
യു.എസ്. ലേ ഫ്ലോറിഡയിൽ വീണ്ടും മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. തലച്ചോറിനെ ബാധിക്കുന്ന ഒരു അപൂർവ ഇനം അമീബയാണ് മസ്തിഷ്ക ജ്വരത്തിലേക്ക് നയിക്കുന്നത്. ഫ്ലോറിഡയിൽ ഒരാളിൽ ഇത് ബാധിച്ചതായി കണ്ടെത്തി. നൈഗ്ലിരിയ ഫൗലേറി എന്ന അമീബയാണ് മസ്തിഷ്ക ജ്വരത്തിനു ഇടയാക്കുന്നത്. അമീബ സാധാരണയായി കാണപ്പെടുന്നത് ശുദ്ധ ജലത്തിലാണ്. പുഴകളിലും, തടാകങ്ങളിലും, കുളങ്ങളിലുമൊക്കെ ശുദ്ധ ജലത്തിൽ ഇവ കാണപ്പെടാം. മൂക്കിലൂടെ ആണ് ഇവ ശരീരത്തിന് ഉള്ളിലേക്ക് പ്രവേശിക്കുന്നത്. അതിനായി ഇത്തരം ജലത്തിൽ മൂക്കുമായി ഉള്ള സമ്പർക്കം കുറയ്ക്കണമെന്നും, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് അമീബയുടെ മൂർധന്യ സമയമെന്നും ഔദ്യോഗിക അറിയിപ്പുണ്ട്.
നൈഗ്ലിരിയ ഫൗലേറി എന്നത് അതി സൂഷ്മമായ ഒരു ഏക കോശ ജീവി ആണ്. അമീബ വളരെ അപൂർവമായി ആണ് തലച്ചോറിനെ ബാധിക്കാറുള്ളത്. മസ്തിഷ്ക ജ്വരത്തിനു കാരണമാകുന്ന അമീബ തലച്ചോറിലെ കലകളെ നശിപ്പിക്കുകയും, മാരകമായി ബാധിക്കുകയും ചെയ്യും. ഒരിക്കൽ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന അമീബ തലച്ചോറിൽ എത്തുകയും, മസ്തിഷ്ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്നു.
ആദ്യ ലക്ഷണം കാണിക്കുമ്പോൾ മുതൽ തന്നെ രോഗിക്ക് സൂഷ്മമായ വൈദ്യ പരിശോധനയും, ചികിത്സയും നൽകി തുടങ്ങണം. വളരെ വേഗത്തിൽ രോഗം മൂർച്ഛിക്കുന്നതിനാൽ രോഗിക്ക് പ്രത്യേക പരിചരണം ആവിശ്യമാണ്. ശക്തമായ തലവേദന, ഛർദി, മനംപുരട്ടൽ, ശരീര തുലനാവസ്ഥ നഷ്ടമാകുക, കോച്ചിപ്പിടിക്കുക, സ്വബോധമില്ലാതാവുക എന്നതാണ് രോഗ ലക്ഷണങ്ങൾ.
ഔദ്യോഗിക അറിയിപ്പ് പ്രകാരം ഇത്തരത്തിലുള്ള രോഗ ബാധ ഉണ്ടാകുന്നത് സാധാരണ താപനില സുധീർഘമായി ഉയരുന്ന സാഹചര്യങ്ങളിൽ ആണ്. അത് കൊണ്ട് തന്നെ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ രോഗ ബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. 1962 ന് ശേഷം ഫ്ലോറിഡയിൽ അമീബ മൂലം രോഗം ബാധിച്ച 37 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.