ഇനിയും ചുരുളുകൾ അഴിയാതെ മിഥിലാ മോഹൻ വധക്കേസ്


Spread the love

കൊലപാതക പരമ്പരകൾ അനേകം കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ ചുരുളഴിയാതെ ഇപ്പോഴും തുടരുന്ന കേസുകളും കേരള പോലീസ് ഫയലുകളിൽ ഒട്ടും കുറവല്ല. സമാനമായ ഒരു കേസാണ് കൊച്ചിയിലെ ഒരു അബ്കാരിയായിരുന്ന മിഥില മോഹൻ കൊലപാതക കേസ്.

കേരളത്തിൽ നടന്നിട്ടുള്ള കൊലപാതകങ്ങളിൽ വെച്ച് തികച്ചും വ്യത്യസ്തമായ രീതിയിൽ നടന്ന ഒന്ന്. ഇരയെ രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി, വീട്ടു മുറ്റത്ത് വെച്ച് വെടിയുതിർത്തു കൊന്ന ആ കൊലപാതക ശൈലി, അധോലോക കുറ്റ കൃത്യങ്ങൾക്ക് സമാനമായിരുന്നു.

2006 ഏപ്രിൽ 5 നാണ് കൃത്യം നടക്കുന്നത്. ഇതിനായി ഏറ്റവും അനുയോജ്യമായ ഒരു ദിവസം കൊലപാതകികൾ തിരഞ്ഞെടുത്തു. പിറ്റേ ദിവസം, 2006 ഏപ്രിൽ 6 ന്, കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, ഇന്ത്യ – ഇംഗ്ളണ്ട് ഇംഗ്ലീഷ് ടൂർ ക്രിക്കറ്റ്‌ മാച്ച് നടക്കുവാനിരിക്കുകയായിരന്നു. എന്നാൽ ആ തവണത്തെ ഇംഗ്ലീഷ് ടൂർണമെന്റിനെതിരെ ഒരു വിപ്ലവ സംഘടനയുടെ ഭീഷണി നിലനിന്നിരുന്നു. അതുകൊണ്ട്  രണ്ടു ദിവസം മുൻപേ കടുത്ത സുരക്ഷയായിരുന്നു സ്റ്റേഡിയത്തിനും, പരിസരത്തിനും കേരള പോലീസ് ഏർപ്പെടുത്തിയിരുന്നത്. പ്രത്യേകിച്ച് ,മത്സരം നടക്കുന്നതിന്റെ തലേ ദിവസം, അതായത്  കൃത്യം നടന്ന ആ ദിവസം പോലീസിന്റെ മുഴുവൻ ശ്രദ്ധയും സ്റ്റേഡിയവും, പരിസരവും മാത്രമായി കേന്ദ്രീകരിച്ചിരുന്നു. അതിനാൽ തന്നെ, പതിവ് പോലെ റോഡിൽ ഉണ്ടാകാറുള്ള നൈറ്റ്‌ പെട്രോളിംഗോ, മറ്റു പോലീസ് പരിശോധനകളോ ഒന്നും സ്റ്റേഡിയത്തിന്റെ പരിസരം ഒഴികെയുള്ള മറ്റു സ്ഥലങ്ങളിൽ ഇല്ലായിരുന്നു. പോലീസിന്റെ പിടിയിൽ പെടാതെ കൊലപാതകം നടത്തി സുരക്ഷിതമായി തിരിച്ചെത്തുവാൻ പ്രതിയ്ക്ക് പറ്റുന്ന ഒരു ദിവസമായിരുന്നു അത്.

പിറ്റേ ദിവസം ക്രിക്കറ്റ്‌ മത്സരം ഉണ്ടായിരുന്നതിനാൽ, കളി കാണാനെത്തിയ ക്രിക്കറ്റ്‌ പ്രേമികളുടെ എണ്ണം വളരെയധികം ആയിരുന്നു സ്ഥലത്ത്. ഹോട്ടൽ മുറികളും, ലോഡ്ജുകളും, എന്തിനധികം പറയുന്നു, കട തിണ്ണകളിൽ വരെ ആളുകൾ കഴിച്ചു കൂട്ടിയ ഒരു ദിവസമായിരുന്നു . അതുകൊണ്ടുതന്നെ നഗരത്തിലെ അസാധാരണമായ തിരക്കിനിടയിൽ ഒരാളെ സംശയിക്കുക അസാധ്യമായിരുന്നു. അതിനാൽ, ആ ദിവസമായിരുന്നു കൊലപാതകികളും തങ്ങളുടെ കൃത്യ നിർവ്വഹണത്തിനായി തിരഞ്ഞെടുത്തത്.വിഷുക്കാലമായിരുന്നതിനാൽ, കൊലപാതകത്തിനുള്ള സൗകര്യം കൂടി . കേരളത്തിൽ പടക്ക നിർമ്മാണത്തിൽ മുന്നിട്ട് നിൽക്കുന്ന സ്ഥലങ്ങളിൽ ഒന്നായിരുന്നു എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ. അതിനാൽ വിഷുവിന് ഒരാഴ്ച മുൻപേ നാട്ടിൽ പടക്കത്തിന്റെ ബഹളം ആരംഭിക്കും. ഈ ശബ്ദ കോലാഹലത്തിനിടയിൽ ഒരാളെ വെടിയുതിർത്തു കൊന്നാൽ അത് വെടി ശബ്ദമാണോ അതോ പടക്കത്തിന്റെ ശബ്ദമാണോ എന്ന് തിരിച്ചറിയുവാനാകില്ല.

എറണാകുളം ജില്ലയിലെ വെണ്ണല എന്ന സ്ഥലത്തായിരുന്നു കൊലപാതകത്തിനിരയായ മിഥിലാ മോഹൻ എന്ന വ്യക്തി താമസിച്ചിരുന്നത്. ഏകദേശം 70 വയസ്സിനു മുകളിൽ പ്രായമുള്ള, തന്റെ ബിസിനസ്സിൽ നിന്ന് മാറി വാർദ്ധക്യകാലം നയിക്കുന്ന ഒരാൾ. കൃത്യം നടന്ന ദിവസം രാത്രി  8  നും,  9 തിനും ഇടയിൽ തന്നെ കാണാനായി  ഒരു അപരിചിതൻ  വീട്ടിൽ വന്നു. “മോഹി സർ ഉണ്ടോ ഉണ്ടോ”? എന്ന ചോദ്യം കേട്ട മിഥിലാ മോഹന്റെ മകന്റെ ഭാര്യ, തന്റെ ഭതൃപിതാവിനോട് ആരോ കാണാൻ വന്നു നിൽക്കുന്നു എന്ന സന്ദേശം നൽകി അകത്തേക്കു പോയി. ഇത് കേട്ടയുടൻ പുറത്തേക്കിറങ്ങിച്ചെന്ന മോഹൻ, തൽക്ഷണം തുടർച്ചയായ വെടിയേറ്റ് മരിച്ചു .വിഷുക്കാലമായതിനാൽ വെടി ശബ്ദത്തിൽ ആർക്കും സംശയം തോന്നിയതുമില്ല. ഉടൻ തന്നെ പ്രതികൾ അവിടെ നിന്ന് രക്ഷപ്പെട്ടു.

5 വെടിയുണ്ടകൾ മൃതദേഹത്തിൽ നിന്നും കണ്ടെടുത്തു .അപ്പോഴും എങ്ങനെയായിരുന്നു കൃത്യം നടന്നതെന്ന ശരിയായ ഒരു നിഗമനത്തിലെത്തിച്ചേരുവാൻ പോലീസിനായില്ല. എന്നാൽ ,വീടിന്റെ ഉമ്മറ വാതിലിനുനേരെ ഉണ്ടായിരുന്ന ഒരു വാഴയിലയുടെ പകുതി മുറിച്ച നിലയിൽ കണ്ടെത്തിയത് പോലീസിൽ സംശയം ഉളവാക്കി. അതിനുനേരെയുണ്ടായിരുന്ന മതിലിൽ നിന്നും ഉന്നം പിടിച്ചാൽ, വാഴയില മുറിച്ചു മാറ്റിയിരുന്ന ഭാഗത്തിലൂടെ കൃത്യമായി പുറത്തേക്കിറങ്ങിവരുന്ന മോഹനെ വെടിയുതിർക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കിയ പോലീസ്, അതുതന്നെയായിരിക്കും നടന്നത് എന്ന നിഗമനത്തിലെത്തിച്ചേർന്നു .എന്നാൽ ,ആര്, എന്തിനുവേണ്ടി കൃത്യം ചെയ്തതെന്ന ചോദ്യങ്ങളുടെ ഉത്തരം അവർക്ക് കണ്ടെത്തുവാൻ സാധിച്ചില്ല.

അങ്ങനെ ആ കേസ് വർഷങ്ങൾ മുന്നോട്ടുപോയി. കുറച്ചു സാക്ഷികളെ വിസ്തരിക്കലും, സംശയങ്ങളും, ഊഹാപോഹങ്ങളുമല്ലാതെ, പ്രതിയിലേക്കെത്തുവാനുള്ള ശക്തമായ ഒരു തെളിവും പോലീസിന് ലഭിച്ചില്ല. അങ്ങനെയിരിക്കെ, 2012 -ൽ കേരളത്തിൽ ഇംത്യാസ് എന്ന വ്യക്തിയുടെ കൊലപാതകം നടന്നു. അതിൽ പ്രതികളായി 4 – തമിഴ്നാട് സ്വദേശികളെ കണ്ടെത്തി. ഇവരിൽ നിന്നും മിഥില മോഹന്റെ കൊലപാതകികളെക്കുറിച്ചുള്ള സുപ്രധാന വിവരം പോലീസിന് ലഭിച്ചു. അതായത്, ഈ കേസിലെ പ്രതികളിലൊരാൾ വർഷങ്ങൾക്ക് മുൻപ് കൊച്ചിയിൽ വന്നിട്ടുണ്ടെന്നും, അത് മിഥില മോഹൻ എന്ന വ്യക്തിയെ കൊല്ലുവാനായിയിരുന്നെന്നും , ഈ ദൗത്യം അയാളെ ഏൽപ്പിച്ചത് ഡിണ്ടിഗൽ പാണ്ടി എന്ന തമിഴ്നാട്ടിലെ ഒരു ഗുണ്ടാതലവനായിരുന്നെന്നും അയാൾ ഏറ്റു പറഞ്ഞു. ഉടൻ തന്നെ ഡിണ്ടിഗൽ പാണ്ടിയെ അന്വേഷിച്ചു പോലീസുകാർ തമിഴ്നാട്ടിലേക്ക് തിരിച്ചു. എന്നാൽ, ഡിണ്ടിഗൽ പാണ്ടി എന്ന വ്യക്തി മൂന്ന് മാസങ്ങൾക്കു മുൻപ് തമിഴ്നാട് പോലീസിസുമായു ള്ള ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന വാർത്തയായിരുന്നു അവർ കേട്ടത്. ഇയാൾക്കെതിരെ ഡിണ്ടിഗൽ കളക്ടർ എൻകൌണ്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിൻ പ്രകാരം പോലീസ് ഇയാളെ വെടിയുതിർത്തു കൊല്ലുകയായിരുന്നു .

പ്രതികൾക്ക് ഡിണ്ടിഗൽ പാണ്ടിയെ ഈ കൊലപാതകത്തിനുള്ള ക്വട്ടേഷൻ ഏൽപ്പിച്ചത് ആരാണെന്നുളള ഒരറിവുമുണ്ടായിരുന്നില്ല. അതു കൊണ്ട് വീണ്ടും ആ അന്വേഷണം അവിടെ തടസ്സപ്പെട്ടു . എന്നാൽ ഡിണ്ടിഗൽ പാണ്ടി മുൻപ് കുടുംബസമേതം ഗുരുവായൂർ എത്തിയിരുന്നെ ന്നും അപ്പോൾ ചില പ്രമുഖ അബ്കാരികളുമായി
ബന്ധപ്പെട്ടിട്ടുണ്ടായിരുന്നെന്നും  വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് പലരെയും ചോദ്യം ചെയ്തു. എന്നാൽ എല്ലായിടത്തും നിരാശ തന്നെയായിരുന്നു ഫലം. ശക്തമല്ലാത്ത ചില തെളിവുകളുടെ അടിസ്ഥാനത്തിൽ കുരുമുളക് കണ്ണൻ എന്നറിയപ്പെടുന്ന, സന്തോഷ്‌കുമാർ എന്ന ഒരു  അബ്കാരിയെ  പോലീസ് കസ്റ്റഡിയിലെടുക്കുന്നു. ഇവർ തമ്മിലുള്ള ശത്രുതയുടെ പേരിലാണ് ഇയാൾ ഈ കൊലപാതത്തിന് കോട്ടേഷൻ കൊടുത്തതെന്ന നിഗമനത്തിൽ പോലീസ് എത്തുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ, ഇയാളും ഡിണ്ടിഗൽ പാണ്ടി എന്ന വ്യക്തിയും ഈ കൊലപാതകത്തെപറ്റി ആസൂത്രണം ചെയ്തിരുന്നു എന്ന് പോലീസ് കണ്ടെത്തി. എന്നാൽ ആരെയാണ് ഡിണ്ടിഗൽ പാണ്ടി കൊല്ലുവാൻ ഏൽപ്പിച്ചതെന്ന് തനിക്കറിയില്ല എന്ന വാദത്തിൽ സന്തോഷ്‌ കുമാർ ഉറച്ചു നിന്നു. ആരാണ് കൊല ചെയ്തതെന്ന് സന്തോഷ്‌ കുമാറിന് അറിയില്ല, എന്നാൽ തങ്ങളെ ഈ ദൗത്യം ഡിണ്ടിഗൽ പാണ്ടി ഏൽപ്പിച്ചത് ആർക്ക് വേണ്ടിയാണെന്ന് പ്രതികൾക്കുമറിയില്ല. എല്ലാമറിയുന്ന ഡിണ്ടിഗൽ പാണ്ടി യാണെങ്കിൽ ജീവനോടില്ല. അങ്ങനെ പോലീസ് വീണ്ടും സമ്മർദ്ദത്തിലായി.

പിന്നീട് ,ഈ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു . എന്നാൽ, അവരുടെ അന്വേഷണവും ഒരു കരയ്ക്കെത്തിയില്ല. ഡിണ്ടിഗൽ പാണ്ടി എന്ന വ്യക്തി ജീവനോടെയില്ല എന്നതായിരുന്നു അവരെയും ഈ കേസിൽ വഴി മുട്ടിച്ച ഘടകം.  ഇതിൽ ഉൾപ്പെടുന്ന മറ്റൊരു സംശയകരമായ വസ്തുത , ഈ കേസിനോടനുബന്ധിച്ചു 6  പേരെ പോലീസ്, പ്രതികൾ എന്ന് സംശയിച്ചു ചോദ്യം ചെയ്യുകയും, നിരീക്ഷണത്തിൽ വെയ്ക്കുകയും ചെയ്തു.വരും വർഷങ്ങളിൽ ഇതിൽ 5 പേരും ഓരോരോ അപകടങ്ങളിൽ പെട്ട് മരിച്ചു. ഇത് വെറും യാദൃശ്ചികമാണോ അതോ കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങളാണോ എന്നത്, ഇന്നും ചോദ്യചിഹ്നങ്ങളായി തുടരുന്നു. സംശങ്ങൾ പലതുണ്ടെങ്കിലും മിഥില മോഹൻ വധക്കേസിൽ ഒരു പ്രതിയെ തെളിവ് സഹിതം പിടിക്കുവാൻ നിയമ പാലകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല . മിഥില മോഹൻ എന്ന വ്യക്തി ,തന്റെ ഭൂതകാലത്തിൽ സ്പിരിറ്റ്‌ കടത്തലുമായി ബന്ധപ്പെട്ട ആളായിരുന്നെന്നും, ആ സമയത്തെ കുടിപ്പോരുകളിൽനിന്നും ഉണ്ടായ ശത്രുതയായിരുന്നു പിൽക്കാലത്തെ അദ്ദേഹത്തിന്റെ കൊലപാതക കാരണമെന്നും പോലീസ് ഉറച്ചു വിശ്വസിക്കുന്നു.

Read more: https://exposekerala.com/vijay-salaskar/

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://bit.ly/3jhwCp6

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close