
വാഹന മേഖലയിൽ പുതിയ മാറ്റങ്ങൾ മുന്നോട്ട് വെച്ച് കേന്ദ്ര സർക്കാർ. പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒന്നിലധികം ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന ഫ്ലെക്സ് എൻജിൻ ആക്കി മാറ്റണം എന്ന നിർദ്ദേശം ആണ് ഇപ്പോൾ സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിനായി അധികം വൈകാതെ തന്നെ ഉത്തരവ് കൊണ്ട് വരുവാൻ പോകുകയാണ് എന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരിക്കുന്നു.
വലിയൊരു ഇന്ധന ക്ഷാമത്തിലൂടെ ആണ് നമ്മുടെ രാജ്യം കടന്ന് പോയിക്കൊണ്ട് ഇരിക്കുന്നത്. രാജ്യത്തിന് ആവശ്യമായ ഇന്ധനം പുറം രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. എന്നാൽ ഇത് ഒരു പരിധി വരെ ഒഴിവാക്കുവാൻ പുതിയ നടപടി സഹായകമാകും എന്നാണ് ഉന്നത വൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്. നൂറു ശതമാനം എത്തനോളിൽ പ്രവർത്തിക്കുകയോ, അല്ലെങ്കിൽ നിലവിലതിനേക്കാൾ അളവിൽ എത്തനോൾ ഇന്ധനത്തിൽ കലർത്തുവാൻ കഴിയുന്നതോ ആയ വാഹന എൻജിൻ രൂപപ്പെടുത്തി എടുക്കുവാൻ ആണ് കേന്ദ്ര നിർദ്ദേശം.
നിലവിൽ, പെട്രോളിൽ 10 ശതമാനം എത്തനോൾ ഇന്ത്യയിൽ കലർത്തുന്നുണ്ട്. എത്തനോളിന്റെ അളവ് കൂട്ടുന്നതിലൂടെ പെട്രോളിന്റെ ഇറക്കുമതി കുറയ്ക്കുവാൻ കഴിയും എന്ന നിഗമനത്തിലാണ് കേന്ദ്രം. മാത്രമല്ല ഇതിന് ഉപയോഗിക്കുന്ന എത്തനോൾ ധാന്യ ഡിസ്റ്റിലറികൾ, പഞ്ചസാര ഫാക്ടറികൾ എന്നിവിടങ്ങളിൽ നിന്നും വാങ്ങുന്നതിനാൽ അതിന്റെ നേട്ടം കർഷകർക്കും ലഭ്യമാകുന്നതാണ്. എല്ലാത്തിലുമുപരി ഈ രീതിയിലുള്ള ഉപയോഗം, അന്തരീക്ഷം മലിനീകരണവും കുറയ്ക്കുന്നതാണ്.
എന്നാൽ ഫ്യുവൽ ഫ്ലെക്സ് വാഹനങ്ങൾക്ക്, നിലവിലുള്ള വാഹനങ്ങളെക്കാൾ വില കൂടും എന്നത് ജനങ്ങളെ ചിന്തയിലാഴ്ത്തുന്ന മറ്റൊരു പ്രശ്നം ആണ്. ഇരു ചക്ര വാഹനങ്ങൾക്ക് 5000 മുതൽ 12,000 രൂപ വരെയും, കാറുകൾക്ക് 25000 രൂപ വരെയും കൂടുന്നതായിരിക്കും. എന്നിരുന്നാലും ദിനംപ്രതി വർധിച്ചു വരുന്ന പെട്രോൾ ഡീസൽ വില കണക്കിലെടുക്കുമ്പോൾ, നിലവിലെ സാഹചര്യത്തെക്കാളും ലാഭവുമാകുന്നതാണ്.