
കുറച്ചു നാളുകൾ ആയി മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ട് ഇരിക്കുന്ന ഒരു വാർത്ത ആണ്, ചൈനീസ് ഫോണുകൾക്ക് എതിരെ ഇന്ത്യൻ സർക്കാർ പിടി മുറുക്കുന്ന കാഴ്ച. പ്രസ്തുത ഫോണുകൾ ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വെല്ലുവിളി ആയി മാറുന്നുണ്ടോ എന്ന സംശയം മുൻ നിർത്തിയാണ്, സർക്കാർ ഇപ്പോൾ ഈ ഫോണുകൾക്ക് എതിരെ തിരിയുന്നത്. ഈ ഫോണുകളിൽ ഉപയോഗിക്കുന്ന ഡാറ്റയുടെയും, ഘടകങ്ങളുടെയും വിശദാംശങ്ങൾ തേടി ചൈനീസ് ബ്രാന്റുകൾക്ക് ഇന്ത്യൻ സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട് എന്നതാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ട് ഇരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓപ്പോ, വൺ പ്ലസ്, വിവോ, ഐ ക്യു, റിയൽ മി തുടങ്ങി ഇന്ത്യയിൽ അനേകം ഉപഭോക്താക്കൾ ഉള്ള ഫോണുകൾ ആണ് നിലവിൽ ഭീതിയിൽ അകപെട്ടിരിക്കുന്നത്. ഇന്ത്യയിൽ കോടിക്കണക്കിനു ജനങ്ങൾ ആണ് ഈ കമ്പനികളുടെ ഫോണുകൾ ഉപയോഗിച്ചുകൊണ്ട് ഇരിക്കുന്നത്. അതിനാൽ തന്നെ ഇപ്പോൾ പുറത്ത് വന്നുകൊണ്ട് ഇരിക്കുന്ന ഈ വാർത്ത, ഇന്ത്യയിലെ പ്രസ്തുത ഫോണുകളുടെ ഉപഭോക്താക്കളെ ആശങ്കയിൽ ആക്കുന്നു. ഒരു പക്ഷെ ഈ ഫോണുകൾ രാജ്യം ബാൻ ചെയ്തു കഴിഞ്ഞാൽ തങ്ങളുടെ കൈവശം ഉള്ള ഫോണുകൾ പിന്നീട് ഉപയോഗിക്കുവാൻ കഴിയുമോ എന്ന ആശങ്ക ആണ് സാധാരണക്കാരെ അലട്ടുന്നത്.
എന്നാൽ ഇവ നിരോധിക്കുക ഇല്ല, മറിച്ച്, ഇന്ത്യ ഈ കമ്പനികൾക്ക് സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നോട്ടീസ് മാത്രം ആണ് അയച്ചിരിക്കുന്നത്, പ്രസ്തുത നോട്ടീസിന് മൊബൈൽ കമ്പനികൾ തക്കതായ മറുപടി നൽകുക ആണ് എങ്കിൽ, ഇവയ്ക്ക് പഴയത് പോലെ തന്നെ ഇന്ത്യയിൽ പ്രവർത്തനം തുടരാം എന്നതാണ് നിജസ്ഥിതി. ഇന്ത്യ പോലെ ഒരു വമ്പൻ മാർക്കറ്റ്, കേവലം ഒരു നോട്ടിസിന് മറുപടി നൽകാതിരുന്ന് ഈ കമ്പനികൾ ഉപേക്ഷിക്കുക ഇല്ല എന്ന് തന്നെ ആണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
സമാന സാഹചര്യത്തിൽ, ചൈനീസ് ആപ്പുകൾ രാജ്യത്തിന് വെല്ലുവിളി ആകുന്നു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഇന്ത്യയിൽ അവ ബാൻ ചെയ്തിരുന്നു. 2020 ജൂൺ മാസത്തിൽ ആയിരുന്നു ഇന്ത്യയിൽ ഐ.ടി ആക്ട് 69 എ പ്രകാരം 220 ഓളം ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നത്. ഭാരതത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ആകും എന്നത് കൊണ്ടാണ് ബെറ്റ്ഡാൻസ് കമ്പനിയുടെ ടിക് ടോക്, പബ് ജി, അലിബാബ കമ്പനിയുടെ യു.സി ബ്രൗസർ, ഷയോമിയുടെ കമ്മ്യുണിറ്റി ആപ്പ് ഉൾപ്പടെ നിരവധി ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നത്. ഇന്ത്യ ചൈനീസ് ബന്ധം വഷളായി വന്ന അവസരത്തിൽ ആയിരുന്നു ഇന്ത്യ അത്തരം ഒരു നടപടി കൈ കൊണ്ടത്.
നിലവിൽ ഇന്ത്യ നോട്ടീസ് അയച്ചിരിക്കുന്ന ചൈനീസ് മൊബൈൽ കമ്പനികൾ ഒരു പക്ഷെ ഇന്ത്യയിൽ തങ്ങളുടെ വിപണി നിർത്തുക ആണ് എങ്കിൽ, വലിയൊരു തൊഴിൽ ക്ഷാമത്തിനു കൂടി ആണ് ഭാരതം സാക്ഷ്യം വഹിക്കുവാൻ പോകുന്നത്. വിവോ, ഒപ്പോ തുടങ്ങിയ മൊബൈൽ കമ്പനികളിൽ ഇന്ത്യയിൽ 50,000 ൽ പരം ജനങ്ങൾ ജോലി നോക്കുന്നുണ്ട്. മറ്റു മൊബൈൽ കമ്പനികളുടെ കാര്യവും സമാന സ്ഥിതിയിൽ തന്നെ ആണ്. എന്നാൽ ഈ കമ്പനികൾ തങ്ങളുടെ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കുക ആണ് എങ്കിൽ ലക്ഷക്കണക്കിന് ജനങ്ങൾ തൊഴിലില്ലായ്മ നേരിടേണ്ടി വരും എന്നത് സംശയം ഇല്ലാത്ത ഒരു വസ്തുത ആണ്.
നിലവിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ദിനം പ്രത്രി വഷളായിക്കൊണ്ട് ഇരിക്കുക ആണ്. ആയതിനാൽ തന്നെ തുടർന്നും ചൈനയ്ക്ക് എതിരെ ഇന്ത്യയുടെ ഇത്തരത്തിൽ ഉള്ള നടപടികൾ പ്രതീക്ഷിക്കാവുന്നത് ആണ്. എന്നാൽ ഈ ഒരു വിഷയത്തിൽ മൊബൈൽ ഫോൺ കമ്പനികൾ ഇന്ത്യയെ പിണക്കുവാൻ സാധ്യത ഇല്ല എന്ന് തന്നെ ആണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യ പോലെ ഒരു വൻ കിട മാർക്കറ്റ് നഷ്ടമാകുക എന്നത്, ഈ കമ്പനികൾക്ക് നേരിടേണ്ടി വരുന്ന വലിയയൊരു തിരിച്ചടി തന്നെ ആയിരിക്കും. അതിനാൽ തന്നെ ഇന്ത്യയുടെ ആവശ്യങ്ങൾ അവർ അംഗീകരിക്കും എന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം