
ദുബൈയില്‍ ചില ബ്രാന്‍ഡുകളിലെ കുപ്പിവെള്ളത്തില്‍ അമിതമായി ആസിഡിന്റെ അംശം ഉണ്ടെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ദുബൈ മുനിസിപ്പാലിറ്റി രംഗത്തെത്തി. കഴിഞ്ഞ കുറേ ദിവസങ്ങളായി തെറ്റായ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് വിശദീകരണവുമായി മുനിസിപ്പാലിറ്റി രംഗത്തെത്തിയത്.
ഇത്തരം അഭ്യൂഹങ്ങള്‍ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലെന്ന് ദുബൈ മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷാ മാനേജ്മെന്റ് വിഭാഗം അറിയിച്ചു. പ്രചരിക്കുന്ന സംഭവം തെറ്റാണെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തെ തുടര്‍ന്ന് അടിയന്തിരമായി പരിശോധന നടത്തിയെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം അഭ്യൂഹങ്ങളില്‍ ജനങ്ങള്‍ വീഴരുതെന്നും അധികൃതര്‍ അറിയിച്ചു.
ശാസ്ത്രീയമായി ആസിഡിന്റെ അംശം കൂടുതലുള്ളതായി കണെത്തിയിട്ടില്ല. ശാസ്ത്രീയ തെളിവുകളെ മാത്രമേ പിന്തുണയ്ക്കാന്‍ പാടുള്ളൂ. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
യുഎഇ, ഗള്‍ഫ് സ്റ്റാന്‍ഡേര്‍ഡ് നമ്പര്‍ യുഎഇ.എസ് ജിഎസ്ഒ 1025: 2014 പ്രകാരം കുപ്പിവെള്ളത്തിന്റെ പിഎച്ച് നിരക്ക് 6.5നും 8.5നും ഇടയില്‍ ആയിരിക്കണം. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ച കമ്പനികളുടെ പിഎച്ച് ലെവല്‍ ദുബൈ സെന്‍ട്രല്‍ ലബോര്‍ട്ടറിയില്‍ പരിശോധിച്ചുവെന്നും അവ കൃത്യമായ അളവില്‍ ആണെന്നും അധികൃതര്‍ അറിയിച്ചു.