ദുരഭിമാനക്കൊല… കേരളത്തില്‍ നിലനില്‍ക്കുന്ന ജാതീയതയെ രൂക്ഷമായി വിമര്‍ശിച്ച് ദീപ നിശാന്ത്


Spread the love

കേരളത്തില് ജാതിയില്ലാത്രേ! ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവാത്രേ! പത്രങ്ങളിലെ വിവാഹപ്പരസ്യങ്ങള്‍ പത്തെണ്ണം വായിച്ചോക്ക്! അപ്പോള്‍ അറിയാം കേരളത്തിന്റെ ജാതിയില്ലായ്മ. കേരളത്തില്‍ നിലനില്‍ക്കുന്ന ജാതീയതയിലും പ്രതിഷേധം രേഖപ്പെടുത്തി അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. ഉള്ളിന്റെയുള്ളില്‍ അതിഭീകരമായ ജാതീയത കൊണ്ട് നടക്കുന്ന പലരുടേയും ഫെയ്‌സ്ബുക്ക് വാളിലും വാട്‌സ്ആപ്പ് ഗ്രൂപ്പിലെ മെസേജുകളിലും മതസൗഹാര്‍ദ്ദം നിറഞ്ഞു തൂവുകയാണ്. കെവിന്റെ ചിത്രം വെച്ച് ഫേസ്ബുക്കില്‍ കരയുന്നു എന്നാണ് ദീപ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഉള്ളിന്റെയുള്ളില്‍ അതിഭീകരമായ ജാതീയത കൊണ്ട് നടക്കുന്ന പലരുടേയും ഫേസ്ബുക്ക് വാളിലും വാട്‌സപ്പ് ഗ്രൂപ്പിലെ മെസേജുകളിലും മതസൗഹാര്‍ദ്ദം നിറഞ്ഞു തൂവുന്നു.. കെവിന്റെ ചിത്രം വെച്ച് ഫേസ്ബുക്കില്‍ കരയുന്നു.
മൂന്നാല് കൊല്ലം മുമ്ബ് മന്നത്ത് പത്മനാഭന്‍ ജയന്തി പൊതു അവധിയായിരുന്നില്ല.നിയന്ത്രിത അവധിയായിരുന്നു. അതായത് നായര്‍ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് മാത്രം അവധിയെടുക്കാം.. ‘ നാളെ ലീവെടുത്ത് വീട്ടിലിരുന്നേക്കാം.. അല്ലെങ്കി പിള്ളേര് കരുതും നമ്മള് വല്ല എസ് സി / എസ് ടി യാണെന്ന്!’ എന്ന ഭീകരതമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച സഹപ്രവര്‍ത്തകന്റെ വാളിലും ജാതിയില്ലാക്കേരളത്തിനായുള്ള ആഹ്വാനം!
കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായി ഇരുവിഭാഗങ്ങളേയും ചര്‍ച്ചയ്ക്ക് വിളിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതിനിടയില്‍, കറുത്തു മെലിഞ്ഞ പയ്യനെ ചൂണ്ടി ഒരുളുപ്പുമില്ലാതെ, ‘താനെന്താ ജാതി ?’ എന്ന് ചോദിക്കുകയും, അവന്‍ ജാതിപ്പേര് പറഞ്ഞപ്പോള്‍, ‘സ്‌റ്റൈപ്പന്റ് കിട്ടിപ്പഠിക്കണതല്ലേടോ.. നന്നായിക്കൂടേ?’ എന്ന ഉപദേശം കൊടുക്കാന്‍ ഒരു മടിയും കാട്ടാതിരിക്കുകയും ചെയ്ത ആളും വാട്‌സപ്പ് ചര്‍ച്ചകളില്‍ ജാതിമദിരാന്ധരെപ്പറ്റി വാചാലനാകുന്നു!
കേരളത്തില് ജാതിയില്ലാത്രേ!
ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവാത്രേ!
പത്രങ്ങളിലെ വിവാഹപ്പരസ്യങ്ങള്‍ പത്തെണ്ണം വായിച്ചോക്ക്!
ഇപ്പോഴും കാണാം ‘ എസ് സി / എസ് ടി ഒഴികെയുള്ള ആരെയും പരിഗണിക്കും’ എന്ന അശ്ലീലവാചകം!
ടീ വീ ല് നാല് ഇന്റര്‍വ്യൂകള് കണ്ടോക്ക്!
കേള്‍ക്കാം, ‘ഞങ്ങക്കങ്ങനെ ജാതിവ്യത്യാ സൊന്നൂണ്ടാര്‍ന്നില്യാ. ഭയങ്കര ഫോര്‍വേഡാരുന്ന്! താഴ്ന്ന ജാതിക്കാരടെ കൂടെയൊക്കെ ഭക്ഷണം കഴിക്കേം കളിക്കേം ചെയ്യാറുണ്ട്. ‘ എന്ന മട്ടിലുള്ള പ്രിവിലേജ് ഛര്‍ദ്ദികള്‍!
സംവരണവിഭാഗത്തിലുള്ളവരുടെ വീട്ടില്‍ വല്ല വിവാഹത്തിനോ ചാവടിയന്തിരത്തിനോ പോയാല്‍, ഭക്ഷണം കഴിക്കാന്‍ നിക്കാതെ വധൂവരന്മാരെ അനുഗ്രഹിച്ച് മടങ്ങണോരാണ്.!
ചായയോ മറ്റോ അവരുണ്ടാക്കിത്തന്നാ ‘കരിക്കാ പഥ്യം!’ന്ന് പറയണോരാണ് !
മുന്നില്‍ കൊണ്ടുവെച്ച പാത്രങ്ങളില്‍ നിന്ന് ഞാലിപ്പൂവനോ ( പഴത്തിന് അയിത്തല്യ! തൊലീണ്ടല്ലോ!) ഓറഞ്ചോ ബേക്കറി സാധനങ്ങളോ മാത്രം തിന്ന്, ‘വയറിന് നല്ല സുഖല്യാ.. കിണ്ണത്തപ്പം വേണ്ടാ ‘ ന്ന് മൊഴിയണോരാണ്!
ഇവടെ ജാതില്യാത്രേ!
മ്ലേച്ഛന്‍!, ഏഭ്യന്‍!, അശ്രീകരം!, ജേഷ്ഠ! കൊശവന്‍!, ചെറുമന്‍!, പുലയന്‍! ചെറ്റ!…തെങ്കര കൊട്ടി, ചീക്കപ്പോത്ത്, മിഞ്ചന്തീനി, എച്ചിലുനക്കി, കാലാപെറുക്കി…
ഒന്ന് സൂക്ഷിച്ചു നോക്ക്! ഇവിടിപ്പളും നമ്ബൂരി പറയണ തെറീം ദളിതന്‍ പറയണ തെറീം എണ്ണി വേര്‍തിരിക്കാം!
അങ്ങനെയുള്ള ഇടത്തിലാണ് ജാതിയില്ലാന്ന്!
ചിരിപ്പിക്കരുത്!
കെവിന് ആത്മശാന്തി!

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close