
തിരുവനന്തപുരം:യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത്് കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ നോക്കി ഉന്നതരെ കണ്ടെത്താനുള്ള കസ്റ്റംസ് നീക്കത്തിനു തിരിച്ചടി. കസ്റ്റംസ് ആവശ്യപ്പെട്ട വിമാനത്താവള പരിസരത്ത് പൊലീസിന് ക്യാമറയില്ല. കസ്റ്റംസ് പരിശോധിക്കാന്‍ സാധ്യതയില്ലാത്ത തരത്തില്‍ സ്വര്‍ണം കടത്തിയിരിക്കുന്നത് ആറുമാസത്തിനിടെ മൂന്നുതവണ. കസ്റ്റംസ് ആവശ്യപ്പെട്ട സ്ഥലത്ത് നിന്ന് അര കിലോമീറ്റര്‍ അകലെ മുതലാണ് ക്യാമറയുള്ളത്. മൂന്ന് മാസത്തിനിടയിലെ ആറ് പ്രത്യേക ദിവസത്തെ ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. കൈവശമുള്ള ദൃശ്യങ്ങള്‍ നല്‍കാമെന്ന് പൊലീസ് കസ്റ്റംസിനെ അറിയിച്ചു.
അതേസമയം, നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി സന്ദീപ് നായരാണെന്ന് കസ്റ്റംസ്. കസ്റ്റംസ് പരിശോധിക്കാന്‍ സാധ്യതയില്ലാത്ത തരത്തില്‍ സ്വര്‍ണം കടത്താനുള്ള പദ്ധതിയും സന്ദീപിന്റേതായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതേവഴിയില്‍ ആറുമാസത്തിനിടെ ഏഴുതവണ സ്വര്‍ണം കടത്തി. സരിത് മൂന്നാംകണ്ണി മാത്രമെന്നും കസ്റ്റംസ് വിലയിരുത്തല്‍.
നയതന്ത്ര പാഴ്സലില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ കേസ് എന്‍ഐഎ അന്വേഷിക്കാന്‍ തീരുമാനമായിരുന്നു. വിവിധ കേന്ദ്രഏജന്‍സികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണു തീരുമാനം. കേരളത്തില്‍ സംഘടിതമായി സ്വര്‍ണക്കടത്ത് നടക്കുന്നത് ദേശ സുരക്ഷയ്ക്കു ഭീഷണിയാണെന്ന വിലയിരുത്തലിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.
തിരുവനന്തപുരത്ത് ഇപ്പോള്‍ പിടിയിലായ കേസ് മാത്രമല്ല, കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതും അന്വേഷണം എങ്ങുമെത്താതുമായ സ്വര്‍ണ കള്ളക്കടത്ത് കേസുകളും എന്‍ഐഎ അന്വേഷിക്കും. ഭീകരവാദ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു വിദേശത്തുനിന്ന് ധനസഹായം ലഭിക്കുന്നുണ്ടോ എന്നും അന്വേഷിക്കും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇക്കാര്യത്തില്‍ പ്രത്യേക താല്പര്യമെടുത്ത് ശക്തമായ അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസും തിരുവനന്തപുരം കേസ് പ്രത്യേകം നിരീക്ഷിച്ചു വരികയായിരുന്നു.
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള കസ്റ്റംസും ഇന്റലിജന്‍സ് ബ്യൂറോയുമാണ് (ഐബി) ഇപ്പോള്‍ തിരുവനന്തപുരം കേസ് അന്വേഷിക്കുന്നത്. എന്‍ഐഎ കൂടി ചേരുന്നതോടെ അന്വേഷണം പൂര്‍ണമായി കേന്ദ്രനിയന്ത്രണത്തിലാകും. ഏതു സംസ്ഥാനത്തെയും സുരക്ഷയുമായി ബന്ധപ്പെട്ട കേസ്, സംസ്ഥാന അനുമതി കൂടാതെ അന്വേഷിക്കാന്‍ അധികാരമുള്ള ഏജന്‍സിയാണ് എന്‍ഐഎ.