കൊറോണയ്ക്ക് ഒപ്പം കുറ്റകൃത്യങ്ങളും വർധിക്കുന്നു..!


Spread the love

കോവിഡ് 19 എന്ന ചെറിയൊരു വൈറസ് ഈ ലോകത്തിലെ ജനങ്ങളെ ആകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ശാരീരികവും മാനസികവും ആയ ധാരാളം പ്രശ്നങ്ങൾ കോവിഡ് ഉയർത്തുന്നുണ്ട് എന്ന് നമുക്കറിയാം. വർഷങ്ങളായുള്ള പരിശ്രമത്തിലൂടെയും കഠിന പ്രയത്നത്തിലൂടെയും പടുത്തുയർത്തിയ സമ്പത് വ്യവസ്ഥയെയും കോവിഡ് തകർത്തുകൊണ്ടിരിക്കുന്നു.

കോവിഡ് കാലത്തെ കുറ്റകൃത്യങ്ങളുടെ കണക്കെടുത്താൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം. ജനങ്ങൾ വീട്ടിൽ ഇരിക്കുന്നത് കൊണ്ട് തന്നെ അപകടങ്ങളും, അപകട മരണങ്ങളും കുറഞ്ഞിട്ടുണ്ട്. പക്ഷെ ഈ കണക്കിന് ഒരു മറുപുറം ഉണ്ട്. കോവിഡ് കാലത്ത് ഗാർഹിക പീഡനങ്ങളും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങളും വൻ തോതിൽ വർധിച്ചിട്ടുണ്ട് എന്ന് കേന്ദ്ര വനിതാ കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷവും വീട്ടകങ്ങളിലെ ഈ ആക്രമണങ്ങളെ കുറിച്ച് പരാതി നൽകാത്തത് കൊണ്ട് തന്നെ ഒരു കണക്കുകളിലും ഇത് ഇടം പിടിച്ചിട്ടില്ല.

കോവിഡ് വ്യാപനം കൂടുമ്പോൾ സാധാരണക്കാരന് വീട്ടിൽ ഇരിക്കേണ്ടി വരുകയും, ഇത് മദ്യപാനം അടക്കമുള്ള ദുശീലങ്ങളിലേക്ക് വഴി തെളിക്കുകയും ചെയ്യുന്നു. ഇവ അവസാനിക്കുന്നത് കലഹത്തിലും, കയ്യാങ്കളിയിലും ആണ്. ബീവറേജസുകളിൽ മദ്യത്തിന്റെ ലഭ്യതക്കുറവ് വ്യാജ മദ്യം ഉണ്ടാക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്‌ ഉണ്ടാക്കിയിട്ടുണ്ട്. പോലീസ് വെളിപ്പെടുത്തിയ കണക്കുകളും ഇത് തന്നെ ആണ് സൂചിപ്പിക്കുന്നത്.

മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ പ്രവാസികൾ വളരെയധികം കൂടുതലാണ്. കോവിഡ് മഹാമാരി പ്രവാസികൾ അടക്കം ധാരാളം പേരുടെ ജോലിയാണ് നഷ്ടമാക്കിയത്. അതിനാൽ തന്നെ ജോലി ഇല്ലാത്ത അരക്ഷിതാവസ്ഥ കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് ജനങ്ങളെ നയിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സാധ്യത ആണ് ഇവിടെ കാണുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യവും ഇതിൽ നിന്നും വിഭിന്നമല്ല. തൊഴിൽ ഇല്ലായ്മയും, സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതുമൊക്കെ മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങളിലേക്ക് അവരെ എത്തിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ, പോലുള്ള മെട്രോ നഗരങ്ങളിൽ ഇത്തരത്തിലുള്ള മോഷണങ്ങളുടെ എണ്ണം വൻ തോതിൽ വർധിച്ചിട്ടുണ്ട്. അതിനാൽ തന്നെ നഗരത്തിലെ ഒട്ടുമിക്ക വീടുകളിലും, റസിഡൻസ് അസോസിയേഷനുകളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും  നടക്കുന്നുണ്ട്.

സാധാരണക്കാർ കൂടുതൽ സമയം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് വന്നിട്ടുണ്ട്. കൊറോണ കാലത്തിനിടയിൽ സൈബർ ബുള്ളിയിങ്‌, വ്യാജപ്രചരണങ്ങൾ തുടങ്ങിയവ ഒക്കെ ഏറെ വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും, സമൂഹത്തിന്റെ സമാധാനപരമായ നിലനില്പിനെയും ആശങ്ക ഇല്ലാതെ നിലനിർത്തുന്നതിന് സർക്കാരിന്റെ ഇടപെടൽ വളരെ ആവശ്യകമാണ്. രോഗ പ്രതിരോധ നടപടികൾക്ക് ഒപ്പം തന്നെ സമൂഹത്തിന്റെ മാനസിക ആരോഗ്യം വർധിപ്പിക്കേണ്ടത് വളരെ അത്യാവശ്യം ആണ്. ജോലി നഷ്ടപ്പെട്ടും മറ്റും സമൂഹത്തിൽ ധാരാളം പേർ ഒറ്റപ്പെട്ടു പോകുന്നുണ്ട്. വരുമാനം ഇല്ലാത്തത് തന്നെയാണ് പലപ്പോഴും കുറ്റകൃത്യങ്ങളിലേക്ക് ഇവരെ എത്തിക്കുന്നത്. കൃത്യമായ സമയത്ത് സമൂഹത്തിൽ വെല്ലുവിളി നേരിടേണ്ടി വരുന്നവരെ കണ്ടെത്തി ശരിയായ കൗൺസിലിംഗ് നൽകുക വഴി അവർ കുറ്റകൃത്യങ്ങളിലേക്ക് എത്തിപ്പെടുന്നത്   ഒഴിവാക്കാൻ സാധിക്കുന്നു.
സർക്കാരിന്റെയും, നീതിന്യായ വ്യവസ്ഥയുടെയും, നിയമപാലകരുടെയും, ജനങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം കൊണ്ട് മാത്രമേ നമ്മുടെ നാട്ടിലെ കുറ്റകൃത്യങ്ങളെ പിടിച്ചു കെട്ടാൻ സാധിക്കുകയുള്ളു.

Read also : ബിറ്റ്കോയിൻ അറിയേണ്ടതെല്ലാം …  

എന്താണ് ബ്ലോക്ക്‌ ചെയിൻ.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close