
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവര്ത്തകന് പീഡിപ്പിച്ചതായി രാതി. ആരോഗ്യ പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ഹെല്‍ത്ത് ഇന്‍സ്പക്ടറുടെ വീട്ടില്‍ പോയപ്പോഴായിരുന്നു പീഡനമെന്ന് യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ക്കെതിരെ തിരുവനന്തപുരം വെള്ളറട പൊലീസ് കേസെടുത്തു. പത്തനംതിട്ടയില്‍ ആംബുലന്‍സില്‍ വച്ച് യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പെയാണ് പുതിയ സംഭവം.
മലപ്പുറത്ത് ജോലിക്ക് പോയിരുന്ന യുവതി നാട്ടില്‍ തിരിച്ചെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. നിരീക്ഷണ കാലാവധിക്ക് ശേഷം കോവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവാകുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി സെപ്റ്റംബര്‍ മൂന്നിന് പാങ്ങോടുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ വീട്ടില്‍ എത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതി.
സംഭവത്തിന് ശേഷം വെള്ളറടയിലെ സുഹൃത്തിന്റെ വീട്ടില്‍ കഴിഞ്ഞ യുവതി വെള്ളറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴി എടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ്. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയാണ് പരാതിക്കാരി.
പരിശോധനയില്‍ രോഗബാധയില്ലെന്ന് വ്യക്തമായതോടെ ജോലി സംബന്ധമായ ആവശ്യത്തിനായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ട്ടിഫിക്കറ്റിനായി തിരുവനന്തപുരം പാങ്ങോടുള്ള വീട്ടിലേക്ക് വരണമെന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് പാങ്ങോടെത്തിയ യുവതിയെ വീട്ടില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
വെള്ളറട പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റര്‍ ചെയ്തു.