ലോക മയക്കു മരുന്ന് തലവൻ “എൽ ചാപ്പോ ഗുസ്മാൻ”.


Spread the love

ലോകത്തെ ഏറ്റവും സമ്പന്നന്മാരിൽ ഒരാളും, മയക്കു മരുന്ന് കടത്തലിൽ അതി വിരുതനുമായ ‘എൽ ‘ചാപ്പോ ഗുസ്മാൻ’ എന്ന ജ്വോകിൻ എൽ ചാപ്പോ ഗുസ്മാൻ ലോയെറയെ’ പറ്റി കേൾക്കാത്തവർ ആരെങ്കിലുമുണ്ടോ. എന്നാൽ അവർക്കു വേണ്ടി ഇതാ അതി സാഹസനായ ഗുസ്മാന്റെ കഥ.


1957 ഏപ്രിൽ 4-ന് മെക്സിക്കോയിലെ സിനാലോവയിലെ, ല ട്യൂണ എന്ന കൊച്ചു ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിൽ എമിലോയുടെയും, മരിയയുടെയും 9 മക്കളിൽ നാലാമനായി ജനനം. വളരെ ദരിദ്രമായ ഒരു ഗ്രാമമായിരുന്നു ല ട്യൂണ. കൃഷി ആയിരുന്നു അവരുടെ പ്രധാന ഉപജീവന മാർഗം. എന്നാൽ ഈ ഗ്രാമത്തിലെ പ്രധാന കൃഷികൾ ഏതൊക്കെയാണെന്ന് അറിയുമോ? കഞ്ചാവും, പോപ്പിയും ആയിരുന്നു. 1970 കളിലും, 1980 കളിലും ഒക്കെ, ഈ വക കൃഷി അവിടെ സർവവ്യാപകമായിരുന്നു. മാത്രമല്ല, നിയമത്തിനു അവിടെ വലിയ പ്രസക്തി ഒന്നും ഇല്ലായിരുന്നു.


ഗുസ്മാന്റെ അച്ഛന് ഓപിയം, പോപ്പി തുടങ്ങിയവയുടെ കൃഷി ആയിരുന്നു. എന്നാൽ തികഞ്ഞ മദ്യപാനി ആയ അച്ഛനെ കൊണ്ട് കുടുംബത്തിന് യാതൊരു ഉപകാരവും ഇല്ലായിരുന്നു. അതു കൊണ്ട് തന്നെ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഗുസ്മാന് കൃഷിയിൽ പ്രവേശിക്കേണ്ടി വന്നു. തെരുവുകളിൽ ഓറഞ്ച് വില്പനയും ഗുസ്മാൻ നടത്തി കുടംബത്തിന്റെ ചെലവ് നടത്തി പോന്നു. 15 വയസ്സായപ്പോൾ തന്നെ ഗുസ്മാൻ തന്റെ സഹോദരങ്ങളും ആയി ചേർന്ന് മരിജ്വാന, പോപ്പി തുടങ്ങിയവയുടെ കൃഷി ആരംഭിച്ചു. അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പോറ്റാനും തുടങ്ങി. വളരെ ചെറുപ്പം മുതലേ മദ്യപിച്ചു എത്തുന്ന പിതാവിന്റെ മർദ്ദനങ്ങൾക്ക് നമ്മുടെ ഗുസ്മാനും, അമ്മയ്ക്കും, സഹോദരങ്ങൾക്കും ഇരയാവേണ്ടി വന്നിരുന്നു. പിന്നീട് അച്ഛനുമായുള്ള തർക്കത്തെ തുടർന്ന് ഗുസ്മാന് തന്റെ മുത്തച്ഛന്റെ വീട്ടിലേക്ക് താമസം മാറേണ്ടി വന്നു. അവിടെ വച്ചാണ് നമ്മുടെ ഗുസ്മാന് “എൽ ചാപ്പോ” എന്ന വിളിപ്പേര് വീഴുന്നത്. “കുഞ്ഞൻ ചാപ്പോ” എന്നാണ് ഈ പേരിന്റെ അർത്ഥം. ഗുസ്മാന്റെ പൊക്കക്കുറവ് തന്നെ ആയിരുന്നു ഈ പേരിനു കാരണവും.


ഇരുപതാമത്തെ വയസ്സിൽ തന്റെ അമ്മാവനും, മയക്കുമരുന്ന് ഡീലറുമായ പെട്രോ ആവ്യുലസിന്റെയൊപ്പം ഗുസ്മാൻ ബദിരഗ്വാറ്റൊയിലേക്ക് താമസം മാറി. ഇത് ഗുസ്മാന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആയിരുന്നു. അവിടെ വച്ച് മറ്റൊരു വലിയ മയക്കുമരുന്ന് വ്യാപാരി ആയിരുന്ന ഹെക്ടർ ലൂയിസ് പാമയുമായി പരിചയപ്പെടുകയും, തുടർന്ന് ഇയാളുമായി ചേർന്ന്, മയക്കുമരുന്ന് കച്ചവടം ആരംഭിക്കുകയും ചെയ്തു. തുടക്ക സമയത്ത് മയക്ക് മരുന്ന് കടത്തുന്ന സമയത്തെ നിരീക്ഷകനായിട്ടായിരുന്നു ഗുസ്മാന്റെ ചുമതല. മാത്രമല്ല വളരെ ശക്തരായ മയക്കു മരുന്ന് വ്യാപാരികളോട് സധൈര്യം കൂടിയ ശമ്പളം ഗുസ്മാൻ ആവശ്യപ്പെടുമായിരുന്നു.

1980-കളിൽ മെക്സിക്കോയിലെ ഏറ്റവും ശക്തരായ മയക്കു മരുന്ന് സംഘം ആയിരുന്നു ‘ഗ്വാടലഹാര കാർട്ടൽ’. ‘മിഗ്വേൽ ഐയിഞ്ചൽ ഫെലിക്സ് ഗല്ലാറഡോ’ ആയിരുന്നു ഇതിന്റെ തലവൻ. ഗുസ്മാന്റെ ബിസിനസിലെ കൃത്യനിഷ്ഠതയും, സത്യസന്ധതയും കണ്ട ഗല്ലാറഡോ ഇയാളെ തന്റെ കൂടെ കൂട്ടി. ആദ്യം തന്റെ ഡ്രൈവർ ആയും പിന്നീട് ബിസിനസ് കാര്യങ്ങൾ ഏൽപ്പിച്ചും തുടങ്ങി. വലിയൊരു മയക്കു മരുന്ന് കള്ളക്കടത്തുകാരനാവാൻ സ്വപ്നം കണ്ട് നടന്ന ഗുസ്മാന് ഇതൊരു സുവർണ അവസരം ആയിരുന്നു. കൊളംബിയയിൽ നിന്നുള്ള മയക്കു മരുന്ന് അമേരിക്കയിലേക്ക് കടത്താൻ അവർ ആശ്രയിച്ചിരുന്നത് ഗല്ലാറഡോയെ ആയിരുന്നു. ഈ അവസരം ഗല്ലാറഡോയ്ക്കും കൂടെ ഗുസ്മാനും വളരാൻ നല്ലൊരു അവസരം ആയിരുന്നു. ഇവർ ഇത് നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തു. എന്നാൽ തന്നെ ഒരു ‘ഡ്രഗ് ലോർഡ് ‘ ആകണം എന്നുള്ള ഗുസ്മാന്റെ ആഗ്രഹം ഗല്ലാറഡോ അവഗണിച്ചിരുന്നു.ഈ അവസരത്തിലായിരുന്നു ഒരു ഡി. ഇ. എ. ഏജന്റിന്റെ കൊലപാതകവും ആയി ബന്ധപ്പെട്ട് ഗല്ലാറഡോ അറസ്റ്റിൽ ആകുന്നത്. ഇത് ഗുസ്മാന് തന്റെ മനസ്സിലെ ആഗ്രഹം സാധിക്കാനുള്ള ഒരു അവസരം ആയി മാറി. ഹെക്ടർ ലൂയിസ് പാമേയും, ഇസ്മായിൽ സാംബാഡേയും, ഗുസ്മാനും കൂടി ചേർന്ന് ‘സിനാലോവ കാർട്ടൽ ‘ എന്ന സംഘം രൂപീകരിക്കുകയും, വളരെ വേഗത്തിൽ തന്നെ ഇത് മെക്സിക്കോയിലെ ഏറ്റവും വലുതും, ശക്തവും ആയ സംഘം ആയി മാറുകയും ചെയ്തു. ഇതോടു കൂടി കൊളംബിയയിൽ നിന്ന് അമേരിക്കയിലേക്ക് മയക്കു മരുന്ന് കടത്തുന്നതിനെ സഹായിക്കുന്നത് നിർത്തി, അവരിൽ നിന്ന് നേരിട്ട് മയക്കു മരുന്ന് വാങ്ങി, അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങി. മാത്രമല്ല, ഇവ സ്വന്തമായി നിർമിക്കുവാനും തുടങ്ങി. ഇതോടു കൂടി ഇവരുടെ വരുമാനം കുമിഞ്ഞു കൂടാൻ തുടങ്ങി.


ഈ സമയത്ത് മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് മയക്കു മരുന്ന് കടത്താൻ പുതിയ മാർഗങ്ങൾ ഗുസ്മാൻ കണ്ടു പിടിച്ചു. തുരങ്കങ്ങൾ വഴി ആയിരുന്നു മുഖ്യമായും ഇവർ തങ്ങളുടെ കള്ളക്കടത്തു നടത്തിക്കൊണ്ടിരുന്നത്. മെക്സിക്കൻ – അമേരിക്ക അതിർത്തിയിൽ വളരെ വിശാലമായ തുരങ്കങ്ങൾ ഇവർ ഭൂമിക്കടിയിലൂടെ നിർമിച്ചു. ശിതീകരിച്ച ഈ തുരങ്കങ്ങളിലൂടെ ടൺ കണക്കിന് മയക്കു മരുന്ന് ആണ് ഇവർ അമേരിക്കയിലേക്ക് കടത്തിക്കൊണ്ടിരുന്നത്. വളരെ താമസിക്കാതെ തന്നെ മയക്കു മരുന്ന് ദൈവം ആയിരുന്ന പാബ്ലോ എസ്കോബാറിനെ ഗുസ്മാൻ കടത്തി വെട്ടി. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ മയക്കു മരുന്ന് സംഘം ആയി ‘സിനാലോവ കാർടൽ’ വളർന്നു.


1993 ജൂൺ 9-ന് ആദ്യമായി ഗുസ്മാൻ പോലീസ് പിടിയിലായി. 20 വർഷം തടവ് ശിക്ഷ ലഭിച്ച ഗുസ്മാൻ അവിടെ നിന്ന് തന്റെ സാമ്രാജ്യം നിയന്ത്രിക്കാൻ തുടങ്ങി. എന്നാൽ, 1995-ൽ ഹെക്ടർ അറസ്റ്റിൽ ആയതോടെ ഗുസ്മാൻ സിനാലോവ കാർടലിന്റെ മുഖ്യ ലീഡർ സ്ഥാനം ഏറ്റെടുത്തു. തന്നെ അമേരിക്കൻ പോലീസിന് കൈ മാറാൻ പോകുന്നു എന്ന് മനസ്സിലാക്കിയ ഗുസ്മാൻ 2001 ജനുവരി 19-ന് സെക്യൂരിറ്റി ഗാർഡുകൾക്ക് കൈക്കൂലി നൽകി, ജയിലിൽ നിന്നു അലക്കുകാർ തുണി കൊണ്ട് പോകുന്ന ഒരു വണ്ടിയിൽ കയറി ജയിൽ ചാടി. പുറത്ത് വന്ന ഗുസ്മാൻ സുഹൃത്തായ ഇസ്മായിൽ സാംബാഡേയുമായി ചേർന്ന് വീണ്ടും തന്റെ സാമ്രാജ്യം വിപുലീകരിച്ചു. അങ്ങനെ ലോകത്തിലെ ഏറ്റവും ശക്തരായ മയക്കുമരുന്ന് കള്ളക്കടത്തുകാർ എന്ന പദവിയിലേക്ക് അവർ എത്തി ചേർന്നു. 2011-ലെ കണക്ക് പ്രകാരം, മെക്സിക്കോയിലെ പത്താമത്തെ സമ്പന്നനും, ലോകത്തിലെ 1140 എന്ന സ്ഥാനത്തെ സമ്പന്നനും ആയി ഗുസ്മാൻ മാറുകയും ചെയ്തു.


ഗുസ്മാനെതിരെ പോലീസ് തങ്ങളുടെ തിരച്ചിൽ ശക്തമാക്കി. രഹസ്യ സങ്കേതങ്ങളിൽ താമസിച്ചു കൊണ്ട് ഗുസ്മാൻ തന്റെ ബിസിനസ് നടത്തി വരികയും ചെയ്തു. ഇത്രയൊക്കെ ആയിരുന്നാലും ആ നാട്ടുകാർക്ക് ഗുസ്മാൻ ദൈവ തുല്യൻ ആയിരുന്നു. നിരവധി സ്കൂളുകളും, ആശുപത്രികളും മറ്റനവധി നല്ല കാര്യങ്ങളും ആ നാട്ടുകാർക്ക് വേണ്ടി ഗുസ്മാൻ നൽകിയിരുന്നു. ഗുസ്മാന് 5 ഭാര്യമാരും, അവരിൽ ആയി 9 മക്കളും ഉണ്ടായിരുന്നു. ഇവരിൽ പലരും ഗുസ്മാന്റെ സഹായികൾ തന്നെ ആയിരുന്നു. 2007-ൽ അമേരിക്കൻ സുന്ദരി ആയ ഇമ കോറോണൽനെ ഗുസ്മാൻ വിവാഹം ചെയ്യുകയും, ഇതിൽ ഇരട്ട പെൺകുട്ടികൾ ജനിക്കുകയും ചെയ്തു. 2014 ഫെബ്രുവരി 24 ന് ഇമയെയും, കുട്ടികളെയും കാണാൻ പോയ ഗുസ്മാനെ മസ് ലാന്റിലുള്ള ഹോട്ടലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.


മെക്സിക്കൻ ഗവണ്മെന്റ് തങ്ങളുടെ ഏറ്റവും ശക്തവും, സുരക്ഷിതവും ആയ ജയിലിൽ ആയിരുന്നു ഇത്തവണ ഗുസ്മാനെ പാർപ്പിച്ചിരുന്നത്. വളരെ ചെറിയൊരു സെൽ ആയിരുന്നു നൽകിയിരുന്നത്. അതിനുള്ളിൽ തന്നെ ഒരു മൂലയിൽ ചെറിയൊരു ഭിത്തി കൊണ്ട് മറച്ച ബാത്‌റൂം. 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണം, ദിവസത്തിൽ ഒരു മണിക്കൂർ മാത്രം സെല്ലിന് വെളിയിൽ വരാം, എന്നാൽ ഈ നേരം മറ്റു തടവുകാരുമായോ, ഉദ്യോഗസ്ഥരുമായോ സംസാരിക്കാൻ പാടുള്ളതല്ല. അങ്ങനെ വളരെ ശ്രദ്ധയോടെ ഗുസ്മാനെ ശ്രദ്ധിച്ചു. എന്നാൽ ഇവയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് 2015 ജൂലൈ 11-ന് നിസ്സാരമായി ഗുസ്മാൻ വീണ്ടും ജയിൽ ചാടി. ജയിലിനു പരിസരത്തുള്ള ഏകദേശം ഒന്നര കിലോ മീറ്റർ സ്ഥലം വാങ്ങി ഗുസ്മാന്റെ കൂട്ടാളികൾ ജയിലിനുള്ളിലേക്ക് ഒരു തുരങ്കം പണിയാൻ തുടങ്ങിയിരുന്നു. ഗുസ്മാന്റെ കയ്യിൽ നേരത്തെ എത്തിച്ചിരുന്ന സ്മാർട്ട്‌ വാച്ച് വഴി ഗുസ്മാന്റെ പൊസിഷൻ കണ്ടു പിടിക്കുകയും, സെല്ലിനുള്ളിലെ ബാത്റൂമിലേക്ക് തുരങ്കം ഉണ്ടാക്കി അത് വഴി ഗുസ്മാൻ ചാടുകയും ചെയ്തു. തുരങ്കത്തിൽ ഓക്സിജെൻ ലഭ്യതയും, ലൈറ്റ്കളും, ഒരു ചെറിയ പാളവും, പാളത്തിലൂടെ ഓടത്തക്ക രീതിയിൽ ഒരു മോട്ടോർ ബൈക്കും സെറ്റ് ചെയ്തിരുന്നു. ഇതിലൂടെ ഗുസ്മാൻ വെളിയിൽ വന്നു.


പുറത്തിറങ്ങിയ ഗുസ്മാന് മറ്റു കള്ളക്കടത്തു സംഘങ്ങളോട് നേരിടേണ്ടി വന്നു. പിന്നീട് 2015 ഒക്ടോബർ 17-ന് സേനയുടെ ഒരു മിന്നൽ ആക്രമണത്തിൽ നിന്ന് ഗുസ്മാൻ വളരെ അത്ഭുതകരമായിട്ടാണ് വിമാനത്തിൽ രക്ഷപ്പെട്ടത്. ആ സമയത്ത് ഗുസ്മാന് തന്റെ ജീവിതം, എക്കാലവും എല്ലാരും ഓർത്തിരിക്കാൻ അത് വച്ച് ഒരു സിനിമ പിടിക്കണം എന്ന മോഹവും ഉണ്ടായി. മെക്സിക്കൻ നായിക ആയ കീറ്റ് ഡെൽ കാസ്റ്റില്ലോ മുഖേന അമേരിക്കൻ നടനായ സീം പെന്നുമായി ഗുസ്മാൻ കൂടിക്കാഴ്ച നടത്തി. എന്നാൽ, ഈ ഫോട്ടോകൾ പിന്നീട് പ്രചരിക്കുകയും, അത് വഴി ഗുസ്മാന്റെ ലൊക്കേഷൻ മനസ്സിലാക്കിയ പോലീസ്, 2016 ജനുവരി 8-ന് ഗുസ്മാൻ താമസിച്ചിരുന്ന വീട്ടിൽ മിന്നൽ ആക്രമണം നടത്തി, തുരങ്കം വഴി രക്ഷപ്പെടാൻ നോക്കിയ ഗുസ്മാനെ വീണ്ടും അറസ്റ്റ് ചെയ്തു. എന്നാൽ ഇത്തവണ 2017 ജനുവരി 19-ന് ഗുസ്മാനെ അമേരിക്കയ്ക്ക് തന്നെ കൈ മാറി. ജീവപര്യന്തം കൂടാതെ 30 വർഷത്തിനും കൂടി തടവിനു വിധിക്കപ്പെട്ട ഗുസ്മാൻ നിലവിൽ ഫ്ലോറൻസിലെ ഒരു അതി ശക്തമായ ജയിലിൽ കഴിയുകയാണ്.

മറ്റൊരു അധോലോക നായകനെ കുറിച്ച് വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു https://exposekerala.com/haji-masthan/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close