മത്സ്യ കൃഷിയും, സർക്കാർ പദ്ധതികളും


Spread the love

പുതിയൊരു സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ. പൊതുവെ ഒരു ലാഭകരമായ കൃഷി എന്ന രീതിയിൽ, അതിൽ മത്സ്യ കൃഷി തുടങ്ങുവാൻ ആഗ്രഹിക്കുന്നവർ ഏറെ. എന്നാൽ ഇതിനു വേണ്ടി വരുന്ന മുതൽ മുടക്കാണ് പലരെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ നമ്മുടെ രാജ്യത്ത് മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുവാനും, മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുവാനുമായി കേന്ദ്ര -സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്നത് എത്ര പേർക്ക് അറിയാം? ഒരു പക്ഷെ ഈ പദ്ധതികളെ കുറിച്ചുള്ള അറിവില്ലായ്മ ആയിരിക്കും, പലർക്കും  ഈ ഒരു സംരംഭത്തിലേക്ക് കടന്ന് വരുവാൻ മടിയുളവാക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതികൾ ഏതൊക്കെ, അതിന് എത്ര രൂപ ചെലവ് വരും, എത്ര രൂപ സബ്സിഡി ലഭിക്കും, അതിനായി ആരെ സമീപിക്കണം എന്നതൊക്കെയാണ് പലരുടെയും മുഖ്യ സംശയങ്ങൾ. ഇതിനായി സംസ്ഥാന സർക്കാരും, ഫിഷറീസ് വകുപ്പുമായി ചേർന്ന് നടത്തുന്ന ചില പദ്ധതികൾ ഉണ്ട്.. 

               കേരളത്തിലെ ഓരോ ജില്ലയിലും ഫിഷറീസ് വകുപ്പിന്റെ ഓഫീസ് ഉണ്ട്.  അതിൽ തന്നെ ബ്ലോക്ക്‌ തലത്തിൽ ഇത്തരം പദ്ധതികൾ കർഷകരിൽ എത്തിക്കുവാനും, കർഷകരുടെ സംശയ നിവാരണം നടത്തുവാനും, ആവശ്യമായ സഹായങ്ങൾ നൽകുവാനും, സബ്സിഡി നൽകുവാനും ഒക്കെ ആയി കോഡിനേറ്റർമാർ ഉണ്ട്. ഇവരുമായി ബന്ധപ്പെട്ടാൽ നിങ്ങൾക്ക് അർഹമായ  സഹായങ്ങളും, നിർദ്ദേശങ്ങളും എല്ലാം ലഭിക്കുന്നതാണ്. നിങ്ങളുടെ ജില്ലയിലെ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടുകയാണെങ്കിൽ, അവരവരുടെ ബ്ലോക്ക്‌ കോർഡിനേറ്റർമാരുടെ വിവരം ലഭിക്കുന്നതാണ്. സംസ്ഥാന സർക്കാരും, ഫിഷറീസ് വകുപ്പും കൂടി ചേർന്ന് മുന്നോട്ട് വെച്ച ചില പദ്ധതികൾ നോക്കാം. 

1. മീൻതോട്ടം പദ്ധതി 

മത്സ്യ കൃഷി ചെയ്യുവാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി ഉള്ള ഒരു പദ്ധതിയാണിത്. അക്വാപോണിക്സ് കൃഷി രീതിയുമായി ബന്ധപ്പെട്ട് വരുന്ന ഒരു പദ്ധതിയാണിത്. ഇതിനായി 750 ലിറ്റർ മുതൽ 1000 ലിറ്റർ വരെ സംഭരണ ശേഷി ഉള്ള ഒരു ടാങ്ക് സ്ഥാപിക്കുവാൻ സ്ഥലം ഉള്ളവർക്ക് ഈ പദ്ധതിക്കായി അപേക്ഷിക്കാവുന്നതാണ്. മത്സ്യ കൃഷി നടത്തുന്ന ടാങ്കിനു മുകളിലായി പച്ചക്കറി കൃഷി കൂടി ചെയ്യുന്ന ഒരു പദ്ധതിയാണിത്. ഇതിന് വേണ്ടി സ്വന്തം ചെലവിൽ ഒരു അക്വാപോണിക്സ് യൂണിറ്റ് വീട്ടിൽ നിർമ്മിക്കേണ്ടതാണ്. കുളത്തിനോടൊപ്പം തന്നെ മുകളിൽ പച്ചക്കറി കൃഷി ചെയ്യുവാൻ  ഉള്ള സജ്ജീകരണത്തോടെ നിർമ്മിച്ചിരിക്കണം. 15,000 രൂപയാണ് സർക്കാർ ഇതിന് മതിപ്പ് വില കണക്കാക്കിയിരിക്കുന്നത്. ഈ പദ്ധതി പ്രകാരം അതിന്റെ 40 ശതമാനം ആയ 6000 രൂപ സർക്കാർ സബ്‌സിഡി ഇനത്തിൽ നൽകുന്നതാണ്.  

2.കരിമീൻ വിത്ത് ഉത്പാദന യൂണിറ്റ്.

കുറച്ച് വലിയ രീതിയിൽ നിങ്ങളുടെ വീട്ടിൽ നടപ്പിലാക്കുവാൻ കഴിയുന്ന ഒരു പദ്ധതിയാണിത്. അതിനായി ആദ്യം രണ്ട് ടാങ്കുകൾ നിർമ്മിക്കണം. ഈ ടാങ്കുകൾ വല ഉപയോഗിച്ച് സംരക്ഷണം നൽകുകയും, കൂടാതെ ജല ലഭ്യത ഉറപ്പ് വരുത്തുകയും ചെയ്യണം. ഇതൊക്കെ സ്വന്തം ചെലവിൽ തന്നെ നടത്തേണ്ടതാണ്. ഇതിൽ വലിയ കരിമീനുകളെ സ്റ്റോക്ക് ചെയ്ത് അതിൽ നിന്നും വിത്ത് ഉത്പാദിപ്പിച്ചു വിൽക്കുന്ന പദ്ധതി ആണിത്. നല്ലയിനം കരിമീൻ കുഞ്ഞുങ്ങളുടെ ഉത്പാദനമാണ് ഇത് വഴി ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്കായി 50,000 രൂപയാണ് സർക്കാർ മതിപ്പ് വില ഇട്ടേക്കുന്നത്. അതിൽ 20,000 രൂപ സർക്കാർ സബ്‌സിഡി ഇനത്തിൽ നൽകുന്നതാണ്. 

 3. റീസർക്കുലേറ്ററി അക്വാ കൾച്ചർ സിസ്റ്റം.

വളരെ വിപുലമായ രീതിയിൽ തന്നെ മത്സ്യ കൃഷി വീടുകളിൽ ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്കായി തുടങ്ങിയതാണ് ഈ പദ്ധതി. ഇതിനായി കുറഞ്ഞത് 5 സെന്റ് സ്ഥലമെങ്കിലും വിനയോഗിക്കുവാൻ സാധിക്കുന്നവർക്ക് ഈ പദ്ധതിക്കായി അപേക്ഷിക്കാവുന്നതാണ്. മത്സ്യ കൃഷിയോട് ഒപ്പം തന്നെ പച്ചക്കറി കൃഷിയും ചെയ്യാവുന്ന ഒരു പദ്ധതിയാണ് ഇത്. മത്സ്യ വില്പന നടത്തുവാൻ സാധിക്കുന്ന സാഹചര്യം ഉണ്ട് എങ്കിൽ ഈ പദ്ധതി നടപ്പിലാക്കാം. നല്ല പച്ചക്കറിയും, നല്ല മത്സ്യവും ലഭ്യമാക്കുന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം. ഇതിനായി പ്രധാനമായും നല്ലൊരു ടാങ്ക് പണിയുക. ഇതിനോടപ്പം തന്നെ ചുറ്റു വേലിയും, സംരക്ഷണ വലയും മറ്റും സജ്ജീകരിക്കുക. ഇതിനു വേണ്ടി മാത്രം ഏകദേശം 1,95,000 രൂപയോളം ചെലവാകുന്നതാണ്. ഇത് കൂടാതെ തന്നെ ബയോ ഫിൽറ്ററുകൾ, പമ്പുകൾ, എയറേറ്ററുകൾ മുതലായവ എല്ലാം കരുതി വെയ്ക്കുക. ജലത്തിന്റെ പി.എച്ച്, ഓക്സിജൻ എന്നിവ പരിശോധിക്കുവാനുള്ള കിറ്റ്, തീറ്റകൾ, മത്സ്യ വിത്ത്, പച്ചക്കറി വിത്തുകൾ എല്ലാം കൂടി ചേർത്ത് ഏകദേശം മൊത്തമായി 6 ലക്ഷം രൂപയാണ് സർക്കാർ ഇതിന് മതിപ്പ് വില ഇട്ടേക്കുന്നത്. ഇതിന്റെ 40 ശതമാനമായ 2,40,000 രൂപ സബ്‌സിഡി ഇനത്തിൽ ലഭിക്കുന്നതാണ്. 

                 ഇവ മൂന്നും ആണ് പ്രധാന ഫിഷറീസ് വകുപ്പ് പദ്ധതികൾ. ഇതിന് അപേക്ഷിക്കുവാൻ ജില്ല ഫിഷറീസ് ഓഫീസറും ആയി ബന്ധപ്പെടാവുന്നതാണ്. അപേക്ഷിക്കുവാനായി വേണ്ടത് സ്ഥലത്തിന്റെ കരം അടച്ച രസീത്, റേഷൻ കാർഡിന്റെ കോപ്പി, ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് പാസ്സ് ബുക്ക് എന്നിവയാണ്.

                കോവിഡ് 19 ന്റെ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുവാനായി സംസ്ഥാന സർക്കാർ ‘സുഭിക്ഷ കേരളം പദ്ധതി’ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിൽ മത്സ്യ കൃഷിയും ഉൾപ്പെടുന്നുണ്ട്. നല്ല ഗുണമേന്മയുള്ള പച്ചക്കറിയും, മത്സ്യവും, മറ്റു ആഹാര ധാന്യങ്ങളുടെയും ഉത്പാദനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു പദ്ധതിയാണിത്. കേരളത്തിൽ മത്സ്യ കൃഷി ആരംഭിക്കുവാനുള്ള പദ്ധതിയുടെ പേരാണ് ” വീട്ടു വളപ്പിൽ പടുത കുളത്തിലെ മത്സ്യ കൃഷി“.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, ഫിഷറീസ് വകുപ്പും കൂടി ചേർന്ന് നടത്തുന്നതാണ് ഈ പദ്ധതി. ഇതിനായി ഉള്ള ആകെ ചിലവായി സർക്കാർ കണക്കാക്കുന്നത് 90,000 രൂപയാണ്. ഇതിന്റെ 40 ശതമാനം ആയ 36,000 രൂപ സബ്‌സിഡി ഇനത്തിൽ ലഭിക്കുന്നതാണ്. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായ പഞ്ചായത്ത്/ മുൻസിപ്പാലിറ്റിയിൽ നിന്നും 24,000 രൂപയും, ഫിഷറീസ് വകുപ്പിൽ നിന്നും 12,000 രൂപയും ലഭിക്കുന്നതാണ്. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഫിഷറീസ് വകുപ്പിന് ആണ്. പദ്ധതി നോക്കി നടത്തുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും. 

              സ്വന്തമായി കുളമോ ജലാശയമോ ഇല്ലാത്തവർ ഇതിന് വേണ്ടി 2 സെന്റ് ഭൂമിയിൽ ഒരു പടുത കുളം നിർമ്മിച്ചാൽ മതിയാകും. ഇനി എങ്ങനെയാണ് ഇതിന് വേണ്ടി 90,000 രൂപ വിനയോഗിക്കുന്നത് എന്ന് നോക്കാം. രണ്ടര മീറ്റർ വീതിയും, മൂന്നര മീറ്റർ നീളവും, ഒരു മീറ്റർ താഴ്ചയും ഉള്ള ഒരു കുളം നിർമ്മിച്ച്, പൂർത്തിയാക്കി എടുക്കുന്നതിനു 18,400 രൂപയും, പോളിത്തീൻ ഷീറ്റ്/ പടുത വാങ്ങുന്ന ഘട്ടത്തിൽ 38,000 രൂപയും, സംരക്ഷണ വലയും, മറ്റും വാങ്ങുവാൻ നേരം 1800 രൂപയും നിശ്ചയിക്കുന്നു. മൊത്തത്തിൽ, കുളം നിർമ്മാണത്തിനും, മറ്റു അനുബന്ധ കാര്യങ്ങൾക്കുമായി 60,000 രൂപയാണ് സർക്കാർ മതിപ്പ് വില ഇട്ടേക്കുന്നത്. മത്സ്യ വിത്ത് വാങ്ങുന്നതിന് 1000 എണ്ണത്തിന് 6000 രൂപ എന്ന നിലയിലും, തീറ്റയ്ക്ക് 23,000 രൂപയും, ഇവ കൂടാതെയുള്ള മറ്റു ചെലവുകൾക്ക് 1000 രൂപയിൽ താഴെയുമാണ് വരുന്നത്. 90,000 രൂപ മതിപ്പ് വില ഇട്ട ഈ പദ്ധതിക്ക്, അതിന്റെ 40 ശതമാനം ആയ 36,000 രൂപയാണ് സർക്കാർ സബ്സിഡിയിൽ നൽകുന്നത്. ആവശ്യമായ തീറ്റയും, നല്ലയിനം കുഞ്ഞുങ്ങളെയും എല്ലാം ഫിഷറീസിന്റെ സ്റ്റാളിൽ നിന്നും ലഭിക്കുന്നതാണ്. 

                   ഇനി എങ്ങനെയാണ് ഇതിന് വേണ്ടി അപേക്ഷിക്കേണ്ടത് എന്ന് കൂടി നോക്കാം. ഈ പദ്ധതിക്ക് അപേക്ഷിക്കുവാനായി പ്രധാനമായും വേണ്ടത് 2 സെന്റ് സ്ഥലം ആണ്. സ്വന്തമായി ഭൂമി ഇല്ലാത്തവർ, 3 വർഷത്തിൽ കുറയാതെ ലീസിനോ, പാട്ടത്തിനോ ഭൂമി എടുത്തതിന്റെ രേഖകൾ സമർപ്പിച്ചാൽ മതിയാകും. അപേക്ഷ പഞ്ചായത്തിലോ, മുൻസിപാലിറ്റിയിലോ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പ്രതിനിധി ചെയർമാൻ ആയും, ഫിഷറീസ് വകുപ്പിന്റെ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ അംഗങ്ങളായതും ആയ ഒരു സമിതി രൂപീകരിക്കും. ആ സമിതി അപേക്ഷകന്റെ സ്ഥലം സന്ദർശിക്കുകയും, ജല ലഭ്യത ഉള്ള സ്ഥലം ആണോ എന്നും മറ്റും പരിശോധിച്ച് അതിൽ അനുയോജ്യരായവരെ ശിപാർശ ചെയ്ത് ഉപഭോക്ത സാധ്യത പട്ടിക തയ്യാറാക്കുന്നതാണ്. പിന്നീട് പഞ്ചായത്ത് സമിതി പട്ടിക വിശകലനം ചെയ്ത് തിരഞ്ഞെടുപ്പിലൂടെ അംഗീകാരം നൽകുന്നതാണ്. അംഗീകാരം ലഭിക്കുന്നവർക്ക് സബ്‌സിഡിയും, മറ്റു ആനുകൂല്യങ്ങളും ലഭ്യമാകും. 

               നിങ്ങളുടെ ജില്ലയിലെ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ബ്ലോക്ക്‌ കോർഡിനേറ്ററുമായി ബന്ധപ്പെട്ടാൽ വിശദ വിവരങ്ങൾ ലഭിക്കുന്നതാണ്. ഇത്തരം പദ്ധതികൾ ജനങ്ങളുടെ അവകാശം ആണ്. വിവിധ പഞ്ചായത്തുകൾ ഈ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. കേരളത്തിലെ മത്സ്യ സമ്പത് വർദ്ധിപ്പിക്കുവാനും, ശുദ്ധമായ പച്ചക്കറികൾ ലഭ്യമാക്കുവാനും വേണ്ടി ആണ് സംസ്ഥാന സർക്കാർ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത്. സാധാരണക്കാർക്ക് ഇത്തരം പദ്ധതികളെ കുറിച്ചുള്ള അറിവില്ലായ്മ കാരണമാണ് പദ്ധതി വിജയകരം ആകാതെ പോകുന്നത്. എന്നാൽ ഇത്തരം പദ്ധതികളെ കുറിച്ച് മനസ്സിലാക്കി ഈ സംരംഭത്തിലേക്ക് ഇറങ്ങി തിരിക്കുന്നത് വഴി, വിഷ രഹിത മത്സ്യവും, പച്ചക്കറികളും ലഭ്യമാകുന്ന നാടിനും, അത് വഴി ഒരു വരുമാനം ലഭ്യമാകുന്ന നമുക്കും ഒരു നല്ല അവസരമാണ്. 

Read also : നിങ്ങള്‍ മത്സ്യ വിത്തുല്‍പാദന സ്ഥാപനം നടത്തുകയാണോ? എങ്കില്‍ രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധം

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close