
ലിസ്ബൺ : യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലുകൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി. എസ്. ജി ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്റയെ നേരിടും. പോർച്ചുഗലിലെ ലിസ്ബൺ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12:30നാണ് മൽസരം. കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിൽ കർശന നിയന്ത്രണങ്ങളോടെ നടക്കുന്ന പി. എസ്. ജി – അറ്റ്ലാന്റ പോരാട്ടം സോണി ടെൻ 2, ടെൻ 3 ചാനലുകളിൽ ലഭ്യമാണ്.
ഫ്രഞ്ച് ലീഗിൽ ചാമ്പ്യന്മാരായാണ് പി. എസ്. ജി യുടെ വരവ്. സൂപ്പർ താരം നെയ്മറിന്റെ നേതൃത്വത്തിലുള്ള ആക്രമണ നിരയാണ് ക്ലബ്ബിന്റെ പ്രധാന കരുത്ത്. 22 കോടി യൂറോയോളം (ഏകദേശം 1932 കോടി രൂപ ) ചെലവഴിച്ചാണ് നെയ്മറെ പി. എസ്. ജി സ്വന്തമാക്കിയത്. നേരത്തെ ബാഴ്സലോണയുടെ ഭാഗമായിരുന്ന ബ്രസീലിയൻ സ്ട്രൈക്കറെ പി. എസ്. ജി പടയിലേക്ക് എത്തിക്കാൻ ക്ലബ് കയ്യും മെയ്യും മറന്ന് രംഗത്തുണ്ടായിരുന്നു. സൂപ്പർ താരത്തിന്റെ സാനിധ്യം കളി മിടുക്കിൽ മാത്രമല്ല ടീമിന്റെ മൊത്തത്തിലുള്ള ആത്മവിശ്വാസത്തിൽ വരെ പ്രകടമായി. നെയ്മറിനൊപ്പം മൗറോ ഇക്കാർഡോയും കൂടി ചേരുന്നതോടെ മുന്നേറ്റ നിര ശക്തമാകും.5 ഗോളുകളുമായി എംബാപെക്കൊപ്പം സീസണിൽ പി. എസ്. ജി യുടെ ടോപ് സ്കോറർ ആണ് മൗറോ ഇക്കാർഡോ.
അതേ സമയം ക്ലബ്ബിന്റെ വജ്രമുനയായിരുന്ന ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബപെയ്ക്ക് കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റത് പി. എസ്. ജി യ്ക്ക് വിനയായിട്ടുണ്ട്. അത് കൊണ്ട് തന്നെ എംബപെ അറ്റ്ലാന്റക്കെതിരായ ക്വാർട്ടറിൽ കളിക്കാനിടയില്ല.വിങ്ങർ ഏഞ്ചൽ ഡി മരിയ സസ്പെൻഷനിലുമാണ്.ലീഗിൽ ആകെ 8 മത്സരങ്ങളിൽ നിന്ന് 6 ജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് ടീമിന്റെ ഇത് വരെ ഉള്ള പ്രകടനം.
നെയ്മറിനെപ്പോലുള്ള സൂപ്പർ താരങ്ങളില്ലാത്ത ടീമാണ് ഇറ്റാലിയൻ ക്ലബ്ബായ അറ്റ്ലാന്റ.ആക്രമണ ഫുട്ബോളാണ് അറ്റ്ലാന്റയുടെ മുഖമുദ്ര. മുന്നേറ്റ നിര ശക്തമാണെങ്കിലും പ്രതിരോധത്തിലുള്ള പിഴവുകളാണ് അവരെ അലട്ടുന്നത്. ഗാസ്പെരിനി എന്ന പരിശീലകന്റെ കീഴിൽ ഒത്തിണക്കത്തോടെയാണ് അറ്റ്ലാന്റൻ താരങ്ങൾ കളിക്കുന്നത്. 5 ഗോളുകളുമായി സ്ലൊവേനിയൻ താരം ജോസിപ് ഇലിസിച്ചി ആണ് ലീഗ് സീസണിൽ ടീമിന്റെ ടോപ് സ്കോറർ. ലീഗിൽ ആകെ 8 കളികളിൽ നിന്ന് 4 ജയവും 1 സമനിലയും 3 തോൽവിയുമാണ് ടീമിന്റെ ഇത് വരെ ഉള്ള പ്രകടനം.
സാധാരണയായി രണ്ടു പാദങ്ങളായി ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടുകളിൽ വച്ച് ഓരോ മത്സരങ്ങൾ വീതം നടക്കുന്നതാണ് യുവേഫ ക്വാർട്ടർ ഫൈനലുകൾ. എന്നാൽ, കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ലിസ്ബണിലെ ഒറ്റ മത്സരം മാത്രം മതിയെന്ന് സംഘാടകർ തീരുമാനിക്കുകയായിരുന്നു. വിജയിക്കുന്നവർ സെമിയിലേക്ക് മുന്നേറും.
Read also : മാഞ്ചെസ്റ്റിൽ ഇംഗ്ലണ്ടിന് ചരിത്ര വിജയം