വര്‍ഷങ്ങള്‍ക്കുശേഷം ചെയ്ത കുറ്റം ഏറ്റ് പറഞ്ഞ് ഒരു അമ്മ


Spread the love

ചൈനയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത കുറ്റം തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു അമ്മ. ഇത്രയും വര്‍ഷം വളര്‍ത്തിയ മകന്‍ താന്‍ തട്ടിയെടുത്ത മകനാണെന്നാണ് ചൈനീസ് യുവതിയുടെ വെളിപ്പെടുത്തല്‍. ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലുള്ള നാച്ചോങിലാണ് സംഭവം. ഷിയോപിങ് എന്ന നാല്‍പ്പത്തെട്ടുകാരിയാണ് 26 വര്‍ഷം മറച്ച് വെച്ച കുറ്റം ഏറ്റുപറഞ്ഞു രംഗത്ത് വന്നത്. പ്രസവിച്ച ഉടന്‍ തന്റെ രണ്ടു മക്കള്‍ മരിച്ചതോടെയാണ് ഈ കടുംകൈ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് ഷിയോപിങിന്റെ കുറ്റസമ്മതം.
എന്നാല്‍, ഷിയോപിങിന്റെ മകനായി വളര്‍ന്ന യുവാവാകട്ടെ തനിക്ക് അമ്മയായി ഷിയോപിങിനെ മാത്രം മതിയെന്ന നിലപാടിലാണ്. തനിക്കു ജന്മം തന്നെവരെ കുറിച്ച് അറിയേണ്ടന്നും ഷിയോപിങ് പോറ്റമ്മയാണെങ്കില്‍ തനിക്ക് പോറ്റമ്മയെ മതിയെന്നും യുവാവ് പറഞ്ഞു.
1992ല്‍ ചോഗിംഗ് എന്ന ഗ്രാമത്തില്‍ വീട്ടുജോലിക്കാരിയായി ചെന്ന ഷിയോപിങ് താന്‍ മൂന്നാഴ്ച ജോലി ചെയ്ത വീട്ടിലെ ദമ്പതികളുടെ ഇളയ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവത്രേ. തട്ടിയെടുക്കുമ്പോള്‍ ഒരു വയസുണ്ടായിരുന്ന ആണ്‍ക്കുട്ടിയ്ക്ക് ഇപ്പോള്‍ ഇരുപത്തിയേഴ് വയസുണ്ട്. പിന്നീട് 1995ല്‍ മറ്റൊരു വിവാഹത്തില്‍ തനിക്കു പെണ്‍കുട്ടി ജനിച്ചപ്പോള്‍ തട്ടിയെടുത്ത മകനെ തിരികെ മാതാപിതാക്കളെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചതാണെങ്കിലും ശിക്ഷ ഭയന്ന് ആ ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ചെന്നും ഇവര്‍ ഏറ്റുപറഞ്ഞു. നഷ്ടപ്പെട്ടുപോയ മകനെത്തേടി 50 വര്‍ഷമായി അലയുന്ന മറ്റൊരു അമ്മയെക്കുറിച്ചുള്ള വാര്‍ത്ത കണ്ടതോടെയാണ് ഇവര്‍ക്കു പശ്ചാത്താപം തോന്നിയതത്രേ.
എന്തായാലും ചൈനീസ് സമൂഹമാധ്യമങ്ങളും പൊലീസും യുവാവിന്റെ യഥാര്‍ഥ മാതാപിതാക്കളെ തേടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ഷിയോപിങിന് അഞ്ചു വര്‍ഷംവരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close