
കേരളത്തിൽ അങ്ങോളം ഇങ്ങോളം ഗുണ്ടാ പ്രവർത്തനങ്ങൾ സജീവമാണ് എങ്കിലും, കൂടുതലായും കൊച്ചി കേന്ദ്രീകരിച്ചാണ് ഇത് നടന്നു വരുന്നത്. എന്നാൽ തലസ്ഥാന നഗിരി ആയ തിരുവനന്തപുരവും ഇതിൽ പിന്നിൽ അല്ല. ഗുണ്ടകളുടെ, കൊന്നും കൊലവിളിച്ചും ഉള്ള കുടി പകകളുടെ അനേകം കഥകൾ അനന്തപുരിയ്ക്കും പറയുവാനുണ്ട്. അതിൽ ഒന്ന് ആണ് 1999 ൽ നടന്ന L. T. T. E കബീറിന്റെ ഞെട്ടിക്കുന്ന കൊലപാതകം. തികച്ചും നാടിനെ വിറപ്പിച്ച ഒന്ന് തന്നെ ആയിരുന്നു അത്.
അടുത്തിടെ പുറത്തിറങ്ങിയ മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക്’ എന്ന സിനിമയിൽ അപ്പാനി ശരത് അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രം സെൻട്രൽ ജയിലിനു മുന്നിൽ വെച്ച്, പോലീസുകാരുടെ സാനിധ്യത്തിൽ കൊല്ലപ്പെടുന്ന രംഗം കാണികൾ ഏവരെയും ത്രസിപ്പിച്ചതാണ്. എന്നാൽ അത് പോലെ തന്നെ ഒരു കൊലപാതകം യഥാർത്ഥത്തിൽ, കേരളത്തിൽ അരങ്ങേറിയിട്ടുണ്ട് എന്ന് എത്ര പേർക്ക് അറിയാം. അതും തലസ്ഥാന നഗരത്തിൽ.
സംഭവം നടക്കുന്നത് 1999 ജൂലൈ 16 ന് ആണ്. അന്ന് കൊലപാതകത്തിന് ഇര ആയത് തിരുവനന്തപുരം സ്വദേശി L. T. T. E കബീർ എന്ന യുവാവ് ആയിരുന്നു. കോടതിയിൽ നിന്നും ജയിലിലേക്ക് കൊണ്ട് വരുന്ന സമയത്ത് ആയിരുന്നു, പട്ടാപ്പകൽ കാറിൽ എത്തിയ സംഘം, തിരുവനന്തപുരം അട്ടക്കുളങ്ങര സബ് ജയിലിനു മുൻപിൽ വെച്ച് കബീറിന് നേരെ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയത്. ആക്രമണത്തിൽ തലയ്ക്കു സാരമായി പരിക്ക് ഏറ്റ കബീർ തൽക്ഷണം തന്നെ മരണത്തിന് കീഴടങ്ങുക ആയിരുന്നു. കൊലപാതകത്തിനു ശേഷം കടന്ന് കളഞ്ഞ പ്രതികൾ ആയ കരോട്ടെ ഫറൂഖ്, അനിൽ, സത്താർ എന്നിവരെ അധികം വൈകാതെ തന്നെ പോലീസ് അറസ്റ്റ് ചെയ്തു.
അന്ന് കേരളത്തെ ഞെട്ടിച്ച സിനിമ സ്റ്റൈൽ കൊലപാതകത്തിന് നേതൃത്വം കൊടുത്തത് കരാട്ടെ ഫറൂഖ് എന്ന പ്രമുഖ ഗുണ്ടാ തലവൻ ആയിരുന്നു. തിരുവനന്തപുരം, വള്ളക്കടവ് ഭാഗത്തുള്ള ഗുണ്ടകളുടെ തലവൻ ആയിരുന്നു കരാട്ടെ ഫറൂഖ് . യഥാർത്ഥത്തിൽ ഫാറൂഖ്, L. T. T. E കബീർ എന്നിവർ തമ്മിൽ നേരിട്ട് ഒരു ശത്രുതയും ഇല്ലായിരുന്നു. കബീറുമായി ചാന്നാങ്കര സുലൈമാൻ എന്ന ഒരു വ്യക്തിയ്ക്ക് ഉണ്ടായിരുന്ന കുടിപ്പക, കബീറിന് എതിരെ ഫറൂഖ് എന്ന ഗുണ്ടാ തലവന് കൊട്ടേഷൻ നൽകുവാൻ പ്രേരിപ്പിക്കുക ആയിരുന്നു. 2 ഭാര്യമാർ ഉള്ള ഇയാൾ അനേകം തട്ടിപ്പ് കേസുകളിൽ പ്രതി ആയിട്ടുണ്ട്. ഫറൂഖ്, തന്റെ കൂട്ടാളികൾ ആയ സത്താർ, അനിൽ എന്നിവരും ആയി ചേർന്ന് ഏറ്റെടുത്ത ദൗത്യം സധൈര്യം പൂർത്തീകരിക്കുകയും ചെയ്തു.
കബീറിന് എതിരെ ഇതിനു മുൻപും പല വധ ശ്രമങ്ങൾ ഫാറൂഖ് ഉൾപ്പെട്ട സംഘം നടത്തിയിരുന്നു. ഒരിക്കൽ തിരുവനന്തപുരം പടിഞ്ഞാറെ കോട്ടയിൽ വെച്ച് ഫാറൂഖ്, കബീറിന് നേരെ ബോംബ് എറിഞ്ഞിട്ടുണ്ട്. ഈ ആക്രമണത്തിൽ പരിക്കേറ്റ കബീർ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ആ സമയം ഒരു എ. എസ്. ഐ യെ കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളി ആയിരുന്നു കബീർ. അതിനാൽ, തന്നെ അന്വേഷിച്ചു പോലീസ് അവിടെ എത്തും എന്ന് മനസ്സിലാക്കിയ കബീർ അവിടെ നിന്നും രക്ഷപെട്ട്, തമിഴ്നാട്ടിലേക്ക് കുടിയേറി, ക്രിസ്തുദാസ് എന്ന വ്യാജ പേരിൽ അവിടെ ചികിത്സ നടത്തി പിന്നീട് നാട്ടിലേക്ക് മടങ്ങി എത്തി. ഈ വേളയിൽ ആണ് കബറിന് എതിരെ ഫറൂഖ് വീണ്ടും ആക്രമണം നടത്തിയത്. അത് വിജയം കൈ വരിക്കുകയും ചെയ്തു.
അധികം വൈകാതെ തന്നെ പ്രതികൾ പോലീസ് പിടിയിൽ പെട്ടു. വാദം കേട്ട തിരുവനന്തപുരം സെഷൻസ് കോടതി, ഫറൂഖ്, സത്താർ എന്നിവരെ തൂക്കിലേറ്റുവാൻ വിധി പുറപ്പെടുവിക്കുകയും, സുലൈമാനെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു. കേരള ചരിത്രത്തിൽ റെക്കോർഡ് വേഗത്തിൽ വന്ന വിധി ആയിരിന്നു അത്. 8 മാസം കൊണ്ട് കേസ് കേട്ട് കോടതി വിധി പ്രഖ്യാപിക്കുക ആയിരുന്നു. എന്നാൽ പിന്നീട് മേൽ കോടതി ഫറൂഖിന്റെയും, സാത്താറിന്റെയും വധ ശിക്ഷ, ജീവപര്യന്തം ആയി കുറച്ചു.
നീണ്ട വർഷങ്ങൾ ആയിരുന്നു ഫറൂഖിന്റെ ജയിൽ വാസം. എന്നാൽ ഈ ഒരു ജയിൽ വാസം ഫറൂഖ് എന്ന ഗുണ്ട നേതാവിന്റെ ഒരു പുതിയ മനുഷ്യൻ ആക്കി മാറ്റുക ആയിരുന്നു. ശാന്ത സ്വരൂപനും, സമാധാന പ്രിയനും ആയി മാറിയ ഇയാൾ, മറ്റു പല കാര്യങ്ങളിലേക്കും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫറൂഖ് എന്ന ഗുണ്ടയുടെ പരിവർത്തനത്തിന്റെ നാളുകൾക്ക് ആയിരുന്നു പിന്നീട് എല്ലാവരും സാക്ഷ്യം വഹിച്ചത്.
ജയിൽ വാസത്തിന് ഇടയിൽ തീപ്പെട്ടി കൊള്ളികൾ ഉപയോഗിച്ച് ഫറൂഖ് നിർമ്മിച്ച താജ് മഹൽ രൂപ രേഖ ജന ശ്രദ്ധ ആകർഷിച്ചിരുന്നു. ഒട്ടനവധി കൊലപാതകങ്ങളും, ക്രൂര കൃത്യങ്ങളും ചെയ്ത ഫറൂഖിന്റെ കൈകൾ, കലാ നിർമ്മിതികളിൽ കഴിവ് തെളിയിക്കുവാൻ തുടങ്ങി. പോലീസുകാരുടെയും, സഹ തടവുകാരുടെയും പ്രിയപ്പെട്ട ഒരുവൻ ആയി മാറി. അനേകം കാലം ഫറൂഖിന് ജയിലിൽ ചിലവിടേണ്ടി വന്നു. പരോളിൽ പുറത്ത് ഇറങ്ങിയാൽ, പ്രതികാരം ചെയ്യുവാൻ തക്കം പാർത്തിരിക്കുന്ന കബീറിന്റെ അനുയായികളെ ഭയന്നും, ഒരു പക്ഷെ ജയിലിനു പുറത്ത് ഇറങ്ങിയാൽ ഫറൂഖ് തന്റെ മുൻകാല പ്രവർത്തനങ്ങളിൽ മുഴുകുമോ എന്ന ആശങ്ക മൂലവും പരോൾ നൽകുവാൻ പോലീസും, കോടതിയും വിസമ്മതിച്ചു.
ഒടുവിൽ നീണ്ട 20 വർഷത്തിന് ശേഷം, സമീപ കാലത്ത് ജയിലിൽ നിന്നും ഫറൂഖ് അടുത്ത കാലത്ത് പരോളിൽ ഇറങ്ങി. കൊറോണ രോഗം വ്യാപകം ആയതോടെ തടവുകാർക്ക് കൂട്ടത്തോടെ പരോൾ കൊടുത്തു വന്ന രീതിയിൽ ഉൾപ്പെട്ടാണ്, ഫറൂഖ് പരോൾ നേടിയത്. എന്നാൽ ചെയ്ത തെറ്റിന്റെ ശിക്ഷയോ, അതോ ജീവിതം എന്ന ശിക്ഷയിൽ നിന്നുള്ള മോചനമോ, അടുത്തിടെ ഇയാൾ മരണത്തിന് ഇരയായി. ഹൃദയാഘാതം ആയിരുന്നു മരണ കാരണം. അങ്ങനെ നീണ്ട കാലയളവിലെ ശിക്ഷയിൽ നിന്നും മരണം ഫറൂഖിനെ രക്ഷപ്പെടുത്തി കുടി പകയും, ചോര ചീന്തലും ഇല്ലാത്ത ഒരു ലോകത്തേയ്ക്ക് കൊണ്ട് പോയിരിക്കുന്നു.