കോവിഡ് 19 ന്റെ യഥാർത്ഥ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം യു.എസ് കേന്ദ്രീകരിച്ചു ആയിരിക്കണം: ചൈന


Spread the love

കോവിഡ് 19 വൈറസ് ഇപ്പോൾ പല രാജ്യങ്ങളിലും അതിന്റെ രണ്ടാം ഘട്ടത്തിന്റെ മൂർധന്യ അവസ്ഥയിൽ എത്തി നിൽക്കുമ്പോഴും കൊറോണ വൈറസ് എവിടെ നിന്നും, എങ്ങനെ ഉത്ഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അന്വേഷണങ്ങളിലാണ് ലോകത്തെ പല രാജ്യങ്ങളും. പലരും രഹസ്യം ആയും, പരസ്യം ആയും വൈറസ് ഉത്ഭവത്തെ പറ്റി അന്വേഷണം നടത്തി വരുന്നുമുണ്ട്. ഇതിൽ പ്രധാനിയാണ് അമേരിക്ക. തുടക്കം മുതലേ ഈ വൈറസ് വ്യാപനം ചൈനയുടെ രഹസ്യ പദ്ധതി ആണെന്ന വാദം അമേരിക്ക ഉന്നയിച്ചിരുന്നു. വൈറസ് വ്യാപനത്തിലൂടെ പല രാജ്യങ്ങളെയും തകർച്ചയിലേക്ക് കൂപ്പു കുത്തിക്കുകയും, അത് വഴി ലോകത്തെ ഒന്നാം നമ്പർ ശക്തി എന്ന സ്ഥാനത്തേക്ക് അമേരിക്കയെ പിൻ തള്ളി എത്തുവാനുമാണ് ചൈനയുടെ ശ്രമം എന്ന രീതിയിൽ ചൈനയ്ക്കെതിരെ ലോകത്തിന്റെ പല കോണിൽ നിന്നും ആരോപണങ്ങളും ഉയർന്നു . എന്നാൽ ഈ വാദങ്ങളെയെല്ലാം ശക്തമായി എതിർത്തു കൊണ്ട്, കോവിഡ് 19 വൈറസിന്റെ ഉത്ഭവത്തിൽ അമേരിക്കയെ സംശയിക്കണം എന്ന വാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പൊൾ ചൈന.

ചൈനയിലെ ഒരു സീനിയർ എപ്പിഡമോളജിസ്റ്റ് ആണ് അമേരിക്കയ്ക്ക് എതിരായ ഈ വാദം ഇപ്പോൾ മുന്നോട്ട് വെച്ചിരിക്കുന്നത്. 2019 ഡിസംബറിൽ ചൈനയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യുന്നതിന് മുൻപേ തന്നെ അമേരിക്കയിൽ ഈ രോഗം രഹസ്യമായി റിപ്പോർട്ട് ചെയ്തിരുന്നു എന്നാണ് അദ്ദേഹം ഉന്നയിക്കുന്ന വാദം. യു. എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത്‌ (N. I. H) ഈ ആഴ്ച പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പ്രകാരം യു. എസ് ഔദ്യോഗികമായി തങ്ങളുടെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിന് ആഴ്ചകൾക്ക് മുൻപേ തന്നെ, അവിടുത്തെ 5 സ്റ്റേറ്റുകളിൽ ആയി 7 ഓളം ആളുകൾ ‘സാർസ് കോവ് 19’ എന്ന കോവിഡ് 19 വൈറസ് ബാധിതർ ആയി എന്ന് സൂചിപ്പിക്കുന്നു. ഇത് അടിസ്ഥാനപ്പെടുത്തി ആണ് ഇപ്പോൾ അമേരിക്കയെ പ്രതി സ്ഥാനത്തു നിർത്തി അന്വേഷണം തുടരണം എന്ന വാദം ചൈനീസ് എപ്പിഡമോളജിസ്റ്റ് ഉന്നയിക്കുന്നത്. എന്നാൽ കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധീകരിച്ച ചൈനയും, ലോക ആരോഗ്യ സംഘടനയും സംയുക്തമായി നടത്തിയ പഠന റിപ്പോർട്ട് പ്രകാരം ഈ വൈറസ് വന്യ ജീവി വ്യാപാരത്തിൽ കൂടിയോ, അല്ലെങ്കിൽ വവ്വാൽ പോലുള്ള സസ്തനികൾ വഴിയോ മനുഷ്യരിലേക്ക് പകർന്നിരിക്കാമെന്നും സൂചിപ്പിക്കുന്നു.

നിലവിൽ പല രാജ്യങ്ങളും ചൈനയെ ആണ് കോവിഡ് 19 ഉത്ഭവത്തിന് പ്രതിക്കൂട്ടിൽ നിർത്തുന്നത്. ചൈനയിലെ ലാബിൽ നിന്നാണ് ഈ വൈറസ് ചോർന്നത് എന്ന വാദവും ലോക രാഷ്ടങ്ങൾക്ക് ഇടയിൽ ശക്തിമായുണ്ട്. ഇതേ സമയം ബെയ്ജിങ് വാദിക്കുന്നത്, കൊറോണ വൈറസ് ഒരു പക്ഷെ ചൈനയിലേക്ക് എത്തിപ്പെട്ടത്, മലിനമായ ശീതീകരിക്കപ്പെട്ട ആഹാര സാധനങ്ങൾ വഴി ആകാമെന്നാണ്. അല്ലാതെ ഒരിക്കലും തങ്ങൾ കൃത്രിമം ആയി നിർമ്മിച്ചു എടുത്ത ഒരു വൈറസ് അല്ല എന്ന വാദത്തിൽ തുടക്കം മുതൽ അവർ ഉറച്ചു നിൽക്കുകയാണ്. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനില ( Chineese Center for Disease Control and Prevention) ചീഫ് എപ്പിഡെമിയോളജിസ്റ്റ് സെങ് ഗുവാങ് ചൈനീസ് മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്ന റിപ്പോർട്ട് പ്രകാരം, രോഗത്തിന്റെ തുടക്കത്തിൽ തന്നെ രോഗികളെ ചികിൽസിക്കുന്നതിൽ മന്ദഗതി കാണിച്ച അമേരിക്ക ആണ് തെറ്റുകാർ. ഇത്രയും മെഡിക്കൽ സൗകര്യങ്ങളും, ഹോസ്പിറ്റലുകളും ഒക്കെ ഉള്ള ഒരു വികസിത രാജ്യം ആയിരുന്നിട്ട് പോലും തുടക്കം മുതലേ അമേരിക്ക കാണിച്ച ശ്രദ്ധക്കുറവ് ആണ് രോഗം ഇത്രയും വ്യാപിക്കുവാൻ ഇടയാക്കിയത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ഇപ്പോൾ കൊറോണ വ്യാപനത്തിലൂടെ ലോകത്തെ ഒന്നാം സ്ഥാനത്തും, രണ്ടാം സ്ഥാനത്തുമുള്ള അമേരിക്കയേയും ചൈനയെയും ശത്രു ചേരികളിൽ ആക്കിയിരിക്കുകയാണ്. വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആണ് രോഗം പകർന്നത് എന്ന വാദം അമേരിക്ക ശക്തമായി ഉന്നയിക്കുമ്പോൾ, തിരിച്ചു അമേരിക്ക ആണ് രോഗവ്യാപനത്തിന് കാരണം എന്ന് ചൈനയും വാദിക്കുന്നു. 2019 സെപ്റ്റംബർ മുതൽ തന്നെ അമേരിക്കയിൽ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നു എന്നതിൽ ആണ് ചൈന ഉറച്ചു നിൽക്കുന്നത്. അതെ സമയം ചൈനയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് 2019 ഡിസംബർ മുതൽ ആയിരുന്നു എന്നും അവർ പറയുന്നു. സത്യം എന്ത് തന്നെ ആയിരുന്നാലും, കൊറോണ വൈറസ് ഉത്ഭവത്തെ കുറിച്ച് പരസ്പരം പഴി ചാരുവാൻ ആണ് ഈ രണ്ട് രാജ്യങ്ങളും ഇപ്പോൾ മുൻ കൈ എടുക്കുന്നത്.

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.https://bit.ly/3jhwCp6

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close