കൊറോണ വൈറസ് ഉത്ഭവ സ്ഥാനം ചൈനീസ് ലാബിൽ നിന്നാണെന്ന വാദം നിഷേധിച്ചു ചൈന.


Spread the love

കൊറോണ വൈറസ് ലോകമെമ്പാടും വലിയ തോതിൽ വ്യാപിച്ചിരിക്കുകയാണ്. വിരലിൽ എണ്ണാവുന്ന രാജ്യങ്ങൾ മാത്രമേ ഇനിയും കോറോണയുടെ പിടിയിലാ കുവാൻ ബാക്കിയുള്ളു. ലോകം മുഴുവൻ കൈയടക്കിയ കൊറോണ വൈറസിന്റെ ഉത്ഭവസ്ഥാനം ചൈനയിലായിരുന്നു. ചൈനയിലെ വുഹാൻ എന്ന പ്രവിശ്യയിലെ ഒരു മാംസ മാർക്കറ്റിലെ തൊഴിലാളികളിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട്‌ ചെയ്തതെന്ന വിവരമാണ് ചൈന ലോകത്തിനു മുന്നിൽ അണിനിരത്തിയത്. എന്നാൽ ഈ റിപ്പോർട്ടിൽ പല ലോക രാഷ്ട്രങ്ങളും സംതൃപ്‌തരല്ലായിരുന്നു എന്നതാണ് വാസ്തവം. അതിനാൽ തന്നെ വൈറസിന്റെ ഉത്ഭവം, പകർച്ച എന്നിവയെക്കുറിച്ചെല്ലാം പല രാജ്യങ്ങളും രഹസ്യമായും, പരസ്യമായും അന്വേഷണങ്ങൾ നടത്തി വരികയാണിപ്പോൾ. അതിനിടയിലായിരുന്നു ഈ വൈറസ് ഉത്ഭവിച്ചത് വുഹാൻ മാർക്കറ്റിൽ നിന്നല്ല മറിച്ചു ചൈനയിലെ ഒരു ലാബിൽ നിന്നായിരുന്നെന്നും, ലാബിലെ 2 ശാസ്ത്രജ്ഞന്മാർ വുഹാനിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപേ തന്നെ ഈ രോഗത്തിന് ചികിത്സ തേടിയിരുന്നു എന്ന നിർണ്ണായക വാദവുമായി അമേരിക്ക മുന്നോട്ട് വന്നത്.

എന്നാൽ ഇപ്പോൾ ആ വാദത്തെ പൂർണ്ണമായും നിഷേധിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രാലയം തലവൻ യാങ് ജെയ്ച്ചി ആയി, കഴിഞ്ഞിടെ നടത്തിയ ഫോൺ സംഭാഷണത്തിൽ അദ്ദേഹത്തോട് കൊറോണ വൈറസ് ഉത്ഭവത്തെയും, വ്യാപനത്തെയും കുറിച്ചുള്ള അന്വേഷണത്തിൽ ചൈനയുടെ പൂർണ്ണ പിന്തുണ വേണമെന്ന് യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകെൻ ആവശ്യപ്പെട്ടു. ഇതിന് മറുപടിയെന്നവണ്ണം, കൊറോണ വൈറസ് ഉത്ഭവം ചൈനീസ് ലാബുകളിൽ നിന്നാണെന്നും, ചൈന ഇത് മന:പ്പൂർവ്വം നിർമ്മിച്ച വൈറസ് ആണെന്നുമുള്ള യു. എസ് ഗോസിപ്പുകൾ ഖേദകരമാണെന്നും യാങ് ജെയ്ച്ചി ആയി അറിയിച്ചു.

യു. എസ് ഗവണ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ദേശീയ ലബോറട്ടറി, കോവിഡ് 19 വൈറസ് ചൈനീസ് ലാബിൽ നിന്നും വ്യാപിച്ചതാണെന്ന അനുമാനത്തിന് സാധ്യത യുണ്ടെന്നും അതിനാൽ കൂടുതൽ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണെന്നും റിപ്പോർട്ട് നൽകിയിരുന്നതായി അമേരിക്കൻ ദിന പത്രം വാൾ സ്ട്രീറ്റ് പ്രസിദ്ധീകരിച്ചിരുന്നു.ഇതിന് മറുപടിയായി, നിലവിലെ വ്യക്തമായ തെളിവുകൾക്കും, വസ്തുതകൾക്കും കൂടുതൽ പ്രാധാന്യം നൽകുവാനും രാഷ്ട്രീയ വത്കരിക്കുകയല്ല ചെയ്യേണ്ടതെന്നും മുന്നറിയിപ്പ് നൽകി.ഇപ്പോഴത്തെ സാഹചര്യത്തിൽ തങ്ങൾക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുവാൻ മത്സരിക്കാതെ, കോവിഡ് 19 ന് എതിരെയുള്ള പോരാട്ടങ്ങളിൽ മറ്റു ലോക രാജ്യങ്ങളോട് സഹകരിക്കുവാൻ അമേരിക്കയോട് തങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും ചൈന പറഞ്ഞു.

2021 ജൂൺ 11 മുതൽ 13 വരെ ബ്രിട്ടനിൽ അരങ്ങേറിയ 47 ആമത് ജി7 ഉച്ചകോടിക്ക് മുന്നോടിയായുള്ള ഫോൺ സംഭാഷണത്തിൽ ആയിരുന്നു ആന്റണി ബ്ലിൻകെൻ ചൈനയോടു ഈ ആവശ്യം ഉന്നയിച്ചത്.കൂടാതെ ചൈനയിൽ നടന്നു വരുന്ന ഉയിഗർ മുസ്ലിം വംശത്തോട് കാണിക്കുന്ന വർഗ്ഗീയ പീഡനത്തെക്കുറിച്ചും അദ്ദേഹം ചർച്ച നടത്തി.

പരസ്യമായി വലിയ തോതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും ലോക ശക്തികളിൽ ഒന്നും രണ്ടും സ്ഥാനത്തും നിൽക്കുന്ന അമേരിക്കയും, ചൈനയും ഇപ്പോൾ ശത്രു ദ്രുവങ്ങളിലാണ്. മുതലാളിത്ത രാജ്യമായ അമേരിക്കയും, കമ്മ്യൂണിസ്റ്റ്‌ രാജ്യമായ ചൈനയും തമ്മിൽ മുൻപ് മുതലേ ആസ്വാരസങ്ങൾ ഉണ്ടായിരുന്നെങ്കിലും, സമ്പദ്ഘടനയിൽ ചൈന  നേടിക്കൊണ്ടിരിക്കുന്ന മേൽക്കോയ്മയും, ലോക രാഷ്ട്രങ്ങളെ തകർച്ചയിലാക്കിയ കൊറോണ വൈറസ് വ്യാപനവുമെല്ലാം അമേരിക്കയ്ക്ക് ചൈനയോടു കൂടുതൽ ഈർഷ്യ ഉളവാക്കുവാൻ കാരണമായിരിക്കുകയാണിപ്പോൾ .

കഴിഞ്ഞ മാർച്ച്‌ മാസത്തിൽ യു. എസ്. ലെ അലാസ്കയിൽ വച്ചു,  അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ചൈനീസ് പ്രതിനിധികളുമായി നടത്തിയ അഡ്മിനിസ്ട്രേഷൻ ഹൈലെവൽ മീറ്റിങ്ങിൽ ചൈനയും ആന്റണി ബ്ലിൻകെനും തമ്മിൽ കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് ചൂടേറിയ വാദ പ്രതിവാദം നടന്നിരുന്നു. വൈറസ് വ്യാപനത്തോടനുബന്ധിച്ചു “ചൈനയുടെ മ്ലേച്ഛമായ നടപടികൾ” എന്ന വാദം അമേരിക്ക ഉയർത്തിയതായിരുന്നു ചൈനീസ് പ്രതിനിധികളെ അന്ന് ചൊടിപ്പിച്ചിരുന്നത്.

കൊറോണ വൈറസ് പ്രഭാവത്തിൽ മറ്റു ലോക രാഷ്ടങ്ങൾ വൻ സാമ്പത്തിക നഷ്ടത്തിലേക്കും, ദാരിദ്ര്യത്തിലേക്കും കൂപ്പു കുത്തുമ്പോൾ, അതിന്റെ ഉത്ഭവസ്ഥാനമായ ചൈന മാത്രം സാമ്പത്തികമായി വളർന്നു വരുന്ന കാഴ്ചയ്ക്കാണിപ്പോൾ ലോകം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. തുടക്കത്തിൽ കൊറോണ വൈറസ് ചൈനയെ വലിയ രീതിയിൽ തകർത്തുകൊണ്ടിരിക്കുകയാണെന്ന വാർത്തകൾ ആയിരുന്നു അവർ മാധ്യമങ്ങളിലൂടെപുറത്ത് വിട്ടുകൊണ്ടിരുന്നത്. എന്നാൽ കോവിഡ് മറ്റു രാജ്യങ്ങളിലേക്ക് പകരുകയും, അവർ കോവിഡ് പ്രഭാവത്തിൽ തളരുകയും ചെയ്തപ്പോൾ  ചൈന മാത്രം ഉയർച്ചയിലേക്കെത്തുകയായിരുന്നു. ഇത് ചൈനയ്ക്കെതിരെയുള്ള സംശയങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടുന്നു.

Read More:https://exposekerala.com/covid-19-china-us-relations/

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.https://bit.ly/3jhwCp6

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close