ്യക്തമാക്കുന്നു.
ബുഗാട്ടി ഓട്ടോമൊബൈൽസ് എസ് എ എസിന്റെ ദി ബ്ലാക്ക് കാർ എന്നറിയപ്പെടുന്ന ബുഗാട്ടി ലാ വോയിറ്റർ നോയർ എന്ന സ്പെഷ്യൽ എഡിഷൻ കാർ ഹോളിവുഡ് സൂപ്പർ ഹീറോ സിനിമകളിലെ വാഹനങ്ങളെ അനുസ്മരിപ്പിക്കും വിധം അതി ഗംഭീരമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗ്ലോസ് ബ്ലാക്ക് കാർബൺ ഫൈബർ ഉപയോഗിച്ച് ഡിസൈൻ ചെയ്തിരിക്കുകയാണ് ബുഗാട്ടി ലാ വോയിറ്റർ നോയറിന്റെ പുറം ഭാഗങ്ങൾ. മനോഹരമായ ഹോഴ്സ് ഷൂ ടൈപ്പിലെ ഗ്രില്ലും, പുറകോട്ട് ചരിച്ച് ഡിസൈൻ ചെയ്തിരിക്കുന്ന LED ഹെഡ് ലാംബും, വശങ്ങളിലെ ‘C’ മോഡൽ ഡിസൈനും, വാഹനത്തിന്റെ മുകളിലൂടെയുള്ള സ്പ്ലിറ്റ് ലൈനും, പുറകിലുടനീളം ഘടന ചെയ്തിരിക്കുന്ന ബ്രേക്ക് ലൈറ്റും, സ്റ്റൈലിഷായുള്ള ആറ് ടൈൽ പൈപ്പും കൂടി ചേരുമ്പോൾ വാഹനത്തിന്റെ ആകർഷണീയത വാക്കുകൾക്കതീതമാകുന്നു. വളരെ കൃത്യതയോടെ തന്നെ ഓരോ വാഹന ഭാഗങ്ങളും ഡിസൈൻ ചെയ്തിരിക്കുന്ന ബുഗാട്ടി ലാ വോയിറ്റർ നോയറിന്റെ അലോയ് വീലുകളിൽ പോലും ആ ഒരു കൃത്യത പ്രകടമാകുന്നു. വാഹനത്തിന്റെ സാങ്കേതികവശങ്ങളിൽ പ്രധാനം അവയുടെ 1500 hp കരുത്തിൽ കുതിയ്ക്കാൻ കഴിയുന്ന ക്വാഡ് – ടർബോ W16 8.0 – ലിറ്റർ എൻജിനാണ്. ഇത്തരം എൻജിന്റെ കരുത്തിൽ 420 km/h പരമാവധി വേഗത കൈവരിക്കാനും ഈ സൂപ്പർ കാറിന് കഴിയുന്നു.
ബുഗാട്ടി ലാ വോയിറ്റർ നോയറിന്റെ ഒരേയൊരു മോഡൽ മാത്രമാണ് നിർമ്മിക്കപ്പെട്ടത് എന്ന വർത്തയ്ക്കൊപ്പം പ്രചരിച്ച മറ്റൊരു വാർത്തയായിരുന്നു ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാന റൊണാൾഡോ ഈ ലിമിറ്റഡ് എഡിഷൻ സൂപ്പർ കാർ സ്വന്തമാക്കിയെന്നുള്ളത്. എന്നാൽ അത്തരത്തിലൊരു വാർത്ത അടിസ്ഥാന രഹിതമാണെന്ന് റൊണാൾഡോയുടെ ഭാഗത്ത് നിന്ന് അറിയിപ്പ് ലഭിച്ചതോടെ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ അവതരിപ്പിക്കും മുൻപ് 132 കോടി രൂപയോളം വരുന്ന ബുഗാട്ടി ലാ വോയിറ്റർ നോയർ എന്ന സൂപ്പർ കാറിനെ ആരാണ് സ്വന്തമാക്കിയത് എന്നുള്ള അന്വേഷണത്തിലാണ് വാഹന ലോകം. അതേ വാഹനലോകം ബുഗാട്ടി ലാ വോയിറ്റർ നോയർ അവതരിപ്പിക്കപ്പെട്ടപ്പോൾ മാത്രമല്ല ബുഗാട്ടി ഓട്ടോമൊബൈൽസ് കമ്പനിയിൽ നിന്നും പിറവി കൊണ്ട വാഹനങ്ങളെ പിന്തുടരുന്നത്. ബുഗാട്ടി അവതരിപ്പിച്ച ആഡംബര സൂപ്പർ കാറുകളായ വെയ്റോൺ, ചിറോൺ, ദിവോ തുടങ്ങിയ വാഹനങ്ങളെയും വാഹനലോകം കൗതുകത്തോടെ പിന്തുടരുന്നു.
Read also: റോൾസ് റോയ്സ് കള്ളിനൻ
വാഹനങ്ങളെകുറിച്ചുള്ള അപ്ഡേറ്റുകൾ ലഭിക്കുവാനായി ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ ചേരുക. അതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യു Motor Mechanics