മഴക്കെടുതിയിൽ കേരളം.


Spread the love

               കേരളത്തിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും മഴ തകൃതിയായി പെയ്തുകൊണ്ടിരിക്കുകയാണ്. ഡാമുകൾ തുറന്നതിനാൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു. പമ്പാ നദിയിലെ ജല നിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പമ്പാ നദിയിലെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. ജല നിരപ്പ് താഴ്ത്തി 982 മീറ്റർ എത്തിക്കുവാനായിട്ട് ആണ് ഡാമിലെ ഷട്ടറുകൾ തുറന്നത്. പമ്പാ നദിയിലെ 6 ഷട്ടറുകൾ ആണ് 2 അടി വീതം തുറന്നിരിക്കുന്നത്. ഷട്ടറുകൾ തുറന്നതിനാൽ ജനങ്ങൾക്ക് കർശന ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഏകദേശം 9 മണിക്കൂറോളം ഡാമിന്റെ ഷട്ടറുകൾ തുറന്ന് വയ്ക്കും എന്നാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്. അതിനാൽ റാന്നി ഭാഗത്ത്‌ വെള്ളപ്പൊക്കം രൂക്ഷമാകാൻ സാധ്യതയുണ്ട്. പമ്പാ ഡാമിലെ ജലം 5 മണിക്കൂറിനുള്ളിൽ റാന്നി ടൗണിൽ എത്തിചേരും. ഇതിന് വേണ്ടി എല്ലാ രീതിയിലും ഉള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ട് എന്ന് കളക്ടർ അറിയിച്ചു. 

              രക്ഷാ പ്രവർത്തനങ്ങൾ സുഗമമായി നടത്തുവാനായി റാന്നി ടൗണിൽ 19 ബോട്ടുകൾ പ്രവർത്തന സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ഉച്ചഭാഷിണി ഉപയോഗിച്ച് പോലീസും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജനങ്ങൾക്ക് മുന്നറിയിപ്പും, നിർദ്ദേശവും നൽകുന്നുണ്ട്. പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രത നിർദേശം ആണ് നൽകിയിരിക്കുന്നത്. പമ്പ, അച്ചൻ കോവിൽ ആറുകൾ കര കവിഞ്ഞു ഒഴുകുകയാണ്. മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂർ പ്രദേശങ്ങളിൽ ജല നിരപ്പ് ഉയർന്നേക്കാം എന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് പ്രകാരം തിരുവല്ലയിൽ ആറും, പന്തളത്തു രണ്ടും ബോട്ടുകൾ വീതം സജ്ജീകരിച്ചു നിർത്തിയിട്ടുണ്ട്. പോയ വർഷം പ്രളയം വലിയ തോതിൽ വിപത്ത്  വിതച്ച ചെങ്ങന്നൂരിൽ, ഇത്തവണ വെള്ളപ്പൊക്കം നേരിടാനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. കൊല്ലത്തു നിന്നും 20 ഓളം ബോട്ടുകൾ ഇവിടേക്ക് എത്തിയിട്ടുണ്ട്. രണ്ട് ദിവസം മുൻപ് തന്നെ ക്യാമ്പുകൾക്ക് ഉള്ള സജ്ജീകരണങ്ങൾ എല്ലാം പൂർത്തിയാക്കി. അപകട സാധ്യത ഉള്ള പ്രദേശത്തുള്ളവരെ നൂറോളം ക്യാമ്പുകളിലേക്ക് മാറ്റി. പമ്പ ഡാം കൂടി തുറന്ന സ്ഥിതിക്ക് കൂടുതൽ ക്യാമ്പുകൾ തുറന്നിരിക്കുകയാണ്. ചെങ്ങന്നൂരിൽ വിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്തി മേൽഖലയിലെ സ്കൂളുകൾ തുറന്നിട്ടുണ്ട്. ആവശ്യമായ ഭക്ഷ്യ വസ്തുക്കളും ക്യാമ്പിലേക്ക് എത്തിച്ചിട്ടുണ്ട് എന്ന് ചെങ്ങന്നൂർ എം.എൽ.എ അറിയിച്ചു. ചെങ്ങന്നൂരിൽ 4 അടിയോളം വെള്ളം ഉയരാനുള്ള സാധ്യത ഉണ്ട്. 

               ആലപ്പുഴ ജില്ലയിൽ പാട ശേഖരങ്ങളിൽ മട വീഴ്ചയുണ്ട്. ഇത് മൂലം വൻ കൃഷി നാശം സംഭവിച്ചിരിക്കുകയാണ്. അറുന്നൂറിൽ അധികം ഏക്കർ കൃഷി നാശം സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മട വീഴുന്ന പാട ശേഖരങ്ങൾക്ക് അടുത്ത് ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. 40 ക്യാമ്പുകൾ നിലവിൽ അവിടെ തുറന്നിട്ടുണ്ട്. പമ്പ ആറിനും, മണിമല ആറിനും ഇടയിലുള്ള ‘വൃദ്ധവനം കോളനി’ പൂർണ്ണമായും വെള്ളത്തിനടിയിൽ ആയി. നിലവിൽ 65 വീടുകൾ വെള്ളത്തിനടിയിൽ ആണ്. ഇവിടുത്തെ ജനങ്ങളെ നേരത്തെ തന്നെ ക്യാമ്പുകളിലേക്ക് എത്തിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് 2361 അടി ആയി. മുല്ലപ്പെരിയാർ 135 അടി കഴിഞ്ഞ് ജല നിരപ്പ് ഉയരുകയാണ്. ഇന്നലെ രാത്രി വൃഷ്ടി പ്രദേശങ്ങളിൽ നന്നായി മഴ പെയ്തിരുന്നു. ഇതിന്റെ ഫലമായി ഇടുക്കി ഡാമിൽ ജലത്തിന്റെ ഒഴുക്ക് 500 ഖന അടിക്ക് മുകളിലായി. 

               മധ്യ കേരളത്തിൽ എറണാകുളം ജില്ലയിൽ മഴ കുറയുന്നു. പെരിയാറിലെ ജല നിരപ്പും കുറയുന്നുണ്ട്. എന്നാൽ ചില ഒറ്റപ്പെട്ട മേഖലയിൽ മഴ ലഭിക്കുന്നുണ്ട്. നിലവിൽ എറണാകുളം ജില്ലയിൽ 38 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 1135 ഓളം ആളുകൾ ക്യാമ്പുകളിൽ ഉണ്ട്. എന്നാൽ വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി വ്യാപിക്കുകയാണ്. ഇന്നലെ ഇവിടെ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ റെഡ് അലെർട് പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിൽ നിലവിൽ 500 ഓളം ആളുകൾ ക്യാമ്പുകളിൽ ഉണ്ട്. അടുത്ത 2 ദിവസം ശക്തമായി മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

  •       
Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close