മൊബൈൽ ഫോണിന്റെ നാൾവഴികൾ… 


Spread the love

1876-77 കാലഘട്ടത്തിൽ അലക്സാണ്ടർ ഗ്രഹാം ബെൽ ടെലിഫോൺ കണ്ടുപിടിക്കുമ്പോൾ വർഷങ്ങൾക്ക്‌ ഇപ്പുറം മാർട്ടിൻ കൂപ്പർ എന്ന ഗവേഷകൻ അതിന് മൊബൈൽ ഫോൺ എന്ന അത്ഭുതകരമായ ഒരു രൂപമാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല. ഇന്നത്തെ തലമുറയ്ക്ക് ഭക്ഷണവും,  വസ്ത്രവും എന്നപോലെ പോലെ ഒരു അവശ്യ വസ്തുവായി മൊബൈൽ ഫോണും മാറിയിരിക്കുമ്പോൾ നമുക്ക് മൊബൈൽ ഫോണിന്റെ ചരിത്രത്തിലേക്ക് ഒന്ന് പോകാം..

രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മൻ സൈനികർ വിവരങ്ങൾ കൈമാറാൻ ഉപയോഗിച്ചിരുന്ന  വയർലെസ് സംവിധാനമാണ് ഇന്ന് നാം ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെ ആദ്യ രൂപം എന്ന് പറയപ്പെടുന്നു. പിന്നീട്  1940-50 കളിൽ കാറുകളിൽ ഘടിപ്പിക്കാൻ സാധിക്കുന്ന കാർ ഫോണുകൾ നിർമ്മിക്കുകയുണ്ടായി. അത്തരം ഫോണുകൾ ജനശ്രദ്ധ ആകർഷിച്ചെങ്കിലും അമിതഭാരമടക്കം നിരവധി പോരായ്മകളും അതിന് ഉണ്ടായിരുന്നു. 1973 ലാണ് ഇന്ന് കാണപ്പെടുന്ന സെൽഫോണുകളുടെ യഥാർത്ഥ രൂപം ഉണ്ടായത്. ‘മോട്ടറോള’ കമ്പനിയിലെ ‘മാർട്ടിൻ കൂപ്പർ’ എന്ന ഗവേഷകനാണ് അതിൻറെ ഉപജ്ഞാതാവ്. മാർട്ടിൻ കൂപ്പർ ആദ്യമായി ഉപയോഗിച്ച മൊബൈൽ ഫോൺ വളരെയധികം നീളവും വീതിയുമുള്ള കൈയിൽ ഒതുങ്ങാത്ത ഒരു പെട്ടിയായിരുന്നു എന്ന് തന്നെ പറയാം. പത്ത് മണിക്കൂറോളം ചാർജ് ചെയ്താൽ മാത്രമേ അതുപയോഗിച്ചു അര മണിക്കൂർ സംസാരിക്കുവാൻ സാധിച്ചിരുന്നുള്ളൂ.
1973 ൽ ഫോൺ കണ്ടുപിടിച്ചിരുന്നു എങ്കിലും മോട്ടറോളക്ക് ഇത് ജനങ്ങളിലേക്കെത്തിക്കാൻ 10 വർഷം വേണ്ടി വന്നു. “DynaTAC 8000X” എന്ന ഫോണാണ് അവർ  വിപണിയിൽ എത്തിച്ചത്.

പിന്നീട് 20 വർഷങ്ങൾക്ക് ശേഷം 1994 ൽ ഐ.റ്റി വ്യവസായ ഭീമന്മാരായ  “ഐ.ബി.എം” എന്ന കമ്പനി “ഐ ബി എം സൈമൺ” എന്ന പേരിൽ സ്മാർട്ട് ഫോൺ  വിപണിയിലെത്തിച്ചു. ടച്ച് സ്ക്രീൻ, കലണ്ടർ, കാൽക്കുലേറ്റർ, മെയിലും,  ഫാക്സും അയക്കാനുള്ള സംവിധാനങ്ങൾ എന്നീ പ്രത്യേകതകളോടെ രംഗത്തിറക്കിയ ഈ ഫോൺ ജന ശ്രദ്ധ ആകർഷിക്കുകയുണ്ടായി. 1999 യിൽ ജാപ്പനീസ്  കമ്പനിയായ “NTT Docomo” ആണ് ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകൾ വിപണിയിൽ ഇറക്കിയത്. അതിനുശേഷം നിരവധി കമ്പനികൾ പലവിധത്തിലും വലിപ്പത്തിലുമുള്ള  ഫോണുകൾ നിർമ്മിക്കുകയും വിപണിയിൽ എത്തിക്കുകയും ചെയ്തു.

2002 ൽ “നോക്കിയ” എന്ന ഫിന്നിഷ് കമ്പനി പുറത്തിറക്കിയ “നോക്കിയ 1100” ആണ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൊബൈൽ ഫോണുകളുടെ പട്ടികയിൽ ഇന്നും ആദ്യ സ്ഥാനത്തുള്ളത്. നോക്കിയയുടെ തന്നെ “നോക്കിയ 9000” ആദ്യത്തെ QWERTY കീബോർഡും, “നോക്കിയ 7110” വയർലെസ് ആക്സസ് പ്രോട്ടോകോൾ  സൈറ്റുകളും കൊണ്ടുവന്നു. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന വയർലെസ് ഇൻറർനെറ്റ് ലോകത്തേക്കുള്ള ഉള്ള ചവിട്ടുപടിയായിരുന്നു ഇത്. ഈ കാലഘട്ടത്തിൽ ജനപ്രിയ മൊബൈൽ ഫോണുകളുമായി നോക്കിയ ലോകം കീഴടക്കി എന്ന് തന്നെ പറയാം. ജി.പി.എസ്. സംവിധാനം ഫോണുകളും ആദ്യ MP3 ഫോണും ഈ കാലയളവിൽ തന്നെ പുറത്തിറങ്ങി.

പിന്നീട് ഗൂഗിൾ ആൻഡ്രോയ്ഡ് എന്ന മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം  അവതരിപ്പിച്ചതോടെ ജനങ്ങൾ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ഫോണുകളോട് താല്പര്യം പ്രകടിപ്പിച്ചു തുടങ്ങി, ഇത് നോക്കിയയുടെ പ്രയാണത്തിന് തിരിച്ചടി ആയി തുടങ്ങി. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ആദ്യമായി സ്മാർട്ട് ഫോൺ  അവതരിപ്പിച്ചത് “എച്ച്. ടി. സി” എന്ന കമ്പനിയാണ്. 2000 ൽ ക്യാമറ ഫോണുമായി “സോണി എറിക്സണും “2002 ൽ “ബ്ലാക്ക് ബെറിയും” എത്തി. 2007 ൽ ആപ്പിൾ ഐഫോൺ പുറത്തിറക്കിയതോടെ മൊബൈൽ ഫോൺ ചരിത്രത്തിൽ തന്നെ അതൊരു നാഴികക്കല്ലായി മാറി.

ആദ്യകാല മൊബൈൽ ഫോൺ നിർമാതാക്കളായ “അൽക്കാടെൽ”, “എറിക്സൺ”, “മോട്ടറോള” എന്നിവയൊക്കെ വിലകുറഞ്ഞ ചൈനീസ് മൊബൈലുകളുടെ കുത്തൊഴുക്കിൽ വിപണിയിൽ നിന്നും  പുറത്തായി തുടങ്ങി. കാലാനുസൃതമായ മാറ്റങ്ങൾ വരുത്താത്തത് മൂലം ക്രമേണ നോക്കിയയുടെ വിപണി നഷ്ടപെടുവാൻ തുടങ്ങി. 2013 ൽ നോക്കിയയുടെ ഓഹരി മൈക്രോസോഫ്റ്റ് വാങ്ങി. ഇപ്പോൾ “എച്ച്.എം.ടി. ഗ്ലോബൽ” എന്ന കമ്പനി നോക്കിയയെ ഏറ്റെടുക്കുകയും ചെയ്തു. “ഷവോമി” ആണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ചൈനീസ് ബ്രാൻഡ്. 1995 ലാണ് ഇന്ത്യയിൽ ആദ്യമായി  മൊബൈൽ ഫോൺ എത്തിയതെങ്കിലും മൊബൈൽ നിർമാണ കമ്പനികൾ ഇന്ത്യയിൽ ആരംഭിച്ചിരുന്നില്ല. നോക്കിയ ആദ്യമായി ചെന്നൈയിൽ ഇന്ത്യയിലെ ആദ്യ മൊബൈൽ ഫോൺ നിർമ്മാണ പ്ലാന്റ് ആരംഭിച്ചു, അതിനെ തുടർന്ന് കൊറിയൻ നിർമാതാക്കളായ സാംസങ് ഹരിയാനയിലെ നോയിഡയിൽ മൊബൈൽ ഫോൺ അസ്സെംബിളിങ് യൂണിറ്റും, ഈയിടെ മൊബൈൽ ഡിസ്പ്ലേ യൂണിറ്റും ആരംഭിച്ചു.

ഇന്ത്യയിലേക്കുള്ള ചൈനീസ് കടന്ന് കയറ്റത്തെ തുടർന്ന് കേന്ദ്ര ഗവൺമെന്റിന്റെ “ആത്മ നിർമ്മാൺ ഭാരത് അഭിയാൻ” പദ്ധതി പ്രകാരം 200 ഓളം മൊബൈൽ / അനുബന്ധ ഭാഗങ്ങൾ എന്നിവയുടെ നിർമാതാക്കൾ ഇന്ത്യയിൽ ഫാക്ടറികൾ  തുടങ്ങുവാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഐ ഫോൺ നിർമാതാക്കൾ 5 വർഷം കൊണ്ട് അവരുടെ ചൈനയിലെ ഫാക്ടറി ഘട്ടം ഘട്ടമായി പൂർണമായും ഇന്ത്യയിലേക്ക് മാറ്റി സ്ഥാപിക്കുവാനായുള്ള കരാർ ഒപ്പിട്ട് കഴിഞ്ഞു. നിലവിൽ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഇന്ത്യ സമീപ ഭാവിയിൽ തന്നെ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Read also :ഇന്ത്യയിൽ 25 വയസ്സ് തികച്ചു മൊബൈൽ ഫോൺ 

ഈ അറിവ് നിങ്ങൾക്ക്‌ പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക. http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close