
ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് വഞ്ചിച്ച യുവാവിനെ പോലീസുകാരന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ വിരുദ്ധ്നഗറിലെ വെസ്റ്റ് പുതുപേട്ടൈ സ്വദേശിയായ അയ്യനാര്(22) ആണ് കൊല്ലപ്പെട്ടത്. പോലീസ് കോണ്‍സ്റ്റബിളായ കണ്ണന് കുമാര്‍ എന്നയാളാണ് കൊലപാതകം നടത്തിയത്. കണ്ണന് കുമാര്‍ പൊങ്കല്‍ അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. പത്ത് ദിവസത്തെ അവധിക്ക് വന്ന ഇയാള്‍ തന്റെ സമീപഗ്രാമവാസിയായ ഫെയ്സ്ബുക്ക് കാമുകിയെ നേരിട്ട് കാണാന്‍ തീരുമാനിച്ചു. സമീപഗ്രാമമായ വെസ്റ്റ് പുതുപാട്ടിയില്‍ എത്തിയപ്പോളാണ് തന്റെ ഫേസ്ബുക്ക് കാമുകി പുരുഷനാണെന്നും താന്‍ വഞ്ചിക്കപ്പെട്ടുവെന്നും കണ്ണന് വ്യക്തമായത്.
അധ്യാപക പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയ അയ്യനാര് പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് കണ്ണനെ പറ്റിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പേരിലുള്ള യഥാര്‍ത്ഥ പ്രൊഫൈലാണെന്ന് വിശ്വസിച്ച് കണ്ണന് ഇയാളുമായി ചാറ്റിംഗ് പതിവായിരുന്നു. ഇടയ്ക്ക് ഫോണിലും സംസാരിച്ചിട്ടുണ്ട്. എന്നിട്ടും അയ്യനാര് സ്ത്രീയല്ലെന്ന് മനസിലാക്കാന്‍ കണ്ണന് സാധിച്ചില്ല.
ഇതിനകം പലപ്പോഴായി നല്ലൊരു തുക അയ്യനാര് കൈക്കലാക്കിയിരുന്നു. ഒടുവില്‍ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അയ്യനാര് വിസമ്മതിച്ചു. ഇത് സംശയത്തിനിടയാക്കിയിരുന്നു. എന്തായാലും നേരിട്ട് കാണണമെന്ന തീരുമാനത്തില്‍ കണ്ണന് ഉറച്ചുനിന്നു. ഒടുവില്‍ കാമുകിയെ തേടിയെത്തിയ ഇയാള്‍ കണ്ടത് അയ്യനാരെ. ചതിയില്‍ മനംനൊന്ത് കണ്ണന് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ആത്മഹത്യാ ശ്രമം പരാജയപ്പെട്ട് ആശുപത്രിയില്‍ കിടക്കുമ്ബോഴാണ് ഇയാള്‍ അയ്യനാരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.