
നമ്മൾ എല്ലാവരും വീടുകൾ പണിയുമ്പോൾ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്ന ഒരു കാര്യമാണ് സുരക്ഷിതത്വം.എല്ലാ രീതിയിലും നൂറു ശതമാനം സുരക്ഷിതമായ ഒരു വീട് തന്നെയാണ് നമ്മൾ ഓരോരുത്തരുടെയും ആഗ്രഹവും. ഏറ്റവും കൂടുതൽ മുൻഗണന നൽകേണ്ട ഒരു ഘടകമാണ് സുരക്ഷ. ഒരു പക്ഷെ അതിൽ വരുത്തുന്ന ചെറിയൊരു വീഴ്ച പോലും വലിയ നഷ്ടങ്ങൾ വരുത്താം. അത് കൊണ്ട് യാതൊരു കാരണവശാലും സുരക്ഷാ മേഖലയിൽ നാം ഒരു റിസ്ക് എടുക്കാൻ പാടില്ല.എങ്ങനെ യൊക്കെ നമുക്ക് വീടിനെ സുരക്ഷിതമാക്കാമെന്നും, അതുവഴി നമ്മുടെ വിലപിടിപ്പുള്ള വസ്തുക്കളെയും, പ്രിയപ്പെട്ടവരെയും എങ്ങനെ യൊക്കെ സംരക്ഷിക്കാമെന്ന തിനെക്കുറിച്ചുമുള്ള ഒരു ചെറിയ വിവരണമാണ് താഴെ നൽകിയിരിക്കുന്നത്.
ഇന്ന് നമ്മുടെ നാട്ടിൽ എവിടെ നോക്കിയാലും പടു കൂറ്റൻ ബംഗ്ലാവുകൾ പണിതു യർത്തുന്നത് കാണുവാൻ സാധിക്കും. എന്നാൽ ഇവയെല്ലാം എത്രത്തോളം സുരക്ഷിതമാണെന്ന കാര്യം ആരും ചിന്തിക്കാറില്ല. എന്നാൽ വളരെ തുച്ഛമായ ചെലവിൽ ഇവയെ നൂറു ശതമാനം സുരക്ഷിതമാക്കി മാറ്റുവാൻ സാധിക്കുമെന്നതാണ് വാസ്തവം. കോടികൾ മുടക്കി സൗധങ്ങൾ പണിതുയർത്തുന്നവർ ആയിരങ്ങൾ മുടക്കി അതിന്റെ സുരക്ഷിതത്വം കൂടി ഉറപ്പു വരുത്തേണ്ടതാവശ്യമാണ്. പടു കൂറ്റൻ ബംഗ്ലാവിന്റെ കാര്യത്തിൽ മാത്രമല്ല, സുരക്ഷിതത്വം പണക്കാരനും, പാവപ്പെട്ടവനും ഒരു പോലെ അവകാശപ്പെട്ടതാണ്. അതു കൊണ്ടുതന്നെ സമ്പന്നനെന്നോ ദരിദ്രനെ ന്നോ വ്യത്യാസമില്ലാതെ സുരക്ഷിതത്വത്തിന്റെ ചൂടിൽ സുഖമായി ഉറങ്ങുവാൻ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാവശ്യമാണ്.
നമ്മുടെ വീടിന്റെ സുരക്ഷ ഉറപ്പു വരുത്തുവാൻ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് വീട്ടിൽ ഒരു സി. സി. ടി വി ഘടിപ്പിക്കുക എന്നതാണ്. 2009 ൽ ‘റട്ട്ജേർസ്’ നടത്തിയ ഒരു പഠന റിപ്പോർട്ട് പ്രകാരം, ഒരു പ്രദേശത്ത് ഗാർഹിക സുരക്ഷാ ഉപകരണങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ആ പ്രദേശത്തെ അക്രമങ്ങളുടെയും, കവർച്ചകളുടെയും എണ്ണം കുത്തനെ കുറയുന്നതായി കാണിക്കുന്നു എന്നായിരുന്നു . അതിനാൽ, ഒരു സുരക്ഷാ സംവിധാനമു ള്ളത് നമ്മെ സംരക്ഷിക്കുന്നതിനൊപ്പം സമാധാനപരമായ അന്തരീക്ഷവും സൃഷ്ടിക്കുന്നു. വീടുകളിൽ സുരക്ഷാ ക്യാമറ ഘടിപ്പിക്കുവാൻ തീരുമാനിക്കുമ്പോൾ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യമാണ് മികച്ച കമ്പനിയെയും, മികച്ച ഡീലറേയും തിരഞ്ഞെടുക്കുക എന്നത്. കഴിവതും ഈ രംഗത്ത് നല്ല പ്രവർത്തി പരിചയമുള്ള ഒരു ഡീലറെ തിരഞ്ഞെടുക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതം.
വീടുകളിൽ സുരക്ഷാ ക്യാമറ ഘടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ്, എവിടെ ഒക്കെയാണ് ക്യാമറ ഫിക്സ് ചെയ്തിരിക്കുന്നത് എന്ന കാര്യം മറ്റുള്ളവരോട് ചർച്ച ചെയ്യാതെയിരിക്കുക എന്നത്. നമ്മുടെ വീട്ടിലെ ക്യാമറ നമ്മുടെ മാത്രം സ്വകാര്യതയാണ്. അത് മറ്റുള്ളവരുടെ മുന്നിൽ ചർച്ചയ്ക്ക് വെയ്ക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമായിരിക്കും. കൂടാതെ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്, ഈ ക്യാമറകൾ എപ്പോഴും പ്രവർത്തന യോഗ്യമാണെന്ന് ഉറപ്പു വരുത്തേണ്ടത്. ഒരിക്കലും ഒരു അപകടം നടന്നതിന് ശേഷം അല്ല സുരക്ഷ ക്യാമറയുടെ പ്രവർത്തന മികവ് പരിശോധിക്കേണ്ടത്. കുറഞ്ഞത്, ഓരോ ആഴ്ചത്തെ ഇടവേളയിലെങ്കിലും ഇവ കേടു കൂടാതെ പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണ്.
സി.സി. ടി. വി പോലെ തന്നെ നമ്മുടെ വീടിനെ പുറമെ നിന്നുള്ള ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്ന മറ്റൊരു ഘടകമാണ് സുരക്ഷാ അലാറം. ഇവ നമുക്ക് അനായാസം വീടുകളിൽ ഘടിപ്പിക്കാവുന്നതാണ്. ഇതു വഴി പുറമെ നിന്നുള്ള ഒരു ആളിന്റെ സാമീപ്യം, വീടിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുവാനുള്ള ശ്രമങ്ങൾ എന്നിവയെല്ലാം ഈ ഉപകരണം സ്വയം അലാറം അടിച്ചു ഉടമയെ അറിയിക്കുന്നു. ഇന്ന് ഈ സുരക്ഷാ അലാറത്തിന്റെ പല രീതിയിലുള്ള വക ഭേദങ്ങൾ നമ്മുടെ നാട്ടിൽ സുലഭമാണ്. ഉദാഹരണത്തിന്, ഈ അലാറത്തിൽ സമയം സെറ്റ് ചെയ്യുന്നു എന്ന് കരുതുക. അതായത് രാത്രി 11 മണിക്കു ശേഷം ഏതെങ്കിലും വാതിലോ, ജനാലകളോ ആരെങ്കിലും തുറക്കുകയാണെങ്കിൽ ഉടനെ അലാറം അടിക്കുക എന്ന രീതിയിൽ സെറ്റ് ചെയ്ത് വെയ്ക്കുകയാണെ ങ്കിൽ, അതിൻപ്രകാരം ആരെങ്കിലും ആ വീടിന്റെ വാതിലുകളോ ജനാലകളോ നിശ്ചിത സമയ പരിധിയിൽ തുറക്കുകയാണെങ്കിൽഈ അലാറം അടിക്കുകയും, വീട്ടിലുള്ളവർക്ക് വിവരം ലഭിക്കുകയും ചെയ്യുന്നു. ഇങ്ങനെ സമയം സെറ്റ് ചെയ്ത് മാത്രമല്ല ,അല്ലാതെ തന്നെ പുറമെ നിന്നുള്ള അതിക്രമങ്ങളും അലാറം മുന്നറിയിപ്പ് തരുന്നതാണ്. കൂടാതെ ഇവ നമുക്ക് മൊബൈൽ ഫോണിൽ കണക്ട് ചെയ്യാവുന്നതാണ്. അതുവഴി നമ്മൾ ഒരുപക്ഷെ വീട്ടിൽ ഇല്ലെങ്കിൽ പോലും നമ്മുടെ ഫോണിൽ കാൾ ആയും മെസ്സേജായുമൊക്കെ ഈ അലാറം വിവരം നൽകുന്നതാണ്.ഇതു പയോഗിച്ച് എല്ലാ രീതിയിലും ഒരു ഗൃഹ നാഥന് തന്റെ വീട് സുരക്ഷിതമാക്കാവുന്നതാണ്.
അലാറം പോലെ തന്നെ വീട് കൂടുതൽ സുരക്ഷിതമാ ക്കാൻ ഉപയോഗിക്കാവുന്ന മറ്റൊരു വിദ്യ ആണ് , ഡോർ ലോക്ക് സെക്യൂരിറ്റി സിസ്റ്റം. അതായത്, നമ്മുടെ വീടിന്റെ വാതിലുകൾക്ക് പുറമെ നിന്നുള്ള ആളുകൾക്ക് നിശ്ചിത ലോക്ക് നമ്പർ വഴി മാത്രമേ നമ്മുടെ സഹായമില്ലാതെ അകത്തു പ്രവേശിക്കുവാൻ പറ്റുകയുള്ളു. നമ്മളല്ലാതെ മറ്റൊരാൾക്ക് വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കണമെങ്കിൽ അത് നമ്മൾ നൽകുന്ന ലോക്ക് നമ്പർ ഉപയോഗിച്ച് മാത്രമേ സാധിക്കുകയുള്ളു. ഈ ലോക്ക് നമ്പർ ലോകത്ത് എവിടെ ഇരുന്ന് വേണമെങ്കിലും ഇഷ്ടാനുസരണം നമ്മുടെ ഫോൺ ഉപയോഗിച്ച് മാറ്റാവുന്നതുമാണ് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.ഈ സുരക്ഷാ സംവിധാനങ്ങൾ കൂടാതെ ശ്രദ്ധിക്കേണ്ട മറ്റ് അനേകം കാര്യങ്ങളുണ്ട്. പ്രധാനമായും കോടാലി, പിച്ചാത്തി, കുന്താലി മുതലായ ആയുധങ്ങളൊന്നും വീടിനു സമീപം മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടുന്ന വിധം സൂക്ഷിക്കാതെയിരിക്കുക. കഴിയുമെങ്കിൽ ആവശ്യത്തിലധികമുള്ള പണം വീടുകളിൽ സൂക്ഷിക്കാതെയിരിക്കുക. ഇനി അഥവാ പണമു ണ്ടെങ്കിൽ അവ പെട്ടന്ന് ആരുടേയും ദൃഷ്ടിയിൽപ്പെടാത്ത സ്ഥലങ്ങളിൽ സുരക്ഷിതമായി വെയ്ക്കുക. വലിയ തുകകളുടെ പണമിടപാടുകൾ, ആഭരണം വാങ്ങൽ മുതലായവ യൊക്കെ നടക്കുകയാണെങ്കിൽ കഴിവതും ആ കാര്യം പുറമെ നിന്നുള്ളവരോട് സൂചിപ്പിക്കാതിരിക്കുക. വീട്ടിൽ കല്യാണമോ, മറ്റ് ആഘോഷങ്ങളോ ഉണ്ടെങ്കിൽ, നേരത്തെ കൂട്ടി പണം വീട്ടിൽ ശേഖരിച്ചു വെയ്ക്കാതെ, ബാങ്കുകളിൽ നിക്ഷേപിച്ചിട്ട് ആവശ്യനുസരണമുള്ള തുക അതാത് സമയങ്ങളിൽ പിൻവലിക്കുക. ഇത്തരത്തിൽ കൂടി ശ്രദ്ധ ചെലുത്തിയാൽ മാത്രമേ ഈ അപകടങ്ങളെ ഒരു പരിധി വരെ നമുക്ക് തടയുവാൻ സാധിക്കൂ.
https://exposekerala.com/cctv-camera/
കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. https://bit.ly/3jhwCp6