മത്സ്യ കൃഷി എങ്ങനെ ലാഭകരമായി ചെയ്യാം


Spread the love

ലോക്ക് ഡൗൺ ആയതിനാൽ പലരും ഇപ്പോൾ പല സംരംഭങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്‌. എന്നാൽ വളരെ എളുപ്പത്തിലും, കുറഞ്ഞ മുതൽ മുടക്കിലും നല്ല ലാഭം കൊയ്യാൻ സാധിക്കുന്ന ഒരു സംരംഭമാണ് “മത്സ്യ കൃഷി”. ഇന്ന് നമ്മുടെ നാട്ടിൽ മത്സ്യ കൃഷി നടത്തി നല്ലതു പോലെ ലാഭം ഉണ്ടാക്കുന്ന ധാരാളം ആളുകൾ ഉണ്ട്. കുറഞ്ഞ ചിലവിൽ തുടങ്ങാം എന്നതാണ് മത്സ്യ കൃഷിയുടെ മേന്മ. സ്ഥല പരിമിതികളെ അടിസ്ഥാനപ്പെടുത്തി കൃഷിയുടെ വലിപ്പം നിയന്ത്രിക്കാം. കൃഷി ചെയ്യാനുള്ള ഒരു മനസ്സ് ഉണ്ടെങ്കിൽ വീടിന്റെ മട്ടുപ്പാവിൽ വരെ മത്സ്യ കൃഷി തുടങ്ങാവുന്നതാണ്.

മത്സ്യ കൃഷിയിലേക്ക് കടക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ആണുള്ളത്. അതിൽ ആദ്യത്തേത് അനുയോജ്യമായ ഒരു കുളം നിർമ്മിക്കുക എന്നതാണ്. നമ്മുടെ സ്ഥല പരിമിതികൾ അനുസരിച്ച്‌ കുളം നിർമ്മിക്കാവുന്നതാണ്. തുടക്കക്കാരൻ എന്ന നിലയിൽ സിമന്റ് കുളങ്ങളെക്കാൾ നല്ലത് ‘പടുതക്കുളങ്ങൾ’ ആണ്. സാധാരണ രീതിയിൽ രണ്ടര മീറ്റർ വീതിയും, മൂന്നര മീറ്റർ നീളവും, ഒരു മീറ്റർ താഴ്ച്ചയുമുള്ള ഒരു കുഴിയാണ് എടുക്കേണ്ടത്. കുഴി എടുത്ത ശേഷം അത് വൃത്തിയാക്കുക. അതിലുള്ള കല്ലും, വേരുകളും മറ്റും ഉണ്ടെങ്കിൽ അവയും എല്ലാം മുറിച്ചു മാറ്റി വൃത്തിയാക്കുക. ശേഷം പഴയ ചാക്കുകളോ, ഫ്ലെക്സുകളോ മറ്റും ഉപയോഗിച്ച് തറയും, വശങ്ങളും മൂടുക. അത് മൂലം ഒരു സുരക്ഷ ലഭിക്കുന്നതാണ്. തറ ഉറപ്പിച്ചു മൂടിയ ശേഷം കുഴിയുടെ നീളത്തിനും, മറ്റു അളവുകൾക്കും അടിസ്ഥാനമാക്കി പടുത (ടാർപ്പോളിൻ ഷീറ്റ്) അതിന്റെ മുകളിലേക്ക് നന്നായി വലിച്ചു വിരിക്കാം. ഇതിനായി 90 മുതൽ 200 G.S.M കട്ടിയുള്ള പടുത വാങ്ങിക്കാം. ഗുണമേന്മ കൂടുതൽ ഉള്ള ടാർപ്പോളിൻ വാങ്ങുകയാണെങ്കിൽ ചോർച്ച പോലുള്ളവ തടയാൻ സാധിക്കും. പടുത വിരിച്ച ശേഷം അതിനെ നാല് വശത്തു നിന്നും നന്നായി ഉറപ്പിക്കുക. ശേഷം അതിലേക്ക് വെള്ളം ഒഴിക്കാവുന്നതാണ്. പകുതി വെള്ളം നിറച്ചതിനു ശേഷം അതിലേക്ക് ചാണക വെള്ളം ഒഴിക്കുക. പടുതയിലും, വെള്ളത്തിലും ഉണ്ടാവാൻ സാധ്യതയുള്ള കെമിക്കലുകൾ കളയാനായിട്ടാണ് ചാണക വെള്ളം ഒഴിക്കുന്നത്. ഒപ്പം തന്നെ ഇത് വഴി ചെറിയ ആൽഗകൾ വെള്ളത്തിൽ ഉണ്ടാകുവാനും ഇത് സഹായിക്കും. ശേഷം വേണ്ടുന്ന അത്രയും ജലം കുളത്തിൽ നിറയ്ക്കുക. കുളത്തിനു മുകളിലായി ഒരു ‘ഗാർഡൻ നെറ്റ്’ വലിച്ചു കെട്ടുന്നത് എപ്പോഴും നല്ലതാണ്. കുളത്തിലേക്ക് അമിതമായി വെയിൽ കൊള്ളാതിരിക്കാനും, ജലത്തിന്റെ താപനില ഉയരാതെയും, ജലത്തിന് പച്ച നിറം വരാതെ ഇരിക്കുവാനും ഇത് സഹായിക്കുന്നു.

അടുത്ത പ്രധാന ഘടകമാണ് ജലത്തിന്റെ പിഎച്ച് പരിശോധിക്കുന്നത്. അമ്ല സ്വഭാവമോ, ക്ഷാര സ്വഭാവമോ ഉള്ളതായ ജലത്തിൽ മത്സ്യ കൃഷി നടത്താനാകില്ല. ഇത് കണ്ടുപിടിക്കുവാനായി പിഎച്ച് ലായനി ഉപയോഗിക്കാവുന്നതാണ്. പിഎച്ച് ലായനിയുടെ ബോട്ടിലിൽ 4 മുതൽ 11 വരെയുള്ള പിഎച്ച് സംഖ്യകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓരോ പിഎച്ച്നെ- തിരിച്ചറിയുവാനും വ്യത്യസ്ത നിറങ്ങളും ഉണ്ട്. അമ്ല സ്വഭാവമുള്ള ജലത്തിന് ചുവപ്പ് നിറവും, ക്ഷാര സ്വഭാവം ഉള്ള ജലത്തിന് നീല നിറവുമാണ്. മത്സ്യ കൃഷിക്ക് ആവശ്യമായ പിഎച്ച് പച്ച നിറത്തിൽ കാണിക്കും. ഈ പിഎച്ച് ലായനികൾ അക്വാറിയം കടകളിൽ നിന്നോ, മത്സ്യ കുഞ്ഞുങ്ങളെ വിൽക്കുന്ന ഫിഷറീസ് സ്റ്റോറുകളിൽ നിന്നോ ലഭ്യമാണ്.

മത്സ്യം വളർത്താൻ ഉപയോഗിക്കുന്ന ജലത്തെ ഒരു പാത്രത്തിൽ എടുത്ത്, അതിൽ കുറച്ച് പിഎച്ച് ലായനി ഒഴിച്ച് കൊടുത്താൽ ജലത്തിന്റെ പിഎച്ച് അറിയുവാൻ സാധിക്കും. ലായനി ഒഴിക്കുമ്പോൾ ജലം ചുവന്ന നിറം ആകുകയാണെങ്കിൽ അമ്ലവും, നീല നിറം ആയി മാറുകയാണെങ്കിൽ ക്ഷാരവും ആയിരിക്കും. ഇതിൽ അമ്ല സ്വഭാവം ഉള്ള ജലത്തിനെ കൃഷിയ്ക്ക് അനുയോജ്യമാക്കാൻ 100 ഗ്രാം കുമ്മായം ഒരു ബക്കറ്റിൽ കലക്കി, ശേഷം അതിന്റെ തെളിഞ്ഞ വെള്ളം കുളത്തിലേക്ക് ഒഴിച്ചാൽ മതിയാകും. ഇതിന് ശേഷം ജലത്തിന്റെ പിഎച്ച് പരിശോധിക്കുക. എന്നാൽ ക്ഷാര സ്വഭാവം ഉള്ള ജലമാണെങ്കിൽ, ആയുർവേദ കടകളിൽ നിന്നും അൽപ്പം ‘ആലം’ വാങ്ങി ജലത്തിൽ ലയിപ്പിച്ച് ഒഴിച്ചാൽ മതിയാകും. ഇങ്ങനെ ജലത്തിന്റെ പിഎച്ച് അനുയോജ്യ തലത്തിൽ എത്തിക്കാം.

ജലത്തിന്റെ പിഎച്ച് അനുയോജ്യമാക്കിയ ശേഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കാവുന്നതാണ്. അംഗീകൃത ഹാച്ചറികളിൽ നിന്നും മത്സ്യ കുഞ്ഞുങ്ങളെ വാങ്ങുവാൻ ശ്രദ്ദിക്കുക. പകുതി വിരൽ വലുപ്പമുള്ള മത്സ്യ കുഞ്ഞുങ്ങളെ വാങ്ങുന്നതാണ് തുടക്കക്കാർക്ക് എപ്പോഴും നല്ലത്. കരിമീൻ, വാള, അനബസ്, തിലാപ്പിയ എന്നിങ്ങനെ പല തരത്തിലുള്ള മീൻ കുഞ്ഞുങ്ങളെ ലഭ്യമാണ്. എങ്കിൽ തന്നെയും അനബസ്, വാള തുടങ്ങിയ മീനുകളായിരിക്കും തുടക്കക്കാർക്ക് കൂടുതൽ അനുയോജ്യം. മത്സ്യ കുഞ്ഞുങ്ങളെ വാങ്ങിയ ശേഷം ആ കവറിൽ തന്നെ അവയെ കുളത്തിലെ ജലത്തിന് മുകളിൽ ഒരു 20 മിനിറ്റ് നേരം വെയ്ക്കുക. കുളത്തിലെ ജലവും, കവറിനുള്ളിലെ ജലവും തമ്മിൽ താപനില ക്രമമാക്കാൻ ഇത് സഹായിക്കും. മറിച്ച് ഉടനെ തന്നെ മത്സ്യ കുഞ്ഞുങ്ങളെ കുളത്തിലേക്ക് നിക്ഷേപിച്ചാൽ അവ മരിച്ചു പോകാൻ സാധ്യത ഉണ്ട്. 20 മിനിറ്റിനു ശേഷം കുഞ്ഞുങ്ങളെ കുളത്തിലേക്ക് വിടാം.

അടുത്ത പ്രധാന ഘടകമാണ് കുളത്തിലെ ജലത്തിലെ വായു സഞ്ചാരം. മത്സ്യങ്ങൾ വലുതാകുന്നതിനനുസരിച്ച് കുളത്തിലെ ജലത്തിലെ ഓക്സിജന്റെ അളവ് കുറയും. ഇത് പരിഹരിക്കുവാനാണ് ‘എയറേഷൻ’ നടത്തുന്നത്. അതിനായി വിവിധ പവറിലുള്ള ‘എയറേറ്റർ’ ലഭ്യമാണ്. നമ്മുടെ കുളത്തിന്റെ അളവിനു അനുസരിച്ചുള്ള ‘എയറേറ്റർ’ വാങ്ങാവുന്നതാണ്. ഏകദേശം 200 രൂപ മുതലുള്ള ‘എയറേറ്റർ’ അക്വാറിയം കടകളിൽ നിന്നും ലഭിക്കുന്നതാണ്.

തുടർന്നുള്ള പ്രധാന ഘടകമാണ് ‘ഫിൽട്ടറിങ്ങ്’. കുളത്തിൽ ഉണ്ടാകുന്ന അമോണിയ അടക്കമുള്ള മാലിന്യങ്ങൾ ശുദ്ധമാക്കാൻ വേണ്ടിയാണിത്. അതിനായി വിവിധ തരത്തിലുള്ള ‘ഫിൽട്ടറേറ്ററുകൾ’ നമുക്ക് വാങ്ങാവുന്നതാണ്. കുളത്തിന്റെ വലുപ്പം അനുസരിച്ചാണ് ‘ഫിൽട്ടറേറ്ററുകൾ’ വാങ്ങുന്നത്. എന്നാൽ നമ്മുടെ വീട്ടിൽ ഉള്ളത് ചെറിയ കുളം ആണെങ്കിൽ ഇതിനുള്ള ‘ഫിൽട്ടറേറ്റർ നമുക്ക് വീട്ടിൽ തന്നെ നിർമ്മിക്കാവുന്നതാണ്. അതിനായി ഒരു ബക്കറ്റിൽ, അടിയിൽ നിന്നും പൈപ്പ് കൊടുത്ത് എടുക്കണം. 20 ഇഞ്ചിന്റെ പൈപ്പാണ് അടിയിൽ ഉപയോഗിക്കുന്നത്. ബക്കറ്റിൽ ഗ്രാവൽ നിറയ്ക്കണം. കാൽ ഇഞ്ച് മെറ്റലുകൾ ഇതിനായി ഉപയോഗിക്കാം. എന്നിട്ട് മറ്റൊരു പമ്പ് കുളത്തിലേക്ക് ഇടാം. ഈ പമ്പ് നമ്മൾക്ക് വാങ്ങാൻ സാധിക്കുന്നതാണ്. ഈ പമ്പിലൂടെ കുളത്തിലെ ജലം ബക്കറ്റിലേക്ക് ഏത്തുന്നു. അവ ഗ്രാവലിലൂടെ കടന്ന് പോയി ശുദ്ധിയാക്കപ്പെടുന്നു. ബക്കറ്റിനു താഴെയുള്ള പൈപ്പ് വഴി അത് കുളത്തിൽ എത്തുന്നതാണ്. ഈ രീതിയിൽ കുളത്തിലെ ജലം ശുദ്ധിയാക്കാവുന്നതാണ്. 2 ദിവസം കൂടുമ്പോൾ ബക്കറ്റിൽ നിറയുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് വീണ്ടും ഉപയോഗിക്കാം.

ഏറ്റവും പ്രധാനപ്പെട്ട ഘടകം ആണ് മത്സ്യങ്ങൾക്ക് നൽകുന്ന തീറ്റ. പ്രധാനമായും പെല്ലറ്റുകൾ പോലെ ഉള്ളവ വാങ്ങി നൽകാവുന്നതാണ്. ഒപ്പം തന്നെ പച്ചിലകൾ ആയ ചീരയും, മുരിങ്ങ ഇലയും, ചേമ്പില, മൾബറിയുടെ ഇല, അസോള എന്നിവയും നൽകാവുന്നതാണ്. തോട്ടിൽ കാണുന്ന പായലുകൾ നിക്ഷേപിക്കുന്നത് മൂലം മത്സ്യങ്ങൾക്ക് ആഹാരമാകുകയും, അതോടൊപ്പം തന്നെ ജലത്തിൽ അടങ്ങിയിരിക്കുന്ന അമോണിയ ഇവ ആഗീരണം ചെയ്യുകയും ചെയ്യും. മത്സ്യ കുഞ്ഞുങ്ങളുടെ വലിപ്പം അനുസരിച്ചു ഭക്ഷണം നൽകാം. ചെറിയ കുഞ്ഞുങ്ങൾക്ക് 0.8 മില്ലി മീറ്റർ തീറ്റയും, വലിയ കുഞ്ഞുങ്ങൾക്ക് 1-2 മില്ലി മീറ്റർ വലുപ്പമുള്ള തീറ്റയും നൽകാം. ഇവയെല്ലാം കടകളിൽ നിന്നും വാങ്ങുവാൻ സാധിക്കുന്നതാണ്. 0.8 മില്ലി മീറ്റർ തീറ്റകളിൽ മാംസ്യത്തിന്റെ അളവ് കൂടുതൽ ആയതിനാൽ മത്സ്യങ്ങൾ പെട്ടന്ന് വളരുന്നതാണ്. എന്നാൽ അമിതമായി തീറ്റ നൽകുന്നത് മത്സ്യങ്ങൾ ചത്തു പോകുവാനും ഇടയാക്കും. ഏകദേശം 5 മിനിറ്റ് കൊണ്ട് ആ കുളത്തിലെ മീനുകൾ തിന്ന് തീർക്കുന്ന തീറ്റ മാത്രം നൽകുക.

ഇത്രയും കാര്യങ്ങളാണ് മത്സ്യ കൃഷി തുടങ്ങുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ടവ. സാധാരണയായി 6 മാസം ആകുമ്പോഴേക്കും വിളവെടുപ്പ് നടത്താവുന്നതാണ്. വളരെ കുറഞ്ഞ മുതൽ മുടക്കിൽ തന്നെ, അത്യാവശ്യം നല്ലൊരു ലാഭം ഉണ്ടാക്കാൻ മത്സ്യ കൃഷി കൊണ്ട് സാധിക്കുന്നുണ്ട്. കേരളത്തിലെ മത്സ്യ സമ്പത്തു വർധിപ്പിക്കുവാനും, സംരക്ഷിക്കുവാനുമായി സർക്കാർ തലത്തിൽ വിവിധ പദ്ധതികൾ ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. മത്സ്യ കൃഷിക്കാർക്ക് അത് ഒരുപാട് ഗുണം ചെയ്യുന്നതുമാണ്. കൂടാതെ സർക്കാർ തലത്തിൽ സബ്സിഡി ഇനത്തിൽ സഹായങ്ങൾ ചെയ്യുന്നുണ്ട്. ഓരോ ജില്ലയിലെയും ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടാൽ നിങ്ങൾക്ക് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുന്നതാണ്

Read also:  സ്ഥാപനങ്ങൾക്ക് വായ്പകൾക്കായി പുതിയ പ്ലാറ്റ്ഫോം……….

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close