
നമ്മുടെ നാട്ടിൽ അത്ര ശ്രദ്ധ ഏറിയത് അല്ല എങ്കിലും നോർത്ത് ഇന്ത്യൻ തീൻ മേശകളിലെ താരം ആണ് ദാൽ ഫ്രൈ. ചപ്പാത്തി, പൂരി, ബട്ടൂര മുതലായവയോട് എല്ലാം ഒപ്പം ചേർത്ത് കഴിക്കുവാൻ പറ്റുന്ന ഒരു രുചികരമായ വിഭവം ആണ് ഇത്. എല്ലാവരുടെയും വീട്ടിൽ സുലഭമായ ചേരുവകൾ കൊണ്ട്, വളരെ എളുപ്പം തന്നെ തയ്യാറാക്കി എടുക്കാവുന്ന ദാൽ ഫ്രൈ എല്ലാവരും തീർച്ചയായും പരീക്ഷിച്ചു നോക്കേണ്ടതാണ്.
ആവശ്യമുള്ള സാധനങ്ങൾ.
തുവര പരിപ്പ്: 1½ കപ്പ്
ബട്ടർ: 2 tsp
വെജിറ്റബിൾ ഓയിൽ: 4 tsp
ഇഞ്ചി: 1 കഷ്ണം
വെളുത്തുള്ളി: 8 അല്ലി
സവാള: 2 എണ്ണം
തക്കാളി: 2 ചെറുത്
പച്ച മുളക്: 2 എണ്ണം
വറ്റൽ മുളക്: 2 എണ്ണം
കുരുമുളക് പൊടി: 1 tsp
മഞ്ഞൾ പൊടി: ആവശ്യത്തിന്
മുളക് പൊടി: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്
ജീരകം: 2 tsp
തയ്യാറാക്കേണ്ട വിധം.
തുവര പരിപ്പ് കുതിരുവാൻ വേണ്ടി തലേ ദിവസം തന്നെ വെള്ളത്തിലിട്ടു വെയ്ക്കുക. കുതിർന്ന തുവര പരിപ്പ് കൂക്കറിൽ ഇട്ട്, അതിനു മുകളിൽ നിൽക്കത്തക്ക വിധം വെള്ളം ഒഴിച്ച് കൂക്കറിൽ വേവിക്കുവാൻ വെയ്ക്കുക . ഇതിലേക്ക് ½ tsp മഞ്ഞൾ പൊടി, ½ tsp മുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ യോജിപ്പിച്ചു നന്നായി വേവിച്ചു എടുക്കുക.
ശേഷം ഒരു പാൻ എടുത്ത് അടുപ്പിൽ വച്ച്, ചൂടാകുമ്പോൾ 3 tsp എണ്ണയും, അതിനോടൊപ്പം തന്നെ 1 tsp ബട്ടറും ചേർത്ത് ചൂടാക്കുക. ഇതിലേക്ക് 2 tsp ജീരകം ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതയ്ച്ചു ചേർക്കുക. ശേഷം ഈ കൂട്ടിലേക്ക് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് 2 പച്ച മുളക് കീറിയത്, അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി കൂടി ഇട്ട് നല്ലതു പോലെ വരട്ടി എടുക്കുക. അതിന് ശേഷം, ഈ മസാലയ്ക്ക് ആവശ്യമായ ഉപ്പ്, 1 tsp മുളക് പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. മസാല കൂട്ട് നല്ലത് പോലെ വരണ്ട്, മുകളിൽ എണ്ണ തെളിഞ്ഞു വരാൻ തുടങ്ങുന്ന സമയം ഇതിലേക്ക് കുക്കറിൽ വേവിച്ചു വെച്ചിരിക്കുന്ന തുവര പരിപ്പ് ഇട്ട് കൊടുത്ത്, ആവശ്യമെങ്കിൽ മാത്രം കുറച്ചു വെള്ളം കൂടി ചേർക്കുക. 5 മിനുട്ട് അടുപ്പിൽ വെച്ച് എല്ലാം കൂടി യോജിപ്പിച്ചു എടുത്തതിനു ശേഷം തീ ഓഫ് ചെയ്യാവുന്നത് ആണ്.
ശേഷം മറ്റൊരു പാൻ എടുത്ത്, ചൂടാകുമ്പോൾ 1 tsp ബട്ടർ, 1 ടേബിൾ സ്പൂൺ എണ്ണ എന്നിവ ചേർത്ത് ചൂടാക്കുക. ഇതിലേക്ക് ½ tsp ചെറിയ ജീരകം ചേർക്കുക. ജീരകം മൂത്തു വരുന്ന സമയത്ത് 1 tsp കുരുമുളക് പൊടി, ½ tsp മുളക് പൊടി, 2 വറ്റൽ മുളക് എന്നിവ ചേർത്ത് മൂപ്പിച്ചു എടുത്ത്, തയ്യാറാക്കി വെച്ചിരിക്കുന്ന ദാലിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക. കൊതിയൂറും ദാൽ ഫ്രൈ തയ്യാർ.
കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരു പോലെ തന്നെ ഇഷ്ടപ്പെടുന്ന ഒരു നോർത്ത് ഇന്ത്യൻ വിഭവം ആണ് ദാൽ ഫ്രൈ. എന്നും ഒരേ തരത്തിലുള്ള രുചി കൂട്ടുകൾ തന്നെ പാകം ചെയ്തും, കഴിച്ചും മടുക്കാതെ, ഇത് പോലെ ഉള്ള വെറൈറ്റികൾ പരീക്ഷിച്ചു രുചിയുടെ ഒരു പുതിയ ലോകം സൃഷ്ടിക്കാവുന്നത് ആണ്.
കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://bit.ly/3jhwCp6