
കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ബർഗർ. ബർഗർ എന്ന് കേൾക്കുമ്പോളെ അറിയാം ആളൊരു വിദേശിയാണെന്ന്. ജർമ്മനിയാണ് ബർഗറിന്റെ സ്വദേശം. ഹാം ബർഗർ, ചീസ് ബർഗർ, ബീഫ് ബർഗർ, വെജ് ബർഗർ, ചിക്കൻ ബർഗർ എന്നിങ്ങനെ വിവിധതരം ബർഗറുകൾ വിപണിയിൽ ലഭ്യമാണ്. എപ്പോഴും പുറത്തുനിന്നും വാങ്ങി കഴിക്കുന്ന ബർഗർ വീട്ടിൽ തന്നെ വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. ബർഗർ എന്ന് കേട്ടാൽത്തന്നെ പറയും ആരോഗ്യത്തിനു നല്ലതല്ലെന്ന്. എന്നാൽ ഇവ ആരോഗ്യകരമായി ഉണ്ടാക്കി എടുക്കാവുന്നതാണ്. അങ്ങനെ ഒരു ബർഗർ വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കിയെടുക്കാം എന്നു നോക്കാം.
ചേരുവകൾ :
ചിക്കൻ ബ്രസ്റ്റ്/എല്ലില്ലാത്ത ഭാഗം – 200g
വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
മുളക്പൊടി – 1 ടീസ്പൂൺ
സോയ സോസ് – 1 ടീസ്പൂൺ
ടൊമാറ്റോ സോസ് -1 ടീസ്പൂൺ
ചില്ലി സോസ്-1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കോട്ടിങിന് ആവശ്യമുള്ള ചേരുവകൾ
മൈദ – 1 കപ്പ്
കോൺഫ്ലോർ – 3 ടേബിൾ സ്പൂൺ
മുട്ട – 1
വെളുത്തുള്ളി പൗഡർ – 1/2 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
മുളക്പൊടി – 1 ടീസ്പൂൺ
പാൽ – 2 ടേബിൾ സ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്
ബർഗർ സെറ്റ് ചെയ്യാൻ വേണ്ടവ
ബർഗർ ബൻ
സവാള- 1
തക്കാളി -1
ലെറ്റൂസ് (ആവശ്യത്തിന് )
മയോണൈസ്
തയ്യാറാക്കുന്ന വിധം
ചിക്കൻ വേവിക്കാതെ തന്നെ മിക്സിയിലിട്ട് അരച്ച് എടുക്കുക. അല്ലെങ്കിൽ ചിക്കൻ ബ്രെസ്റ്റ് കനം കുറച്ച് മുറിച്ച് ഹാമ്മർ ഉപയോഗിച്ച് അടിച്ചു പരത്തി എടുത്താലും മതിയാകും. ഒരു പാത്രത്തിൽ വെളുത്തുള്ളി പേസ്റ്റ് , കുരുമുളകുപൊടി, മുളക് പൊടി, സോയ സോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ്, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് അതിലേക്ക് ചിക്കൻ ഇട്ട് അരമണിക്കൂർ വയ്ക്കുക. ഇനി വേറൊരു പാത്രത്തിൽ ഒരു മുട്ടയും, 2 സ്പൂൺ പാലും ചേർത്ത് നന്നായി യോജിപ്പിക്കുക. മറ്റൊരു പാത്രത്തിൽ 1 കപ്പ് മൈദ , 3- ടേബിൾ സ്പൂൺ കോൺഫ്ലോർ, 1/2 ടീ സ്പൂൺ കുരുമുളകുപൊടി , 1 ടീ സ്പൂൺ മുളക്പൊടി എന്നിവ നല്ലതുപോലെ യോജിപ്പിച്ച് മാറ്റി വയ്ക്കുക. അരമണിക്കൂറിന് ശേഷം ചിക്കൻ കട്ലറ്റ് ഉണ്ടാക്കുന്ന ആകൃതിയിൽ എടുത്ത് മേൽപറഞ്ഞ യോജിപ്പിച്ച പൊടിയിലും, പിന്നെ മുട്ടയിലും, പിന്നെ വീണ്ടും പൊടിയിലും മുക്കി എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ഇങ്ങനെ എല്ലാം ഫ്രൈ ചെയ്തെടുക്കാം. ഇനി ബർഗർ ബൺ എടുത്ത് നടുവേ മുറിച്ച് 2 ഭാഗത്തും മയോനൈസ് തേച്ചു കൊടുക്കുക പിന്നെ അതിന്റെ മുകളിൽ ഫ്രൈ ചെയ്ത ചിക്കൻ വയ്ക്കുക പിന്നെ തക്കാളിയും, അതിന്റെ മുകളിൽ വട്ടത്തിൽ അരിഞ്ഞ സവാളയും, ലെറ്റൂസും വച്ച് ചീസ് ഷീറ്റ് വയ്ക്കുക ഇങ്ങനെ ബർഗർ സെറ്റ് ചെയ്യാം.
മേൽപറഞ്ഞ ചേരുവകളെല്ലാം ഉണ്ടെങ്കിൽ വളരെ വേഗം തയ്യാറാക്കിയെടുക്കാവുന്ന സ്വാദിഷ്ടമായ ഒരു വിഭവം തന്നെയാണ് ബർഗർ. ഇനി ഇത്രേം സാധനങ്ങൾ വാങ്ങിയും, വലിയ പരിശ്രമം ഇല്ലാതെ ചെയ്യാൻ ആഗ്രഹിക്കുന്നവർ വിഷമിക്കണ്ട ഇതിന്റെ നടുവിൽ വായ്ക്കുന്ന പാറ്റീസ് റെഡിമേഡായ് മാർക്കറ്റിൽ ലഭ്യമാണ്. അങ്ങനെ വാങ്ങുന്ന പാറ്റീസ് എണ്ണയിൽ ഇട്ട് ഒന്ന് ഫ്രൈ ആക്കി എടുത്താൽ മതിയാകും. കുട്ടികൾക്ക് ഇഷ്ടപെടുമെന്നതിൽ ഒരു സംശയവും വേണ്ട. തീർച്ചയായും വീട്ടിൽ തയ്യാറാക്കി നോക്കേണ്ട ഒന്നുതന്നെയാണിത്.
Read also : സ്വാദിഷ്ടമായ നാടൻ സ്റ്റൈൽ ബീഫ് ഉലർത്തിയത് തയ്യാറാക്കാം