കേരള കര്‍ഷകക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭാതീരുമാനം


Spread the love

തിരുവനന്തപുരം: കര്‍ഷകര്‍ക്കായി കേരളത്തില്‍ ഡോ. പി. രാജേന്ദ്രന്‍ അധ്യക്ഷനായി കേരള കര്‍ഷകക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭാതീരുമാനം. ക്ഷേമനിധിയില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം അംശാദായമടയ്ക്കുന്ന കര്‍ഷകന് 5,000 രൂപയില്‍ കുറയാതെ പെന്‍ഷന്‍ ലഭിക്കും. ക്ഷേമനിധി അംഗത്വത്തിനു 100 രൂപയാണു രജിസ്‌ട്രേഷന്‍ ഫീസ്. പ്രതിമാസം കുറഞ്ഞത് 100 രൂപ അംശാദായമടയ്ക്കണം. ആറുമാസത്തേക്കോ ഒരുവര്‍ഷത്തേക്കോ ഒരുമിച്ചും അടയ്ക്കാം. അംഗങ്ങള്‍ക്ക് 250 രൂപവരെയുള്ള അംശാദായത്തിനു തുല്യമായ വിഹിതം സര്‍ക്കാര്‍ നല്‍കും. അഞ്ചുവര്‍ഷത്തില്‍ കുറയാതെ അംശാദായം അടയ്ക്കുകയും കുടിശികയില്ലാതിരിക്കുകയും 60 വയസ് പൂര്‍ത്തിയാക്കുകയും ചെയ്ത കര്‍ഷകര്‍ക്ക് അടച്ച അംശാദായത്തിന് ആനുപാതികമായി പെന്‍ഷന്‍ ലഭിക്കും. കുടുംബ പെന്‍ഷന്‍, അനാരോഗ്യ ആനുകൂല്യം, അവശത ആനുകൂല്യം, ചികിത്സാസഹായം, വിവാഹപ്രസവധനസഹായം, വിദ്യാഭ്യാസസഹായം, മരണാനന്തരസഹായം എന്നീ ആനുകൂല്യങ്ങളുമുണ്ട്. കുറഞ്ഞത് അഞ്ചുവര്‍ഷം അംശാദായം കുടിശികയില്ലാതെ അടച്ചശേഷം അംഗം മരണപ്പെട്ടാല്‍ കുടുംബപെന്‍ഷന്‍ ലഭിക്കും. പെന്‍ഷന്‍ തീയതിക്കു മുമ്പ്, അനാരോഗ്യം മൂലം കാര്‍ഷികവൃത്തിയില്‍ തുടരാന്‍ കഴിയാത്തവര്‍ക്ക് 60 വയസുവരെ പ്രതിമാസ പെന്‍ഷന്‍. രോഗം മൂലമോ അപകടം മൂലമോ ശാരീരിക അവശതയുണ്ടാകുന്നവര്‍ക്കാണ് അവശതാ ആനുകൂല്യം. ബോര്‍ഡ് തീരുമാനിക്കുന്ന െലെഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സുകളില്‍ അംഗങ്ങള്‍ ചേരണം. ആ ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം ചികിത്സാസഹായത്തിന് അര്‍ഹതയില്ലാത്ത സാഹചര്യത്തില്‍, പ്രത്യേകസഹായധനം നല്‍കും. വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പെണ്‍മക്കളുടെയും വിവാഹത്തിന് ആനുകൂല്യം ലഭിക്കും. അംഗങ്ങളുടെ പ്രസവത്തിനു രണ്ടുതവണ ആനുകൂല്യം. അംഗങ്ങളുടെ മക്കള്‍ക്ക് അംഗീകൃത സര്‍വകലാശാലകളിലെ പഠനത്തിന് ആനുകൂല്യം. നിലവില്‍ സംസ്ഥാനസര്‍ക്കാരിന്റെ കര്‍ഷക പെന്‍ഷന്‍ (1400 രൂപ) വാങ്ങുന്ന 2.60 ലക്ഷം പേരെയും ബോര്‍ഡിനു കീഴിലാക്കും.
കര്‍ഷകന് 18 വയസ് തികയണം. 55 വയസ് പൂര്‍ത്തിയാകരുത്. അഞ്ച് സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമിയുണ്ടാകണം. വാര്‍ഷികവരുമാനം അഞ്ചുലക്ഷം രൂപയില്‍ താഴെ. മൂന്നുവര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുള്ളയാളാകണം.
ഉദ്യാനം, ഔഷധസസ്യം, നഴ്‌സറി, മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, ആട്, മുയല്‍, കന്നുകാലി തുടങ്ങിയവയാണ് പ്രധാനകൃഷികള്‍.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close