
കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ നിന്ന് കടന്നു കളഞ്ഞ കോവിഡ് രോഗിയെ തിരിച്ചെത്തിച്ചെങ്കിലും, ഇന്ന് രാവിലെ രോഗിയെ ഐസൊലേഷൻ വാർഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.നെടുമങ്ങാട് ആനാട് സ്വദേശിയായ 33കാരനാണ് ആത്മഹത്യ ചെയ്തത്.ഇയാളുടെ അവസാന കോവിഡ് ടെസ്റ്റ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ചു കടന്നു കളഞ്ഞ ഇയാളെ നാട്ടുകാർ തടഞ്ഞു വച്ചു ഐസൊലേഷനിൽ തിരിച്ചെത്തിച്ചിരുന്നു.അപസ്മാര രോഗമുൾപ്പെടെ ഉണ്ടായിരുന്ന ഇയാൾക്ക് അതിനു ശേഷം കൗൺസിലിംഗും നടത്തിയിരുന്നു.ഇന്ന് രാവിലെ 11 മണിയോടെ നേഴ്സ് റൂമിലെത്തിയപ്പോഴാണ് ഇയാളെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.ഉടൻ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല
രോഗി മരിച്ച സംഭവം ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥയാണെന്നു വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം രോഗി ചാടി പോയത് ആവശ്യത്തിനുള്ള സെക്യൂരിറ്റി ഇല്ലാത്തതാണെന്നും അതെ രോഗിക്കു വീണ്ടും ശരിയായ മാർഗ നിർദേശവും സംരക്ഷണവും നൽകാൻ വീഴ്ച വന്നതാണ് ദൗർഭാഗ്യകരമായ ഈ മരണത്തിനു കാരണമെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യ മന്ത്രി ഖേദം പ്രകടിപ്പിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.