
വാഷിങ്ടൺ: കോവിഡ് 19 മഹാമാരി ഇന്ത്യയെ തകർത്തുകളഞ്ഞുവെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ കോവിഡ് വ്യാപിക്കാൻ കാരണക്കാരെന്ന് ആരോപിക്കുന്ന ചൈന അമേരിക്കക്ക് 10 ട്രില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
“നഷ്ടപരിഹാരത്തിന്റെ കണക്കെടുത്താൽ
ചൈന ലോകത്തിന് ഇതിലധികം തുകയാണ് നഷ്ടപരിഹാരം നൽകേണ്ടത്. എന്നാൽ അവർക്ക് ഇത്രയും മാത്രമേ നൽകാൻ കഴിയൂ.അവർ ചെയ്ത കാര്യങ്ങൾ വിവിധ രാജ്യങ്ങളെ നശിപ്പിച്ചു. ഞാൻ അത് ആകസ്മികമായി സംഭവിച്ചതാണെന്ന് പ്രതീക്ഷിക്കുന്നുവെന്നും’ ട്രംപ് പറഞ്ഞു.ആകസ്മികമാണെങ്കിലും അല്ലെങ്കിലും കോവിഡ് വിവിധ രാജ്യങ്ങെള തകർത്തു. ആകസ്മികമാണെങ്കിൽ കൂടി നിങ്ങൾ എല്ലാ രാജ്യങ്ങളിലേക്കും നോക്കൂ. നമ്മുടെ രാജ്യത്തെയും വളരെയധികം ബാധിച്ചു. മറ്റു രാജ്യങ്ങളെ അതിനേക്കാളേറെ ബാധിച്ചു -ട്രംപ് പറഞ്ഞു.
ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. ഇന്ത്യ ഇപ്പോൾ തകർന്നടിഞ്ഞിരിക്കുന്നു. ഫലത്തിൽ എല്ലാ രാജ്യങ്ങളും നശിപ്പിക്കപ്പെട്ടു. ഇതിൽനിന്ന് തിരിച്ചുവരാൻ ചൈന എല്ലാ രാജ്യങ്ങളെയും സഹായിക്കണം.
ഇക്കാരണങ്ങൾ കൊണ്ടാണ് വൈറസ് എവിടെ നിന്നാണ് വന്നത് എന്നതിനെ കുറിച്ച് കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വേഗത്തിൽ മടങ്ങിവരുന്ന രണ്ട് സാമ്പത്തിക ശക്തികളിലൊന്നായ ചൈന തീർച്ചയായും സഹായഹസ്തം നീട്ടേണ്ടതുണ്ടെന്നും ട്രംപ് ആവശ്യപ്പെട്ടു.2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. നേരത്തേ തന്നെ വുഹാനിലെ വൈറോളജി ലാബിൽ നിർമിച്ചതാണ് കൊറോണ വൈറസെന്ന ആരോപണം ട്രംപ് ഉയർത്തിയിരുന്നു.