റെസ്റ്റോറന്റ് സ്റ്റൈൽ ബട്ടർ ചിക്കൻ ഇനി എളുപ്പത്തിൽ വീട്ടിലും തയ്യാറാക്കാം.


Spread the love

നമ്മൾ പലരും റെസ്റ്റോറന്റുകളിൽ പോകുമ്പോൾ ഓർഡർ ചെയ്യുന്ന ചിക്കൻ വിഭവങ്ങളിൽ മുൻ പന്തിയിൽ ആണ് ബട്ടർ ചിക്കൻ. വെറൈറ്റി ആയ മസാലയും, മറ്റുള്ള ചിക്കൻ വിഭവങ്ങളിൽ നിന്നുള്ള വ്യത്യസ്ത രുചിയും, ബട്ടർ ചിക്കൻ ഏവർക്കും കൂടുതൽ പ്രിയങ്കരം ആക്കുന്നു. റെസ്റ്റോറന്റുകളിൽ നമ്മൾ കഴിക്കുന്ന അതെ രുചിയോടെ തന്നെ ബട്ടർ ചിക്കൻ അനായാസം വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ.

ചിക്കൻ: 300 ഗ്രാം
മുളക് പൊടി: 2 ടേബിൾ സ്പൂൺ
ഇഞ്ചി: 1 ചെറിയ കഷ്ണം പേസ്റ്റ്
വെളുത്തുള്ളി: 8 അല്ലി പേസ്റ്റ്
കോൺ ഫ്ലവർ: ½ ടേബിൾ സ്പൂൺ
സവാള: 3 എണ്ണം
തക്കാളി: 3 എണ്ണം
ബട്ടർ: 2 ടേബിൾ സ്പൂൺ
ഫ്രഷ് ക്രീം: 1 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്: 10 എണ്ണം
ഗരം മസാല: 1 tsp
ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

ആദ്യമായി ചിക്കൻ നല്ല വൃത്തി ആയി കഴുകി എടുക്കുക. ബട്ടർ ചിക്കൻ തയ്യാറാക്കുവാനായി സാധാരണ എല്ല് ഇല്ലാത്ത കഷ്ണങ്ങൾ ആണ് എടുക്കുന്നത്. വീടുകളിൽ തയ്യാറാക്കുവാൻ ആണ് എങ്കിൽ എല്ല് ഉള്ള കഷ്ണങ്ങൾ ഉപയോഗിക്കാവുന്നതാണ്. കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് 1 ടേബിൾ സ്പൂൺ മുളക് പൊടി, ½ ടേബിൾ സ്പൂൺ കോൺ ഫ്ലവർ, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത്, കൈ കൊണ്ട് നല്ലത് പോലെ കുഴച്ചു യോജിപ്പിക്കുക. ശേഷം അര മണിക്കൂർ നേരത്തേക്ക് മസാല ചിക്കനിൽ പിടിച്ചു വരുവാൻ വേണ്ടി മാറ്റി വെയ്ക്കുക.

അര മണിക്കൂറിനു ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായതിന് ശേഷം ചിക്കൻ വറുത്ത് എടുക്കുവാൻ ആവശ്യമായ എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിന് ശേഷം ചിക്കൻ എണ്ണയിലേക്ക് ഇട്ട് മുക്കാൽ വേവിൽ വറുത്തു എടുക്കുക.

ചിക്കൻ വറുത്ത പാനിലേക്ക് തന്നെ, അധികം വന്ന എണ്ണയിൽ അരിഞ്ഞു വച്ചിരിക്കുക സവാള ചേർക്കുക(എണ്ണ അധികം ഉണ്ട് എങ്കിൽ കുറച്ച് എണ്ണ പാനിൽ നിന്നും മാറ്റാവുന്നതാണ്). ശേഷം ഇതിലേക്ക് 1 ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. സവാള വാടി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി, അതിനോടൊപ്പം 10 അണ്ടിപ്പരിപ്പ് കൂടി ചേർത്ത് കൊടുക്കുക. ¼ കപ്പ്‌ വെള്ളം കൂടി ചേർത്ത് ഇവയെല്ലാം ഇളക്കി യോജിപ്പിച്ചതിന് ശേഷം, 1 ടേബിൾ സ്പൂൺ മുളക് പൊടി, 1 tsp ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, 1 tsp ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് 15 മിനുട്ട് നേരത്തേക്ക് നല്ലത് പോലെ അടച്ചു വെച്ച് വേവിച്ചു എടുക്കുക. ശേഷം തീ ഓഫ്‌ ചെയ്യുക.

അടുത്തതായി വെന്ത മസാല കൂട്ട് അല്പം തണുത്തതിന് ശേഷം മിക്സി ഉപയോഗിച്ച് അടിച്ചെടുക്കുക. വളരെ നന്നായി പേസ്റ്റ് രൂപത്തിൽ തന്നെ മിക്സി ഉപയോഗിച്ച് അടിച്ചെടുക്കേണ്ടതാണ്. അതിന് ശേഷം ഈ മിശ്രിതം ഒരു അരിപ്പ ഉപയോഗിച്ചു നല്ലത് പോലെ അരിച്ചു എടുക്കുക.

അടുത്തതായി ഒരു പാൻ അടുപ്പിൽ വെച്ച്, അരിച്ചു വെച്ചിരിക്കുന്ന മസാല കൂട്ട് അതിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം ഈ കൂട്ടിലേക്ക് 1 ടേബിൾ സ്പൂൺ ബട്ടർ, 1 ടേബിൾ സ്പൂൺ ഫ്രഷ് ക്രീം എന്നിവ ചേർത്ത് നല്ലത് പോലെ ഇളക്കി യോജിപ്പിക്കുക. അതിന് ശേഷം വറുത്തു വെച്ചിരിക്കുന്ന ചിക്കൻ കൂടി ഈ കൂട്ടിലേക്ക് ചേർത്ത് കൊടുക്കുക. 10 മിനുട്ട് നേരത്തേക്ക് കുറഞ്ഞ തീയിൽ വെച്ച് വേവിച്ചതിന് ശേഷം, തീ ഓഫ്‌ ചെയ്യാവുന്നതാണ്. നല്ല റെസ്റ്റോറന്റ് സ്റ്റൈൽ ബട്ടർ ചിക്കൻ തയ്യാർ.

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttp://bit.ly/3qKLVbK

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close