എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി ഗ്ലെന്‍ വെയ്‌സ്


Spread the love

അമേരിക്കയിലെ ടെലിവിഷന്‍ ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് എമ്മി അവാര്‍ഡ്. ഓസ്‌കര്‍ അവാര്‍ഡ്, ഗ്രാമി അവാര്‍ഡ് എന്നിവയ്ക്ക് തത്തുല്യമായിട്ടാണ് എമ്മി അവാര്‍ഡിനെ കരുതപ്പെടുന്നത്. ‘ദ് ഓസ്‌കര്‍സ്’ ലൂടെ വെറൈറ്റി സ്‌പെഷ്യല്‍ സംവിധായകനുള്ള എമ്മി പുരസ്‌കാരം നേടിയ ഗ്ലെന്‍ വെയ്‌സ് ആണ് അവാര്‍ഡ് വേദിയില്‍ വെച്ച് തന്റെ ഗേള്‍ഫ്രണ്ടായ യാന്‍ വെന്‍സെന്നിനെ ജീവിതത്തിലേക്ക് ക്ഷണിച്ച് വേദിയെ പ്രണയാതുരനാക്കിയത്. എമ്മി അവാര്‍ഡിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു വേദിയില്‍ വെച്ച് ഇത്തരമൊരു വിവാഹാഭ്യര്‍ഥന അരങ്ങേറിയത്.
അവാര്‍ഡ് സ്വീകരിച്ചതിനു ശേഷമുള്ള പ്രസംഗനിടെയായിരുന്നു ഗ്ലെന്‍ വെയ്‌സിന്റെ അപ്രതീക്ഷിതമായ പ്രപ്പോസല്‍. തന്റെ പെണ്‍മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ഗ്ലെന്‍ തന്റെ പ്രസംഗം തുടങ്ങിയത്. രണ്ടാഴ്ച മുന്‍പ് മരിച്ചുപോയ അമ്മയെ കുറിച്ചായി പിന്നെ സംസാരം, ‘ എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം തകര്‍ന്നു പോയിരിക്കുന്നു, എന്നെങ്കിലും അത് പഴയ പോലെ ആകുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ അമ്മ എന്റെ ഉള്ളില്‍ തന്നെയുണ്ട്, എപ്പോഴും എന്റെ മനസ്സില്‍ തന്നെയുണ്ടാകും’, വികാരഭരിതനായിരുന്നു ഗ്ലെന്‍.
‘അമ്മ എപ്പോഴും പറയുമായിരുന്നു നിന്റെ സണ്‍ഷൈനിനെ കണ്ടെത്തൂ’ എന്ന് പറഞ്ഞ ഗ്ലെന്‍ സദസ്സിലിരിക്കുന്ന യാനിനെ, ‘എന്റെ ജീവിതത്തിന്റെ സണ്‍ഷൈന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ‘ഞാനെന്താണ് നിന്നെ ഗേള്‍ഫ്രണ്ട് എന്നു വിളിക്കാത്തെന്ന് നീ അത്ഭുതപ്പെടുന്നുണ്ടാകും, കാരണം എനിക്ക് നിന്നെ എന്റെ ഭാര്യയെന്നു വിളിക്കാനാണ് ഇഷ്ടം,’ യാനിനെ നോക്കി ഗ്ലെന്‍ തുടര്‍ന്നു.
ഗ്ലെന്നിന്റെ അപ്രതീക്ഷിതമായ പ്രഖ്യാപനം അത്ഭുതത്തോടെയാണ് സദസ്സ് കേട്ടത്. ഗ്ലെനിന്റെ പ്രഖ്യാപനം കേട്ട യാന്‍ വെന്‍സെന്‍ അത്യാഹ്ലാദത്തോടെ സ്‌റ്റേജിലേക്ക് എത്തി. വേദിയില്‍ എത്തിയ യാനിനു മുന്നില്‍ മുട്ടിലിരുന്നായിരുന്നു ഗ്ലെന്നിന്റെ പ്രണയാഭ്യര്‍ത്ഥന, ‘ഈ സദസ്സിനെയും എന്റെ അമ്മയേയും നിന്റെ മാതാപിതാക്കളെയും സാക്ഷി നിര്‍ത്തി 67 വര്‍ഷം മുന്‍പ് എന്റെ ഡാഡ് മമ്മയെ അണിയിച്ച ഈ മോതിരം നിന്റെ കൈകളില്‍ അണിയിക്കാന്‍ ഞാനാഗ്രഹിക്കുന്നു. യാന്‍, വില്‍ യു മാരി മി’. ഗ്ലെന്നിന്റെ വാക്കുകള്‍ കേട്ട് യാന്‍ കരഞ്ഞു. മോതിരമണിഞ്ഞ ശേഷം ഇരുവരും സ്‌നേഹ ചുംബനം പകര്‍ന്നു.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close