
കൊല്ലം: കൊല്ലം-പത്തനംതിട്ട ജില്ലകളുടെ അതിർത്തി വനമേഖലയിൽപ്പെടുന്ന തട്ടാക്കുടിയിൽ ജനുവരി 21-ന് വാഗമൺ തീവ്രവാദ ക്യാമ്പിന്റെ മാതൃകയിൽ ആയുധപരിശീലനം നടന്നതായി സംശയം. ഉത്തർപ്രദേശിൽ പിടിയിലായ ചില യുവാക്കൾ പാടത്തുനിന്ന് പരിശീലനം നേടിയതായി പോലീസിനോട് പറഞ്ഞിരുന്നു.
പാടം ഗ്രാമത്തിൽ വനംവകുപ്പിന്റെ കശുമാവിൻതോട്ടത്തിൽനിന്നു ബോംബുനിർമാണത്തിന് ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ കണ്ടെടുത്തിരുന്നു.
രണ്ട് ജലാറ്റിൻ സ്റ്റിക്ക്, നാല് ഡിറ്റണേറ്റർ, ബാറ്ററികൾ, മുറിച്ച വയറുകൾ, പശ എന്നിവയാണ് തിങ്കളാഴ്ച പാടത്തുനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ചൊവ്വാഴ്ച കോന്നി വനമേഖലയിൽനിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട വെവ്വേറെ അന്വേഷണം നടത്തിയ തമിഴ്നാട് ക്യു ബ്രാഞ്ചും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും തീവ്രവാദ ക്യാമ്പ് നടന്നതായി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് സൂചന. രണ്ട് ഏജൻസികളുടെയും ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മലയാളികൾക്കൊപ്പം തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ളവരും ക്യാമ്പിൽ പങ്കെടുത്തതായാണ് വിവരം.
സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതോടെ കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. തീവ്രവാദസ്വഭാവമുള്ള സംഘടനയുമായി ബന്ധമുണ്ടെന്നു കരുതുന്ന ചിലരുടെ ഫോൺവിളികൾ പോലീസ് പരിശോധിച്ചുവരികയാണ്.