പാചകം അറിയാത്തവർക്ക് പോലും അനായാസം തയ്യാറാക്കി എടുക്കുവാൻ കഴിയുന്ന ചിക്കൻ 65.


Spread the love

നമ്മുടെ എല്ലാവരുടെയും വീട്ടിൽ കുട്ടികൾക്കും, മുതിർന്നവർക്കും എല്ലാം ഇഷ്ട വിഭവം ആണ് ചിക്കൻ. ചിക്കന്റെ പല തരം വിഭവങ്ങൾ ഉണ്ട് എങ്കിലും അതിൽ പലതും കുറച്ചധികം സമയം എടുത്ത് തയ്യാറാക്കേണ്ടതാണ്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കുവാൻ കഴിയുന്ന ഒരു ചിക്കൻ വിഭവം ആണ്, ചിക്കൻ 65. എങ്ങനെ ആണ് ഇത് റെസ്റ്റോറന്റിൽ നിന്നും ലഭിക്കുന്ന അതെ രീതിയിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്നത് എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ.

ചിക്കൻ: 250 ഗ്രാം
മുളക് പൊടി: 2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി: 1 ടേബിൾ സ്പൂൺ
തൈര്: 2 ടേബിൾ സ്പൂൺ
നാരങ്ങ: പകുതി
ഉപ്പ്: ആവശ്യത്തിന്
കോൺ ഫ്ളവർ: 2 ടേബിൾ സ്പൂൺ
അരിപ്പൊടി: 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി: 6 അല്ലി ചെറുതായി അരിഞ്ഞത്
പച്ച മുളക്: 4
എണ്ണ: ആവശ്യത്തിന്
കറി വേപ്പില ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

ആദ്യമായി ചിക്കൻ നല്ല വൃത്തിയായി കഴുകി എടുക്കുക. 4- 5 തവണ വൃത്തിയായി വെള്ളത്തിൽ കഴുകി എടുക്കാവുന്നതാണ്. ചിക്കന്റെ പച്ച മണം ഇല്ലാതാക്കുവാൻ ആവശ്യമെങ്കിൽ 2 ടേബിൾ സ്പൂൺ വിനാഗിരിയിൽ കഴുകി എടുക്കാവുന്നതാണ്. ശേഷം കഷ്ണങ്ങൾ ആക്കി, അതിലേക്ക് 2 tsp മുളക് പൊടി, 1 tsp കുരുമുളക് പൊടി, 2 ടേബിൾ സ്പൂൺ തൈര്, ½ tsp ഉപ്പ്, അര നാരങ്ങ നീര് എന്നിവ ചേർത്ത് നല്ലത് പോലെ കൈ കൊണ്ട് ചിക്കനിലേക്ക് ഇളക്കി യോജിപ്പിച്ചു കൊടുക്കുക. മസാലയിൽ തൈരും, നാരങ്ങ നീരും ഉണ്ടായതിനാൽ വെള്ളം ചേർക്കുന്നതിന്റെ ആവശ്യകത ഇല്ല. ശേഷം 1 മണിക്കൂർ നേരത്തേക്ക് ഈ മസാല കൂട്ട് മാറ്റി വെയ്ക്കുക.

1 മണിക്കൂറിനു ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മസാല എടുത്ത്, അതിലേക്ക് 2 ടേബിൾ സ്പൂൺ കോൺ ഫ്ളവർ , 1 ടേബിൾ സ്പൂൺ അരിപ്പൊടി എന്നിവ ചേർത്ത് നല്ലത് പോലെ കുഴച്ചു യോജിപ്പിക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച്, ചിക്കൻ വറുത്ത് എടുക്കുവാൻ ഉള്ള എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിന് ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കൻ എണ്ണയിലേക്ക് ഇട്ട് വറുത്തു എടുക്കുക.

അടുത്തതായി മറ്റൊരു പാനിൽ 1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുവാൻ വെക്കുക. എണ്ണ ചൂടായതിന് ശേഷം ഇതിലേക്ക് 2 tsp ചെറുതായി അരിഞ്ഞ വെളുത്തുള്ളി, 4 പച്ച മുളക് നെടുകെ കീറിയത്, ആവശ്യത്തിന് കറി വേപ്പില എന്നിവ ചേർത്ത് 1 മിനിറ്റ് മൂപ്പിച്ചു എടുക്കുക. ശേഷം വറുത്തു വെച്ചിരിക്കുന്ന ചിക്കൻ കൂടി പാനിലേക്ക് ചേർത്ത്, ഇവയെല്ലാം കൂടി യോജിപ്പിക്കുക. അതിന് ശേഷം 1 tsp കുരുമുളക് പൊടി കൂടി വിതറി 1 മിനിറ്റ് കുറഞ്ഞ തീയിൽ വെച്ച് ഇളക്കുക. സ്‌പൈസി ചിക്കൻ 65 തയ്യാർ.


കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക http://bit.ly/3qKLVbK

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close