
കണ്ണൂരിൽ സി. ഐ. റ്റി. യു ക്കാർ വിലക്കിയ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ യുവാവിനെ ക്രൂരമായി മർദ്ദിച്ചു സി. ഐ. റ്റി. യു അംഗങ്ങൾ. ഫെബ്രുവരി 2 ന് പയ്യന്നൂർ മാതമംഗലത്തു ആയിരുന്നു സംഭവം അരങ്ങേറിയത്. സ്ഥലത്തെ എസ്. ആർ അസോസിയേറ്റ്സ് എന്ന ഹാർഡ് വെയർ കട ഉടമയും ആയി ഉള്ള നോക്ക് കൂലി തർക്കത്തെ തുടർന്ന്, സി. ഐ. റ്റി. യു തൊഴിലാളികൾ ഈ കടയിൽ നിന്നും സാധനം വാങ്ങുന്നതിനെ വിലക്കുക ആയിരുന്നു. എന്നാൽ പിന്നീട് ഈ കടയിൽ നിന്നും സാധനം വാങ്ങിയ അഫ്സൽ എന്ന യുവാവിനെ, അവരുടെ വിലക്ക് വക വെയ്ക്കാത്തതിനെ തുടർന്ന് സംഘം ക്രൂരമായി മർദ്ദിക്കുക ആയിരുന്നു. അക്രമണത്തിന് ഇരയായ അഫ്സൽ നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. ഇയാൾക്ക് നെഞ്ചിനും, തലയ്ക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സി. സി. ടി. വി ഡീലർ ആണ് അക്രമണത്തിന് ഇര ആയ അഫ്സൽ. സംസ്ഥാനത്തു ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകുന്ന മേഖല ആണ് സി. സി. ടി. വി, ഹോം ആട്ടോമേഷൻ ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം എന്നിവ ഉൾപ്പെട്ട ഇലക്ട്രോണിക് സിസ്റ്റം മേഖല.
എന്നാൽ ആഴ്ചകൾ ആയി നടന്നു വരുന്ന തങ്ങളുടെ സമരത്തിന് തടസ്സം സൃഷ്ടിക്കുവാൻ വന്ന ആൾ ആണ് അഫ്സൽ എന്ന് ആണ് സി. ഐ. റ്റി. യു വാദം ഉന്നയിക്കുന്നത്. അതിനാൽ ആണ് തങ്ങൾ യുവാവിനെ ആക്രമിക്കുവാൻ മുതിർന്നത് എന്ന ന്യായീകരണവും ആയി ആണ് സംഘടന മുന്നോട്ട് വന്നിരിക്കുന്നത്. സ്വന്തം തൊഴിലാളികളെ വെച്ച് ചരക്ക് ഇറക്കാം എന്ന പ്രത്യേക അനുമതി എസ്. ആർ അസോസിയേറ്റ്സ് എന്ന സ്ഥാപനം ഹൈ കോടതിയിൽ നിന്നും നേടി എടുത്തിരുന്നു. ഇതേ തുടർന്ന് സ്ഥാപനം പോലീസ് സംരക്ഷണയിലും ആയിരുന്നു. ഇതാണ് തൊഴിലാളികളെ ചൊടിപ്പിക്കുവാൻ ഇട ആയത്.
പ്രസ്തുത വിധിയെ തുടർന്ന് സി. ഐ. റ്റി. യു തൊഴിലാളികൾ ആഴ്ചകൾ ആയി കടയുടെ മുന്നിൽ സമരത്തിൽ ആണ്. ഇത് കൂടാതെ തന്നെ ഈ കടയിൽ നിന്നും മറ്റുള്ളവർ സാധനം വാങ്ങുന്നതിനെ വിലക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇവിടെ അഫ്സൽ എന്ന യുവാവ് സാധനം വാങ്ങുവാൻ എത്തിയത്, പ്രതിഷേധത്തിൽ ഇരുന്ന തൊഴിലാളികളെ പ്രകോപിപ്പിക്കുകയും, ഇതേ തുടർന്ന് അക്രമത്തിൽ കലാശിക്കുകയും ആയിരുന്നു. ഇതിൽ പ്രതിഷേധിച്ചു മുസ്ലിം ലീഗ് മാതമംഗലത്തു ഫെബ്രുവരി 3 ന് നടത്തിയ പ്രതിഷേധ ജാഥയിൽ, സി. ഐ. റ്റി. യു അംഗങ്ങൾ ആക്രമിച്ചു കയറി, ജാഥ സംഘർഷഭരിതം ആക്കി മാറ്റിയിരുന്നു. ഇതിൽ 3 മുസ്ലിം ലീഗ് പ്രവർത്തകർക്ക് സാരമായി പരിക്ക് ഏറ്റിട്ടുണ്ട്.
മുഖ്യമന്ത്രി ശ്രി. പിണറായി വിജയൻ എൻ. ആർ. ഐ വ്യവസായികളെ, കേരളത്തിലേക്ക് ബിസിനസ് വ്യാപിപ്പിക്കുവാൻ വേണ്ടി ക്ഷണിക്കുവാൻ ആയി യു. എ. ഇ യിൽ സന്ദർശനത്തിന് പോയിരിക്കുന്ന ഈ വേളയിൽ ആണ് നമ്മുടെ കേരളത്തിൽ ചെറുകിട കച്ചവടക്കാർക്ക്, തങ്ങളുടെ കച്ചവടം മുന്നോട്ട് കൊണ്ട് പോകുവാൻ അനേകം വെല്ലുവിളികൾ നേരിടേണ്ടി വരുന്നത്. എതിരാളികളെ കൂട്ടമായി നിന്ന് ഒറ്റപ്പെടുത്തുക എന്ന തന്ത്രം കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പതിവ് കാഴ്ച ആണ്. കേരളത്തിലെ സേവന മേഖലയെ താങ്ങി നിർത്തുന്ന വിഭാഗക്കാർ ആണ് വ്യാപാരികൾ. എന്നാൽ ഇപ്പോൾ വ്യാപാരികൾക്ക് തങ്ങളുടെ വ്യാപാരം മുന്നോട്ട് കൊണ്ട് പോകണം എങ്കിൽ അനേകം വെല്ലുവിളികൾ നേരിടേണ്ടി വരും എന്ന ദുരവസ്ഥ ആണ് കേരളത്തിൽ.
പുതിയ സംരംഭം തുടങ്ങുവാൻ തയ്യാർ ആയി ഒരു ആൾ മുൻപോട്ട് വന്നാൽ, നോക്ക് കൂലി, ഇറക്ക് കൂലി, ബക്കറ്റ് പിരിവ് തുടങ്ങിയവ എല്ലാം നേരിടുവാൻ സജ്ജം ആയിരിക്കണം. അല്ലാത്ത പക്ഷം കൊടി കുത്തൽ, സമരം, വിരട്ടി ഓടിക്കൽ, ആക്രമണം എന്നിവ നേരിടേണ്ടി വരും എന്ന ഭീഷണി ആണ് ഇത് പോലെ ഉള്ള ഓരോ സംഭവങ്ങളിലും വിളിച്ചോതുന്നത്. എന്നാൽ ഈ സംരംഭങ്ങളെ തകർക്കുക വഴി, സ്വന്തം കഞ്ഞിയിൽ തന്നെ പാറ്റയിടുകയാണ് തങ്ങൾ എന്ന യാഥാർഥ്യം ഈ കൂട്ടർ മനസ്സിലാക്കുന്നില്ല. ഒരു നാട് വളർച്ചയുടെ പാതയിൽ എത്തി ചേരണം എങ്കിൽ അതിൽ വ്യവസായങ്ങൾ വഹിക്കുന്ന പങ്ക് ചെറുത് അല്ല. വ്യവസായ സൗഹൃദ സംസ്ഥാനം ആണ് കേരളം എന്ന് അധികാരികൾ പലപ്പോഴായി പ്രഖ്യാപിക്കുമ്പോഴും, ഇപ്പോഴും വ്യവസായികൾക്ക് പ്രതിസന്ധികൾ കൂടാതെ ഇവിടെ വ്യാപാരം നടത്തിക്കൊണ്ട് പോകുവാൻ സാധിക്കുന്നില്ല എന്ന വസ്തുത തീർത്തും ദുഃഖകരം ആണ്.
Read also: C.C.T.V & Networking – SSLC മുതൽ എഞ്ചിനീയറിംങ് വരെ പഠിച്ചവർക്ക് അനുയോജ്യമായ തൊഴിൽ മേഖല !