കോവിഡ് 19 ന്റെ യഥാർത്ഥ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം യു.എസ് കേന്ദ്രീകരിച്ചായിരിക്കണം: ചൈന


Spread the love

കോവിഡ് 19 വൈറസ് അതിൻ്റെ  രണ്ടാം ഘട്ടത്തിന്റെ  മൂർദ്ധന്യാവസ്ഥയിലെത്തി നിൽക്കുമ്പോഴും,  കൊറോണ വൈറസ് എവിടെ നിന്ന്, എങ്ങിനെ   ഉത്ഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അന്വേഷണങ്ങളിലാണ് പല രാജ്യങ്ങളും . ഈ വൈറസിൻ്റെ ഉത്ഭവത്തെപ്പറ്റി പല രാജ്യങ്ങളും രഹസ്യമായും, പരസ്യമായും അന്വേഷണം നടത്തിവരുന്നുമുണ്ട്. ഇതിൽ പ്രധാനിയാണ് അമേരിക്ക. തുടക്കം മുതലേ ഈ വൈറസ് വ്യാപനം ചൈനയുടെ രഹസ്യ പദ്ധതിയാണ് എന്ന വാദം അമേരിക്ക ഉന്നയിക്കുന്നുണ്ട്. ഇതുവഴി മറ്റു രാജ്യങ്ങളെ  തകർച്ചയിലേക്കേത്തിക്കുകയും , അങ്ങനെ ലോകത്തെ ഒന്നാം നമ്പർ ശക്തി എന്ന സ്ഥാനത്തുനിന്നും അമേരിക്കയെ പിൻതള്ളാനുമാണ്  ചൈനയുടെ ശ്രമമെന്ന രീതിയിൽ ചൈനയ്ക്കെതിരെ ലോകത്തിന്റെ പല കോണിൽ നിന്നും വാദങ്ങളും ഉയരുന്നു. എന്നാൽ ഇതിനെയെല്ലാം ശക്തമായി എതിർത്തുകൊണ്ട്, കോവിഡ് 19 വൈറസിന്റെ ഉത്ഭവത്തിൽ അമേരിക്കയെ സംശയിക്കണമെന്ന വാദവുമായി മുന്നോട്ട് വന്നിരിക്കയാണ് ചൈന.

ചൈനയിലെ ഒരു സീനിയർ എപ്പിഡമോളജിസ്റ്റ്  ഇപ്പോൾ അമേരിക്കക്കെതിരായ ഈ വാദം മുന്നോട്ട് വെച്ചിരിക്കുന്നു. 2019 ഡിസംബറിൽ ചൈനയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യുന്നതിന് മുൻപുതന്നെ അമേരിക്കയിൽ ഇത് രഹസ്യമായി റിപ്പോർട്ട് ചെയ്തിരുന്നു എന്ന് അദ്ദേഹം ആരോപിക്കുന്നുമുണ്ട്.

യു. എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത്‌ (N. I. H) പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പ്രകാരം, യു. എസ് ഔദ്യോഗികമായി തങ്ങളുടെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിന് ആഴ്ചകൾക്ക് മുൻപു തന്നെ, അവിടുത്തെ 5  സ്റ്റേറ്റുകളിലാ യി 7 ഓളം ആളുകൾ ‘സാർസ് കോവ് 19’ എന്ന കോവിഡ് 19 വൈറസ് ബാധിതരായി എന്ന് സൂചിപ്പിക്കുന്നു.
ഇതടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ അമേരിക്കയെ പ്രതിസ്ഥാനത്തു നിർത്തി അന്വേഷണം തുടരണമെന്ന വാദം ചൈനീസ് എപ്പിഡമോളജിസ്റ്റ് ഉന്നയിക്കുവാനുള്ള കാരണം. എന്നാൽ കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധീകരിച്ച ചൈനയും, ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തിയ പഠന റിപ്പോർട്ട് പ്രകാരം ,ഈ വൈറസ് ,വന്യ ജീവി വ്യാപനത്തിൽ കൂടിയോ,  വവ്വാൽ പോലുള്ള സസ്തനികൾ വഴിയോ മനുഷ്യരിലേക്ക് പകർന്നിരിക്കാമെന്നും സൂചിപ്പിക്കുന്നു.

പല രാജ്യങ്ങളും നിലവിൽ ചൈനയെയാണ് കോവിഡ് 19 ഉത്ഭവത്തിന് പ്രതിക്കൂട്ടിൽ നിർത്തുന്നത്. ചൈനയിലെ ലാബിൽ നിന്നാണ് ഈ വൈറസ് ചോർന്നതെന്ന വാദവും ലോക രാഷ്ട്രങ്ങൾക്കിടയിൽ ശക്തിയാർജ്ജിച്ചു വരുന്നു.
എന്നാൽ ബെയ്ജിങ് വാദിക്കുന്നത്,  കൊറോണ വൈറസ് ചൈനയിലേക്ക്  എത്തിപ്പെട്ടത് ഒരു പക്ഷെ, മലിനമായ ശീതീകരിക്കപ്പെട്ട ആഹാര സാധനങ്ങൾ വഴിയാകാമെന്നാണ്.   തങ്ങൾ കൃത്രിമമായി നിർമ്മിച്ചെടുത്ത ഒരു വൈറസ് അല്ല എന്ന വാദത്തിൽ  അവർ ഉറച്ചു നിൽക്കുന്നു. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ( Chineese Center for Disease Control and Prevention) ചീഫ് എപ്പിഡെമിയോളജിസ്റ്റ് സെങ് ഗുവാങ് ,ചൈനീസ് മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്ന റിപ്പോർട്ട് പ്രകാരം, രോഗത്തിന്റെ തുടക്കത്തിൽ തന്നെ രോഗികളെ ചികിത്സിക്കുന്നതിൽ മന്ദഗതി കാണിച്ച അമേരിക്കയാണ് തെറ്റുകാർ. ഇത്രയും മെഡിക്കൽ സൗകര്യങ്ങളും, ഹോസ്പിറ്റലുകളുമൊക്കെയുള്ള ഒരു വികസിത രാജ്യമാ യിരുന്നിട്ടും തുടക്കം മുതൽ അമേരിക്ക കാണിച്ച ശ്രദ്ധക്കുറവാണ് രോഗം ഇത്രയും വ്യാപിക്കുവാനിടയാക്കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

കൊറോണ വ്യാപനം ലോകത്ത് ഒന്നും, രണ്ടും സ്ഥാനത്ത്  നിൽക്കുന്ന ശക്തികളായ അമേരിക്കയേയും, ചൈനയെയും ശത്രു ചേരികളിലാക്കിയിരിക്കുന്നു.
വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് രോഗം പകർന്നതെന്ന വാദം അമേരിക്ക ശക്തമായ് ഉന്നയിക്കുമ്പോൾ,  അമേരിക്കയാണ് രോഗ വ്യാപനത്തിന് കാരണമെന്ന് ചൈന വാദിക്കുന്നു. 2019 സെപ്റ്റംബർ മുതൽ  അമേരിക്കയിൽ കൊറോണ വൈറസ് സാന്നിധ്യമു ണ്ടായിരുന്നുവെന്നതിൽ ചൈന ഉറച്ചു നിൽക്കുന്നു. എന്നാൽ ചൈനയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് 2019 ഡിസംബർ മുതലായിരുന്നെന്ന് അവർ പറയുന്നു. സത്യം എന്തു തന്നെ ആയാലും, കൊറോണ വൈറസ് ഉത്ഭവത്തെ കുറിച്ച് പരസ്പരം പഴിചാരുവാൻ ഈ രണ്ട് രാജ്യങ്ങളും ഇപ്പോൾ മുൻകൈയെടുക്കുന്നു.

Read more:https://exposekerala.com/covid-vaccine-4/

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.https://bit.ly/3jhwCp6

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close