കേരളത്തിൽ കോഴി വളർത്തൽ എങ്ങനെ ആദായകരമാക്കാം??


Spread the love

കേരളത്തിലെ മാംസാഹാരികളുടെ തീൻ മേശയിലെ ഒഴിച്ചു കൂടാനാകാത്ത വിഭവങ്ങളാണ് മുട്ടയും ഇറച്ചിയും. ഭക്ഷ്യ സുരക്ഷയിൽ പ്രധാന പങ്കു വഹിക്കുന്ന ഭക്ഷ്യ വസ്തുക്കൾ കൂടിയാണിവ.പാലിന് ശേഷം മികച്ച സമീകൃതാഹാരം എന്നവകാശപ്പെടാവുന്ന മുട്ടയിൽ പ്രോട്ടീൻ, അമിനോ ആസിഡ്, വിറ്റാമിൻ, കാൽസ്യം, ഫോസ്ഫറസ്, എന്നിവ കൂടാതെ ബുദ്ധിവളർച്ചക്കു ആവശ്യമായ കോളിൻ, ല്യൂടിൻ, സിയാക്സാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഒരു മുട്ടയിൽ നിന്നു ഏതാണ്ട് 7 ഗ്രാം പ്രോട്ടീനും ശരീരത്തിന് ആവശ്യമായ മറ്റ് ജീവ ഘടകങ്ങളും ലഭ്യമായിരിക്കെ കുട്ടികൾക്കും, ശരീരം സംരക്ഷിക്കുന്നവർക്കും മുട്ട ഒഴിച്ചു കൂടാനാവാത്ത ഭക്ഷ്യ വിഭവമാണ്. ഇനി കോഴിയിറച്ചി ആണെങ്കിലോ പന്നിയിറച്ചിക്കു ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽപേർ ഉപയോഗിക്കുന്ന മാംസാഹാരമാണ്.കോഴിയിറച്ചിയിൽ മുട്ടയിൽ എന്ന പോലെ തന്നെ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കൂടാതെ ജീവകം എ, ബി 6, ബി 12, മഗ്നീഷ്യം, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് കോഴിയിറച്ചി.

ഏതാണ്ട് 1960-70 കാലഘട്ടത്തിൽ കേരളം ഒരു മുട്ടമിച്ച സംസ്ഥാനം ആയിരുന്നു. നമുക്ക് ആവശ്യമായ മുട്ട നമ്മൾ ഉല്പാദിപ്പിച്ചിരുന്നു എന്ന് മാത്രമല്ല കേരളീയരുടെ പ്രധാന വരുമാനമാർഗ്ഗങ്ങളിൽ ഒന്ന് കൂടിയായിരുന്നു മുട്ടക്കോഴി വളർത്തൽ. മറ്റു സംസ്ഥാനങ്ങളിലേക്കും ശ്രീലങ്കയിലേക്കും തന്നെ മുട്ട കയറ്റി അയച്ചിരുന്ന കേരളത്തിൽ പിന്നീട് ഗൾഫ് അധിനിവേശം, അണുകുടുംബത്തിലേക്കുള്ള മാറ്റം, അതുമൂലമുള്ള ജീവിത ശൈലി മാറ്റം, സ്ഥല പരിമിതി എല്ലാം കൊണ്ട് മുട്ട ഉത്പാദനം ഗണ്യമായി കുറഞ്ഞു വന്നു.

പക്ഷെ കേരളത്തിലെ നോൺ വെജിറ്റേറിയൻ സമ്പ്രദായം കൂടിവരുകയും മിക്കവാറും ഭക്ഷണ, ബേക്കറി വിഭവങ്ങളില് ഒഴിച്ചുകൂടാനാവാത്ത ഘടകമായതും, ഷാംപൂ പോലുള്ള സൗന്ദര്യ വസ്തുക്കളിൽ ഉൾപ്പെടുത്തിയതും മുട്ടയുടെ ആവശ്യകത പിന്നീട് ഇരട്ടിയായി വർധിപ്പിച്ചു. ഇപ്പോൾ ഏകദേശം ഒന്നേകാൽ കോടിയോളം മുട്ടയാണ് ഒരു ദിവസം നമുക്കു ആവശ്യമായി വരുന്നത്. അതിനായി നമ്മൾ പ്രധാനമായും ആശ്രയിക്കുന്നതാകട്ടെ അയൽ സംസ്ഥാനങ്ങളെയും.

നമ്മുടെ തൊട്ടപ്പുറത്ത് കിടക്കുന്ന തമിഴ്‌നാട്ടിൽ നിന്നാണ് നമുക്കാവശ്യമായ മുട്ടയുടെ മുക്കാൽ പങ്കും എത്തിച്ചേരുന്നത്. അവിടങ്ങളിൽ ആകട്ടെ മുട്ടക്കോഴി വളർത്തലിന്റെ സാധ്യത മനസ്സിലാക്കി
അത്യുല്പാദന ശേഷിയുള്ള മുട്ടക്കോഴികളെ വളരെ വലിയ തോതിൽ വളർത്തി വരുന്നു. മുട്ടക്കോഴിക്ക് ആവശ്യമായ തീറ്റയുടെ ലഭ്യതക്കുറവ്, സ്ഥല പരിമിതി, ഉയർന്ന മുതൽമുടക്ക്, ഉയർന്ന കൂലിയും തൊഴിൽ പ്രശ്നങ്ങളും മൂലം വ്യാവസായികാടിസ്ഥാനത്തിലുള്ള കോഴിവളർത്തൽ കേരളത്തിൽ ലാഭകരമാകില്ല.

ഉല്പാദനത്തോടൊപ്പം തന്നെ മുട്ട, ഇറച്ചിക്കോഴിയുടെ ശേഖരണവും വിപണനവും പ്രധാനമാണ്. അതാത് സമയത്ത് വിപണിയിലെത്തിച്ചില്ലെങ്കിൽ കോഴികർഷകന് തീർച്ചയായും തിരിച്ചടി നേരിടും. അതിനാൽ മുട്ട , ഇറച്ചിയുടെ സംഭരണത്തിനും വിപണനത്തിനും സർക്കാർ മുൻകൈ എടുത്ത് കുടുംബശ്രീ പോലെയുള്ള സ്വയം തൊഴിൽ സംരംഭകരുടെ സഹായം സ്വീകരിച്ചാൽ യഥാ സമയം വിപണിയിലെത്തിച്ചു ആദായം ഉണ്ടാക്കാൻ കഴിയും. നിലവിലെ പാൽ സൊസൈറ്റികൾ ഇതിനു കൂടി പ്രയോജനപ്പെടുത്താമോ എന്ന സാദ്ധ്യതകൾ കൂടി പരിശോധിക്കാം. കൂടാതെ കോഴി കർഷകന് ആവശ്യമായ ട്രെയിനിങ്,

എന്നാൽ അമ്പതിനായിരം മുതൽ അഞ്ചു ലക്ഷം വരെയാണ് അന്യസംസ്ഥാനത്തൊക്കെ ഒരു കോഴി ഫാമിലെ കോഴികളുടെ എണ്ണം. തീറ്റ സാമഗ്രികളുടെ ലഭ്യതയും, മറ്റ് അനുകൂല ഘടകങ്ങളും മൂലം വലിയ രീതിയിലുള്ള ഉല്പാദനവും വിപണനവും അവർക്കു ഒരിക്കലും നഷ്ടം വരുത്തുന്നില്ല. ഇക്കാരണങ്ങൾ കൊണ്ട് കുറഞ്ഞ വിലയ്ക്ക് മുട്ട ലഭിക്കാനായി നാം അയൽസംസ്ഥാനത്തെ ആശ്രയിച്ചേ പറ്റൂ. ഇത് കൊണ്ടാണ് മുട്ടക്കോഴി ഉല്പാദനത്തിൽ കേരളത്തിന്‌ എങ്ങനെ സ്വയം പര്യാപ്തത കൈവരിക്കാം എന്ന ചോദ്യം പ്രസക്തമാകുന്നത്.

യഥാർത്ഥത്തിൽ നമുക്ക് ആവശ്യമായ മുട്ടയുടെ മുപ്പത് ശതമാനം മാത്രമേ നാം ഇവിടെ ഉല്പാദിപ്പിക്കുന്നുള്ളൂ. ബാക്കി ഇറക്കുമതി ചെയ്യുകയാണ് എന്ന് പറഞ്ഞുവല്ലോ. പലപ്പോഴും അശാസ്ത്രീയ രീതിയിലെ മുട്ട ഉല്പാദനവും അനിയന്ത്രിതമായി ആന്റിബയോട്ടിക്കും മറ്റും കുത്തിവെച്ചുള്ള ഇറച്ചി കോഴിയുടെ ഇറക്കുമതിയും നമ്മുടെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട് . അതുകൊണ്ടാണ് നമ്മുടെ മുഖ്യമന്ത്രി പോലും പറഞ്ഞത് ദിവസവും 75 ലക്ഷം മുട്ട ഉല്പാദിപ്പിക്കുന്ന രീതിയിലേക്ക് കേരളം തിരിച്ചു പോകണമെന്ന്. അതത്ര എളുപ്പമുള്ള കാര്യമല്ല. എന്നിരുന്നാലും മുട്ടക്കോഴി വളർത്തലിൽ നമുക്ക് എന്ത് സംഭാവന നൽകാൻ കഴിയും എന്ന് നോക്കാം.

നമുക്ക് പ്രധാനമായും രണ്ടു രീതിയിൽ മുട്ടക്കോഴി വളർത്തൽ പരീക്ഷിക്കാവുന്നതാണ്. ആദ്യത്തേത് അവനവന്റെ ആവശ്യത്തിനുള്ള മുട്ട കോഴികളെ വീടുകളിൽ വളർത്തുക എന്നതാണ്. സ്ഥലമുള്ള വീടുകളിൽ വീട്ടുപരിസരത്തും മറ്റും ചിക്കി ചികഞ്ഞു നടക്കുന്നതിനാൽ ഇവക്കു തീറ്റയുടെ ചെലവ് വരുന്നില്ല. നാടൻ മുട്ടയ്ക്ക് നല്ല മാർക്കറ്റ് ആയതിനാൽ കുറച്ചു കോഴികളെ കൂടുതൽ വളർത്തിയാൽ സ്വന്തം ആവശ്യം കഴിഞ്ഞു ബാക്കിയുള്ളത് വിൽക്കുകയും ആവാം. ഒരു നാടൻ മുട്ട 8 രൂപ നിരക്കിലും വെള്ള മുട്ട 5 രൂപ നിരക്കിലും വിൽക്കാം. വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും ഒരു ചെറിയ ആദായ മാർഗ്ഗം കൂടിയാകും ഇത്. ഗ്രാമശ്രീ, ഗിരിരാജ എന്നീയിനം കോഴികളും അഴിച്ചു വിട്ടു വളർത്താൻ അനുയോജ്യമാണ്. സ്ഥല പരിമിതിയുള്ള വീടുകൾ, ക്വാർട്ടേഴ്‌സ്, ഫ്ലാറ്റുകൾ എന്നിവയിൽ താമസിക്കുന്നവർക്ക്‌ കമ്പി വലയുള്ള ഗാർഹിക കൂടുകളിൽ കോഴിയെ വളർത്താം. അത്യുല്പാദന ശേഷിയുള്ള ലഗോൺ, BV 300, BV380 തുടങ്ങിയ ഇനങ്ങളെ മുഴുവൻ സമയ സമീകൃതാഹാരം കൊടുത്ത് വളർത്താം. കൂട്, തീറ്റ തുടങ്ങിയ പരിപാലന ചെലവ് ഉള്ളതിനാൽ ഇതൊരു വരുമാനമാർഗ്ഗമാക്കാൻ ഒരു പക്ഷെ കഴിഞ്ഞെന്നു വരില്ല. എങ്കിലും ഗാർഹിക ആവശ്യത്തിനുള്ള ആന്റിബയോട്ടിക് പ്രശ്നങ്ങൾ ഇല്ലാത്ത മുട്ട, ഇറച്ചി ഉൽപാദിപ്പിക്കാം എന്ന മേന്മ ഈ രീതിക്കുണ്ട്.കൂടാതെ കോഴിക്കാഷ്ടം മട്ടുപ്പാവിലെ ചെറിയ രീതിയിലുള്ള പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാം എന്നതിനോടൊപ്പം വയോധികർക്കും കുട്ടികൾക്കും ഫ്ളാറ്റിലെ വിരസജീവിതത്തിൽ നല്ലൊരു നേരം പോക്ക് കൂടിയായിരിക്കും ഈ രീതിയിലെ മുട്ട കോഴി പരിപാലനം.

ഇറച്ചിക്കോഴി വളർത്തലിൽ ഇന്റഗ്രേഷൻ രീതിയാണ് കേരളത്തിൽ അധികവും. വൻകിട കമ്പനികളിൽ നിന്നു ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ ലഭ്യമാക്കി ആവശ്യമായ സ്ഥലം, ജലം, വൈദ്യുതി ഉപയോഗിച്ചു വളർത്തിയ ശേഷം അവയെ തിരിച്ചു നൽകുന്നതുമാണ് രീതി. കിലോക്ക് 6 രൂപ നിരക്കിൽ ആണ് ഒരു കർഷകന് കമ്മീഷൻ ലഭിക്കുന്നത്. കേരളത്തിന്‌ ആവശ്യമായ ഇറച്ചിക്കോഴിയുടെ 70 ശതമാത്തോളം ഈ രീതിയിൽ കേരളത്തിൽ തന്നെ ഉല്പാദിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ഇറച്ചിക്കോഴിയുടെ വിപണി വില നിശ്ചയിക്കുന്നത് പലപ്പോഴും അന്യസംസ്ഥാനങ്ങൾ തന്നെയാണ്. അത് കൊണ്ട് തന്നെ കേരളത്തിലെ അസംഘടിത കോഴി കർഷകർക്ക് പലപ്പോഴും നഷ്ടം സംഭവിക്കാറുണ്ട്. ഇതിനു പരിഹാരവും നാടൻ രീതിയിലെ ഇറച്ചിക്കോഴി വളർത്തൽ തന്നെയാണ്.

നാം പലപ്പോഴും കോഴി വളർത്തലിനു മുട്ടയിടുന്ന പിടക്കോഴികളെയാണ് പരിഗണിക്കാറ്. എന്നാൽ സർക്കാർ ഹാച്ചറികൾ, വെറ്റിനറി യൂണിവേഴ്സിറ്റി ഫാമുകളിലും മറ്റും ബാക്കിവരുന്ന പൂവൻ കോഴികളെ തിരഞ്ഞെടുത്തു നമുക്ക് ഇറച്ചിക്കോഴിയായി വളർത്താവുന്നതാണ്. സമീകൃത തീറ്റ അല്ലാതെ തന്നെ ഭക്ഷ്യ വസ്തുക്കളുടെ അവശിഷ്ടങ്ങൾ തീറ്റയായി നൽകി വലിയ ചിലവില്ലാതെ നമുക്കിവയെ വളർത്താവുന്നതാണ്.ഇവ 4-5 മാസങ്ങൾ കൊണ്ട് 1-1.5 കിലോ വരെ തൂക്കം വയ്ക്കും. നാടൻ കോഴിക്ക് നല്ല മാർക്കറ്റ് ആയതിനാൽ കിലോക്ക് 150 രൂപ വരെ ലഭിക്കുകയും ചെയ്യും. മികച്ച ഒരു ആദായം ഇതിൽ നിന്നും പ്രതീക്ഷിക്കാം. ഗ്രാമശ്രീ, ഗിരിരാജ എന്നീ സങ്കര ഇനങ്ങൾ ആയാലും ഏകദേശം ഈ രീതിയിലുള്ള ലാഭം ഉണ്ടാകുന്നതാണ്. കൂടാതെ വർണ്ണ ചിറകുകൾ ഉള്ള പൂവൻ കോഴിക്ക്‌ കൊടുങ്ങല്ലൂർ പോലെയുള്ള ചില അമ്പലങ്ങളിലെ ആചാരങ്ങൾക്കു ആവശ്യമുള്ളതിനാൽ മോഹവില ലഭിക്കാറുണ്ട്. വൈറ്റ് ലഗോൺ പോലെയുള്ള തനി മുട്ടക്കോഴി ഇനങ്ങളുടെ പൂവനെയും ഇറച്ചിക്കായി വളർത്താം. 2 മാസത്തിൽ 690 ഗ്രാം തൂക്കമെത്തുന്ന ലഗോൺ പൂവനുകൾ സ്പ്രിങ് ചിക്കൻ എന്ന പേരിൽ കുഴിമന്തി പോലെയുള്ള മുഴുവൻ ചിക്കൻ ഉപയോഗിക്കുന്ന വിഭവങ്ങളിലെ താരമാണ്.

സാമ്പത്തിക സഹായം, ഉത്പന്നങ്ങൾക്ക് താങ്ങുവിലയും നൽകാൻ സർക്കാരിന് കഴിഞ്ഞാൽ കോഴി വളർത്തൽ മേഖലയിൽ കേരളത്തിന്‌ സ്വയംപര്യാപ്തത എന്ന വിപ്ലവാത്മകമായ നേട്ടം കൈവരിക്കാൻ സാധിക്കും.

Dr. Hari Krishnan.S
കേരള വെറ്ററിനറി ആൻഡ് അനിമൽ സയന്സസ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ് ലേഖകൻ. ഈ വിഷയത്തിനെ കുറിച്ചുള്ള സംശയ നിവാരണത്തിനായി അദ്ദേഹത്തെ നേരിട്ട് വിളിക്കാവുന്നതാണ്- മൊബൈൽ 9446443700

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close