
ഞങ്ങള്‍ കഴിഞ്ഞ ദിവസം ശംഖുമുഖം കടല്‍തീരത്ത് പോയിരുന്നു. അവിടെ കണ്ട ഒരു കാഴ്ചയാണ് ഞാന്‍ ഇങ്ങനെ എഴുതാന്‍ കാരണം.ഞങ്ങള്‍ വൈകുന്നേരം ആറുമണിയോടുകൂടി അവിടെ എത്തി. അവിടെ കൊച്ചുകുട്ടികള്‍ മുതിര്‍ന്നവര്‍ ഇങ്ങനെ പ്രായഭേതമന്ന്യേ അത്യാവശ്യം തിരക്കുണ്ടായിരുന്നു. എന്നാല്‍ അതില്‍ അധികം പേരും പല പല സ്ഥലങ്ങളിലായി ഇരിക്കുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത്. ഈ കാഴ്ച എന്നെ വളരെ അധികം വേദനിപ്പിച്ചു. ഇതില്‍ ഇത്രയ്ക്ക് വിഷമിക്കാന്‍ എന്തെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുക. ഇവര്‍ കടല്‍തീരത്ത് ഇരുന്ന് തിരമാലകള്‍ ആസ്വദിക്കുകയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍ അങ്ങനെയല്ല. മറ്റുള്ളവര്‍ എന്തുചെയ്യുന്നുവെന്ന് നോക്കുന്നത് ശരിയല്ലായെന്ന് അറിയാമെങ്കിലും ഈ കാഴ്ച ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാവരും അറിഞ്ഞിരിക്കണം എന്ന് കരുതി. കാരണം ഇവരൊക്കെ കടല്‍തീരം ആസ്വദിക്കുകയായിരുന്നില്ല. ഞാന്‍ ഒന്നു ശ്രദ്ധിച്ചപ്പോള്‍ അവിടെ ഇരിക്കുന്നവരുടെ എല്ലാവരുടെയും കയ്യിലും മൊബൈല്‍ ഉണ്ട്. ഇവര്‍ ഇത് നോക്കികൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഇരിക്കുന്നവരില്‍ കൊച്ചു കുട്ടികളുമായി വന്നവരുണ്ട്. കൗമാരക്കാരയ മക്കളെയും കൂട്ടിവന്നവരുണ്ട്. ഭാര്യയും ഭര്‍ത്താവും മാത്രം വന്നവരും ഉണ്ട്. കൊച്ചു കുട്ടികളുമായി വന്നവരെ കുറിച്ച് ആദ്യം പറയാം. കുട്ടികള്‍ കടല്‍ തീരത്ത് ഓടി കളിക്കുകയാണ്. എന്നാല്‍ അച്ഛനും അമ്മയും ആകട്ടെ മൊബൈലില്‍ കണ്ണുംനട്ട് ഇരിക്കുകയാണ്. ഇതിനിടയില്‍ ഒരു കുട്ടിവന്ന് അമ്മയോട് എന്തോ ചോദിക്കുന്നുമുണ്ട്. എന്നാല്‍ ഇവര്‍ അത് കേട്ടഭാവം പോലും കാണിക്കുന്നില്ല. കുട്ടി കുറച്ചു സമയം കൂടി അവരുടെ അടുത്തുനിന്നിട്ട് പിന്നെയും കളിയില്‍ മുഴുകി. കുറച്ചു അപ്പുറത്തായി മറ്റൊരു കുടുംബം ഇരിപ്പുണ്ട്. അവര്‍ നാലുപേരുണ്ടായിരുന്നു. രണ്ട് മക്കളും അച്ഛനും അമ്മയും. ഇവര്‍ നാലുപേരും കടല്തീരത്തിരുന്നു മൊബൈലില്‍ നോക്കി ഇരിപ്പാണ്. ഇങ്ങനെയിരിക്കാനാണെങ്കില് ഇവര്‍ എന്തിനാണ് ഇവിടെ വന്നതെന്ന് ഞാന്‍ ചിന്തിച്ചുപോയി. കാണുമ്പോള്‍ തന്നെ അറിയാം ഇങ്ങനെ പല കുടുംബങ്ങള്‍. നമ്മള് ഒരു നിമിഷം ചിന്തിച്ചു നോക്കൂ. നമ്മളുടെ കുട്ടിക്കാലം ഇങ്ങനെയായിരുന്നോ? നമ്മുടെ കുട്ടിക്കാലത്ത് നമ്മുടെ അച്ഛനും അമ്മയും നമ്മോട് എങ്ങനെയായിരുന്നു. അതുപോലെയാണോ ഇപ്പോള്‍ നമ്മുടെ കുട്ടികള്‍ വളരുന്നത്. കാലഘട്ടം മാറുന്നതിനനുസരിച്ച് ചില മാറ്റങ്ങള്‍ വരും. എന്നാല്‍ പോലും കുട്ടികളുടെ മനസ്സിനെ തളര്‍ത്തുന്ന തരത്തിലാണ് ഇപ്പോഴത്തെ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. നമ്മുടെ അച്ഛനും അമ്മയും നമ്മെ കടല്‍തീരത്ത് കൊണ്ട് പോയപ്പോള്‍ എങ്ങനെയായിരുന്നു എന്ന് ചിന്തിച്ചു നോക്കൂ… അവര്‍ നമ്മുടെ കൈയ്യില്‍ പിടിച്ച് തിരയിലൂടെ നടത്തിച്ചു. പിന്നെ വലിയ തിരവരുമ്പോള്‍ നമ്മള് നനയാതിരിക്കാന്‍ നമ്മളെ എടുത്തു പോക്കുകയും നമ്മുടെ കൂടെ ഓടി കളിക്കുകയും ഒക്കെ ചെയ്തു. എന്നാല്‍ നമ്മുടെ കുട്ടികള്‍ക്ക് ആ സന്തോഷം കൊടുക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? നമ്മുടെ കുട്ടിക്കാലം നമുക്ക് ഓര്‍ത്തിരിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ അച്ഛനും അമ്മയും തന്നു. എന്നാല്‍ ഇപ്പോഴുള്ള കുട്ടികള്‍ക്ക് ഓര്‍ത്തിരിക്കാന്‍ അല്ലെങ്കില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത എന്ത് ഓര്‍മ്മയാണ് ഉള്ളത്. ഇപ്പോഴുള്ളവര്‍ കുട്ടികള്‍ക്ക് സ്കൂളില്‍ നിന്നിടുന്ന ഹോംവര്‍ക്ക് ചെയ്തുകൊടുക്കാന്‍ വരെ ട്യൂഷന് ടീച്ചറെ വയ്ക്കുകയാണ് ചെയ്യുന്നത്. പിന്നെ എങ്ങനെയാണ് കുട്ടികള്‍ക്ക് മതാപിതാക്കളോട് സ്നേഹവും കരുതലും ഉണ്ടാകും. അവരും ഒരു യന്ത്രം പോലെ പഠിച്ച് വലുതാകും. എന്നിട്ടോ മാതാപിതാക്കളെ നോക്കാന്‍ അവരും ഇതുപോലെ ആരെയെങ്കിലും ഏല്‍പ്പിക്കും. അങ്ങനെ എല്‍പ്പിച്ചാലോ കുറ്റം മക്കള്‍ക്കാണ്. അവന് എന്നെ നോക്കുന്നില്ല അല്ലെങ്കില്‍ അവള് എന്നെ നോക്കുന്നില്ല, മാതാപിതാക്കളെ നോക്കാതെ അവര്‍ സ്വന്തം കാര്യം നോക്കി പോയി എന്നാണ് പറയുന്നത്. എന്നാല്‍ നിങ്ങള്‍ ചിന്തിച്ചു നോക്കൂ… മാതാപിതാക്കളും ഇതുതന്നെയല്ലേ ഇവരുടെ കുട്ടിക്കാലത്ത് ചെയ്തത്. സ്കൂളില്‍ പോയിട്ട് വീട്ടില്‍ വന്ന് അമ്മയുടെ അല്ലെങ്കില്‍ അച്ഛന്റെ സഹായത്തോടെ ഹോംവര്‍ക്ക് ചെയ്യുന്നതിനും പകരം പണം കൊടുത്ത് ട്യൂഷന് ടീച്ചറെ നിയമിച്ചു. അതു തന്നെയല്ലേ ഇപ്പോള്‍ മക്കള്‍ ചെയ്യുന്നത്. അപ്പോള്‍ ഇതില്‍ ആരാണ് തെറ്റുകാര്‍. ഇനിയെങ്കിലും ഒന്നു ചിന്തിക്കൂ… മക്കളെ ലാളിക്കാനും അവരുടെ ആഗ്രഹങ്ങള്‍ കേള്‍ക്കാനും സമയം കണ്ടെത്തൂ…