കുറഞ്ഞ ചിലവിൽ ഡ്രൈ ഫ്രൂട്ട്സ് സംരംഭം  തുടങ്ങാം  


Spread the love

 ഗൾഫ് രാജ്യങ്ങളിലെ തൊഴിലവസരം കുറയുന്നത് മൂലം ധാരാളം മലയാളികൾ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന  സാഹചര്യമാണ് ഇന്ന് സമൂഹത്തിൽ ഉള്ളത്. കുറഞ്ഞ മുതൽ മുടക്കിൽ ആർക്കും തുടങ്ങാവുന്ന മികച്ചൊരു സംരംഭമാണ് ഡ്രൈ ഫ്രൂട്ട്സ്‌  സംസ്കരണവും വിപണനവും. ഓരോ സീസണുകളിലും ധാരാളം ഫലവർഗങ്ങളാണ് നമ്മുടെ നാട്ടിൽ ഉപയോഗശൂന്യമായി നശിച്ചു പോകുന്നത്, കൃത്യമായ സമയത്ത് ഇവ കണ്ടെത്തി സംസ്കരിച്ചു വില്പന നടത്തുകയാണ് ഈ സംരംഭത്തിലൂടെ ചെയ്യുന്നത്. മാങ്ങ, ചക്ക, പപ്പായ, ചെറി, മുന്തിരി, പൈനാപ്പിൾ തുടങ്ങി നമ്മുടെ ചുറ്റുവട്ടത്തിലുള്ള ഓരോ പഴവർഗവും ഇത്തരത്തിൽ സംസ്കരിച്ചു വിപണിയിൽ എത്തിക്കാവുന്നതാണ്. 

ഉണങ്ങിയ പഴവർഗങ്ങൾക്ക് ഇന്ന് ആവശ്യക്കാരേറെയാണ്. ശാസ്ത്രീയമായ രീതിയിൽ പ്രിസർവേറ്റീവ്സ് ചേർക്കാതെ ഉണക്കിയെടുക്കുന്ന പഴവർഗങ്ങളിലെ പോഷകങ്ങൾ ഒട്ടും തന്നെ നഷ്ടപ്പെടുന്നില്ല എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് തന്നെയാണ് ഡ്രൈ ഫ്രൂട്ട്സിന് വലിയ വില ലഭിക്കുന്നതിനുള്ള കാരണവും. ആമസോൺ, ഫ്ലിപ്കാർട്ട്  പോലെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ കണ്ണഞ്ചിപ്പിക്കുന്ന വിലയിൽ ആണ് ഇവയുടെ വിപണനം. 

1 ലക്ഷം രൂപയിൽ താഴെ മുതൽമുടക്കിൽ പോലും ഈ സംരംഭം ആരംഭിക്കുവാൻ സാധിക്കുന്നു. ഓരോ സീസണുകളിലും ലഭ്യമായ പഴവർഗങ്ങൾ കുറഞ്ഞ വിലയ്ക്ക് ശേഖരിച്ച് സംസര്കരിക്കുന്നതിനാൽ  അസംസ്‌കൃതവസ്തുക്കൾ കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വരുന്നില്ല. ഈ സംരംഭം  തുടങ്ങുവാൻ ചിലവ് വരുന്നത് സംസ്കരണത്തിനും പാക്കിങ്ങിനുമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനാണ്. പഴവർഗങ്ങൾ ഉണക്കിയെടുക്കാൻ “ഡീഹൈഡ്രേറ്റർ” എന്ന ഉപകരണം വളരെ അത്യാവശ്യമാണ്, ഒപ്പം പാക്കിങ്ങിനായി “ബാൻഡ് സീലർ”, കൃത്യമായ ഭാരം നിർണയിക്കാൻ “ഇലക്ട്രോണിക് വെയിങ് മെഷീൻ” തുടങ്ങിയവയും വേണം. 5 ട്രേ മുതൽ 350 ട്രേ വരെയുള്ള ഡീഹൈഡ്രേറ്റർ ഇന്ന് വിപണിയിൽ ലഭ്യമാണ്. ചെറിയ മുതൽമുടക്കിൽ സംരംഭം ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന ഒരു തുടക്കക്കാരന് 5 ട്രേകളുള്ള ഒരു ഡീഹൈഡ്രേറ്റർ മതിയാകും, ഇതിന് ഏകദേശം 35000 രൂപ വിലവരും. പാക്കിങ്ങിനായി ബാൻഡ് സീലർ വാങ്ങുവാൻ ഏകദേശം 20000 രൂപയും. ഇവ വാങ്ങി കഴിഞ്ഞാൽ ഈ സംരംഭത്തിലെ പ്രധാന ചിലവ് കഴിഞ്ഞു എന്നു തന്നെ പറയാം. ഓരോ സീസണുകളിലും ലഭ്യമായ പഴവർഗങ്ങൾ കുറഞ്ഞ വിലയ്ക്ക് ശേഖരിച്ചു ഓരോന്നിനും അനുസൃതമായ താപനിലയിൽ ഡീഹൈഡ്രേറ്ററിൽ ഉണക്കി പാക്കറ്റുകളിലാക്കുകയാണ് ചെയ്യേണ്ടത്. ഇത്തരത്തിൽ ഉണക്കി എടുത്ത ഡ്രൈ ഫ്രൂട്ട്സ്‌ 6 മാസം വരെ കേടുകൂടാതെ ഇരിക്കും. ഉണക്കിയ പഴവർഗങ്ങൾ അതേപടി പാക്കറ്റുകളിൽ ആക്കിയും, ഷുഗർ സിറപ്പിൽ മുക്കി കാൻഡീഡ് ഡ്രൈഫ്രൂട്ട് ആക്കിയും വില്പന നടത്താം. ആകർഷകമായ പാക്കിങ് നടത്തി വിപണനം ചെയ്യുകയാണെങ്കിൽ കുട്ടികൾ ആവും കാൻഡീഡ് ഡ്രൈ ഫ്രൂട്ട്സിന്റെ പ്രധാന ഉപഭോക്താക്കൾ. ശുദ്ധമായ പഴവർഗങ്ങൾ ആയതിനാൽ ഇവ വാങ്ങി നൽകുവാൻ രക്ഷിതാക്കളും മടിക്കില്ല. അതിനാൽ വിപണി ലഭിക്കുമോ  എന്ന ഭയം തെല്ലും വേണ്ട.

എങ്ങനെ വിൽക്കാം?

 • ബേക്കറികളിലൂടെ 
 • സൂപ്പർ മാർക്കറ്റുകളിലൂടെ 
 • ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലൂടെ 
 • ഡ്രൈ ഫ്രൂട്ട്സ്‌ കടകളിലൂടെ
 • ബേക്കറി ഉത്പന്നങ്ങളിലൂടെ 
 • ഐസ്ക്രീം നിർമ്മാതാക്കളിലൂടെ 
 • ജ്യൂസ്‌ കടകളിലൂടെ 
 • കയറ്റുമതിയിലൂടെ  

എന്തൊക്ക ലൈസൻസ് ആവശ്യം? 

 • FSSAI യുടെ ലൈസൻസ്. 
 • പാക്കറ്റിൽ വിതരണം നടത്തുന്നതിനാൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പാക്കിങ് ലൈസൻസ്. 
 • ഹെൽത്ത്‌ ഡിപ്പാർട്മെന്റിന്റെ സാനിറ്റൈസേഷൻ സർട്ടിഫിക്കറ്റ്. 
 • ഓൺലൈൻ സൈറ്റുകളിലൂടെ വിപണനത്തിനായി ജി.എസ്.ടി രെജിസ്ട്രേഷൻ. 

വീടിനോട് ചേർന്ന് 5 ഹോഴ്സ് പവറിൽ താഴെയുള്ള ഉപകരണം ഉപയോഗിച്ചാണ് സംരംഭം തുടങ്ങുന്നത് എങ്കിൽ പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമില്ല. ഇത്തരത്തിൽ വളരെ കുറഞ്ഞ മുതൽ മുടക്കിൽ ഈ സംരംഭം ആരംഭിക്കാം. രാസപദാർത്ഥങ്ങൾ ഒന്നും ചേർക്കാതെ സംസ്കരിക്കുന്നതിനാൽ ഇവയ്ക്ക് യാതൊരു ദോഷവുമില്ല. നേരിട്ട് കഴിക്കുവാനും, മറ്റു വിഭവങ്ങൾ തയ്യാറാക്കുവാനും, പ്ലം കേക്കുകളിൽ മാവിനൊപ്പം മിക്സ്‌ ചെയ്യുവാനും, ഐസിങ് ഉള്ള കേക്കുകൾ, പേസ്ട്രി തുടങ്ങിയവ അലങ്കരിക്കുവാനും, ഫ്രൂട്ട് സാലഡ്, മിൽക്ക് ഷേക്ക്‌ തുടങ്ങിയവ തയ്യാറാക്കുവാനും ഒക്കെ ഡ്രൈ ഫ്രൂട്ട്സ്‌ ഉപയോഗിക്കുന്നു. മികച്ച കയറ്റുമതി സാധ്യത ഉള്ള ഒരു ഉത്പന്നം കൂടിയാണ് ഡ്രൈ ഫ്രൂട്ട്സ്‌. 

 ഇങ്ങനെയുള്ള സംരംഭങ്ങൾ തുടങ്ങുവാൻ വേണ്ട മാർഗ നിർദേശങ്ങൾ നൽകുവാനായുള്ള കേന്ദ്ര സർക്കാരിന്റെ  സ്ഥാപനമാണ് C.F.T.R.I. Central Food Technological  Research Institute (മൈസൂര്). ഇവിടെ സംരംഭകർക്ക്‌ ഡ്രൈ ഫ്രൂട്ട് പ്രോസസ്സിംഗ് സംരംഭത്തിന്റെ സാദ്ധ്യതകൾ, സങ്കേതിക വിദ്യ, മെഷിനറി, പ്രവൃത്തി പരിചയം എന്നിവ ഉൾപ്പെടുത്തിയ 5 ദിവസത്തെ കോഴ്സ് നടത്തപ്പെടുന്നുണ്ട്. കോഴ്സിന് ശേഷം  താല്പര്യമുള്ള  സംരംഭകർക്ക്‌ അവരുടെ മെഷിനറി ഉപയോഗിച്ച് പൈലറ്റ് പ്രൊഡക്ഷൻ നടത്തി ഗുണനിലവാരവും, വിപണിയിലെ വിജയസാധ്യതയും പരീക്ഷിച്ചു നോക്കാം. അങ്ങനെ സാധ്യത പഠനം നടത്തിയ  ശേഷം മാത്രം പണം മുടക്കി സംരംഭം തുടങ്ങുന്നതാണ് നല്ലത്. അല്ലെങ്കിൽ സംരഭകരുടെ കണക്കുകൂട്ടലുകൾ പോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടമുണ്ടാകും. ഇന്ത്യയിലെ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവരുടെ വിളകൾക്ക് അർഹമായ വില ലഭിക്കുന്നില്ല എന്നതാണ്. വിളവെടുപ്പ് കഴിഞ്ഞാൽ ഫലവർഗങ്ങൾ പെട്ടന്ന് കേടുവന്നു നശിച്ചു പോകുന്നത് കാരണം പലപ്പോഴും കർഷകർ ഇടനിലക്കാർക്ക് കിട്ടുന്ന വിലയ്ക്ക് ഇവ വിറ്റൊഴിക്കേണ്ടി വരുന്നു. ഇത്തരം സംരംഭങ്ങൾ തുടങ്ങിയാൽ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് നല്ല വില കിട്ടുവാൻ സഹായകമാവുകയും അങ്ങനെ രാജ്യത്തിന്റെ വികസനത്തിന്‌ മുതൽകൂട്ടാവുകയും ചെയ്യും. മികച്ച വിപണനമൂല്യം ലഭിക്കുന്ന ഒരു ഉത്പന്നം ആയതിനാൽ തന്നെ സംരംഭകന് ന്യായമായ ലാഭവും ലഭിക്കും. അതിനാൽ ഏതൊരാൾക്കും ഒട്ടും ആശങ്കയില്ലാതെ ഈ സംരംഭം ആരംഭിക്കാം.

Read also : വീട്ടമ്മമാർക്ക് ഒരു സംരംഭം

ഈ അറിവ് നിങ്ങൾക്ക് പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി എക്‌സ്‌പോസ്‌ കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close