മീൻ ഒന്ന് വാഴ ഇലയിൽ പൊള്ളിച്ചു എടുത്താലോ.


Spread the love

മീൻ എല്ലാവരുടെയും ഇഷ്ട വിഭവം ആണ്. മീൻ ഉപയോഗിച്ച് അനേകം രുചി കൂട്ടുകൾ നമുക്ക് സൃഷ്ടിച്ചു എടുക്കാവുന്നതാണ്. അത്തരത്തിൽ മുതിർന്നവർക്കും, കുട്ടികൾക്കും എല്ലാം ഇഷ്ടപ്പെടുന്ന രീതിയിൽ മീൻ ഒന്ന് വാഴ ഇലയിൽ പൊള്ളിച്ചു എടുത്ത് നോക്കിയാലോ. ഇടത്തരം വലുപ്പത്തിൽ ഉള്ള മീനുകൾ ആണ്, വാഴയിലയിൽ പൊള്ളിക്കുവാൻ അനുയോജ്യം. കരിമീൻ, തിലാപ്പിയ, ആവോലി മുതലായ തരത്തിൽ ഉള്ള മീനുകൾ എല്ലാം ഈ രീതിയിൽ പൊള്ളിച്ചു എടുക്കാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങൾ.

മീൻ: 2 എണ്ണം
മുളക് പൊടി: 2 tsp
കുരുമുളക് പൊടി: 1 tsp
മഞ്ഞൾ പൊടി: 1 tsp
ചെറിയ ഉള്ളി: 15 എണ്ണം
തക്കാളി: 1
വെളുത്തുള്ളി: 10 അല്ലി പേസ്റ്റ് ആക്കിയത്
ഇഞ്ചി: 1 കഷ്ണം പേസ്റ്റ് ആക്കിയത്
നാരങ്ങ: പകുതി
പുളി വെള്ളം: 2 ടേബിൾ സ്പൂൺ
തേങ്ങ പാൽ: 2 ടേബിൾ സ്പൂൺ
പച്ച മുളക്: 3 എണ്ണം
ഉപ്പ്: ആവശ്യത്തിന്
എണ്ണ: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

1 tsp മുളക് പൊടി, ½ tsp കുരുമുളക് പൊടി, ¼ tsp മഞ്ഞൾ പൊടി, ½ tsp വെളുത്തുള്ളി പേസ്റ്റ്, ½ tsp ഇഞ്ചി പേസ്റ്റ്, പകുതി നാരങ്ങയുടെ നീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈ കൊണ്ട് കൂട്ടി യോജിപ്പിച്ചു മസാല ഉണ്ടാക്കി എടുക്കുക. ശേഷം നല്ലത് പോലെ കഴുകി വൃത്തിയാക്കിയ മീൻ എടുത്ത്, ഈ മസാല അതിലേക്ക് നല്ലത് പോലെ പുരട്ടി കൊടുക്കുക. മസാല മീനിലേക്ക് പുരട്ടുന്ന സമയം എല്ലാ ഭാഗത്തും മസാല പുരളുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം അര മണിക്കൂർ മസാല പിടിക്കുവാൻ വേണ്ടി ഈ മീൻ മാറ്റി വെയ്ക്കേണ്ടതാണ്.

അര മണിക്കൂറിന് ശേഷം, ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ഇതിലേക്ക് മീൻ വറുത്തു എടുക്കുവാൻ ആവശ്യമായ എണ്ണ ചേർക്കുക. എണ്ണ ചൂടാകുമ്പോൾ മസാല പുരട്ടി വെച്ചിരിക്കുന്ന മീൻ ഇതിലേക്കിട്ട് പകുതി വേവിൽ ഇരു വശവും ചെറു തീയിൽ വറുത്തു എടുക്കുക.

മീൻ പകുതി വേവിൽ വറുത്തു കോരിയതിനു ശേഷം, ആ എണ്ണയിൽ തന്നെ 1 ടേബിൾ സ്പൂൺ ഇഞ്ചി പേസ്റ്റ്, 1 ടേബിൾ സ്പൂൺ വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് പച്ച മണം മാറുന്നത് വരെ മൂപ്പിച്ചു എടുക്കുക. ശേഷം 15 ചെറിയ ഉള്ളി ചതച്ചതും, 3 പച്ച മുളക് കീറിയതും കൂടി ചേർത്ത് നല്ലത് പോലെ മൂപ്പിച്ചു എടുക്കുക. ശേഷം ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി, ¼ tsp മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ്, ഒരു തണ്ട് കറി വേപ്പില എന്നിവ ചേർത്ത് നല്ലത് പോലെ വരട്ടി എടുക്കുക. ശേഷം 1 tsp മുളക് പൊടി, ½ tsp കുരുമുളക് പൊടി, ½ tsp മല്ലിപ്പൊടി എന്നിവ കൂടി ചേർത്ത് നല്ലത് പോലെ ഇളക്കി യോജിപ്പിക്കുക. 5 മിനിറ്റ് ചെറു തീയിൽ വെച്ച് ഇളക്കിയതിന് ശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ പുളി വെള്ളം കൂടി ചേർക്കുക. അടുത്തതായി ഈ കൂട്ടിലേക്ക്, നേരത്തെ തയ്യാർ ആക്കി വെച്ചിരിക്കുന്ന തേങ്ങ പാൽ കൂടി ചേർക്കുക. അതിനു ശേഷം ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന മീൻ കൂടി ഇട്ട് കൊടുത്ത്, സ്പൂൺ ഉപയോഗിച്ച് മസാല മുഴുവൻ മീനിൽ പുരട്ടി എടുത്ത് 2 മിനുട്ട് ചെറിയ തീയിൽ ചൂടാക്കുക.

അടുത്തതായി, ഓരോ മീനും പൊതിഞ്ഞു വെക്കുവാൻ പാകത്തിൽ ഉള്ള വാഴയില വാട്ടി എടുക്കുക. ഈ വാഴയിലയിലേക്ക് മസാല പുരട്ടി വെച്ചിരിക്കുന്ന മീൻ എടുത്ത് വെച്ച് പൊതിഞ്ഞു കെട്ടി, ഒരു പാനിൽ വെച്ച് 5 മിനുട്ട് ഇരു വശവും മറിച്ചിട്ടു പൊള്ളിച്ചു എടുക്കാവുന്നതാണ്. നല്ല രുചികരമായ വാഴയിലയിൽ പൊള്ളിച്ച മീൻ തയ്യാർ.

കടൽ കടന്ന് കേരളത്തിൽ എത്തിയ രുചികൾ

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. http://bit.ly/3qKLVbK


Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close