
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ലാഭം കിട്ടുന്ന ഒരു സംരംഭമാണ് തീറ്റപ്പുല്ല് കൃഷി. നട്ട് 4 മാസം മതി വിളവ് ആരംഭിക്കാൻ. ഇവയ്ക്ക് ചിലവും, പരിപാലനവും വളരെ കുറച്ച് മതി. ഒരു പ്രാവശ്യം കൃഷിയിറക്കിയാല്‍ 3 വര്‍ഷം ഉറപ്പായും വിളവ് ലഭിക്കും. വീട്ടിൽ പശുക്കളെ വളർത്തുന്നുണ്ടെങ്കിൽ തീറ്റപ്പുൽ വളർതുന്നത് വളരെ നല്ലതാണ്. കന്നുകാലി വളർത്തലിന്റെ മൊത്തം ചിലവിൽ 60% കൂടുതൽ തീറ്റക്കാണ് മുടക്കേണ്ടി വരുന്നത്. കന്നുകാലികളുടെ ആരോഗ്യവും, നല്ല രീതിയിൽ ഉള്ള പാലുൽപാദനവും ഉറപ്പാക്കാൻ തീറ്റപ്പുല്ല് കൊടുക്കേണ്ടത് അത്യാവശമാണ്. വൈക്കോലിനെക്കാളും ഏറെ ഗുണകരമാണ് പച്ചപ്പുല്ല്. പച്ചപുല്ലിന് വളരെയേറെ ക്ഷാമം നേരിടുന്ന ഈ അവസ്ഥയിൽ വീട്ടുവളപ്പിൽ തന്നെ പച്ചപ്പുൽ നട്ടു വളർത്തുന്നതാണ് ഏറെ ഉത്തമം.
തീറ്റപ്പുൽ കൃഷി രീതി
നല്ല നീർവാഴ്ച്ചയുള്ള മണ്ണാണ് തീറ്റപ്പുൽകൃഷിക്ക് അനുയോജ്യം. നന്നായി ഉഴുതു നിരപ്പാക്കിയ മണ്ണിൽ വളങ്ങൾ ചേർത്ത് ചെറിയ കുഴികൾ എടുത്തു അതിൽ തണ്ടുകൾ നടാവുന്നതാണ്. വാരങ്ങൾ തമ്മിൽ 60 സെന്റി മീറ്റർ ഇടവിട്ട് തണ്ടുകൾ നടുവാൻ ശ്രദ്ധിക്കണം. തണ്ട് മുറിച്ചു നട്ടോ, വേരുപിടിപ്പിച്ച ചിനപ്പുകൾ നട്ടോ ആണ് തീറ്റപുല്ല് വളർത്തേണ്ടത്. 15-20 സെന്റീമീറ്റർ നീളത്തിൽ 90 ദിവസം മൂപ്പുള്ള തണ്ടാണ് ഉചിതമായ നടീൽ വസ്തു. തണ്ടുകൾ 45 ഡിഗ്രി ചെരിച്ചു വേണം നാടുവാൻ. നട്ട് 90 ദിവസമാകുമ്പോൾ പുല്ല് അരിഞ്ഞെടുക്കാൻ പാകമാകും. ചുവട്ടിൽ 15 സെന്റീമീറ്റർ കട നിർത്തിയതിനുശേഷം വേണം അരിഞ്ഞെടുക്കാൻ. ഒരു തവണ മുറിച്ചെടുത്താല്‍ ഒന്നര മാസം കൊണ്ട് അടുത്ത തവണത്തെ വിളവിന് വീണ്ടും പാകമാവും. ജലസേചന സൗകര്യമുള്ള സ്ഥലത്തു നിന്ന് ഒരു വർഷം 8-10 പ്രാവശ്യം വരെ പുല്ല് അരിഞ്ഞെടുക്കാൻ സാധിക്കും. ശരിയായ പരിചരണം നല്കിയാല് ഒരു ചുവടില്‍ നിന്ന് തന്നെ 25-30 കി.ഗ്രാം പുല്ലു ലഭിക്കും. വിവിധ ഇനകളുടെ പ്രത്യേകത അനുസരിച്ചു വിളവെടുപ്പ് കാലയളവിൽ വ്യത്യാസം വരും. മുറിച്ചെടുത്ത പുല്ല് വെയിലത്തുണക്കിയും സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. തീറ്റപ്പുല്ലുകൾക്ക് കീടബാധ അതികം ഉണ്ടാകില്ല എന്നുള്ളതാണ് നല്ല വശം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
*വേണ്ടത്ര പോഷക ഗുണം ലഭിക്കുന്നതിനു വേണ്ടി പുല്ല് കൃത്യസമയത്തുതതന്നെ മുറിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
*പുല്ല് പൂവിടാതെ ശ്രദ്ധിക്കണം. പൂവിട്ട പുല്ലിന്റെ പോഷകമൂല്യം കുറവായിരിക്കും.
*ജലസേചനവും, കളനിയന്ത്രണവും സമയാസമയങ്ങളിൽ നടത്തണം.
*പുല്ല് മൂക്കാതെ ശ്രദ്ധിയ്ക്കണം. മൂപ്പു കൂടിയാൽ തണ്ടിന്റെ ഉറപ്പുകൂടുകയും, നീരു കുറയുകയും ചെയ്യുന്നു.
മൂത്ത പുല്ല് തിന്നാൽ കാലികൾ വിമുഖത കാണിക്കും.
*തണ്ട്, ചെറിയ കഷണങ്ങളാക്കി അരിഞ്ഞു കൊടുത്താൽ, തീറ്റ പാഴാക്കിക്കളയുന്നത് പരമാവധി ഒഴിവാക്കുവാൻ സാധിക്കും.
തീറ്റപ്പുൽകൃഷി വ്യാപിപ്പിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും ക്ഷീരവികസന വകുപ്പ് തീറ്റപ്പുൽകൃഷി വ്യാപന പദ്ധതി നടത്തിവരുന്നുണ്ട്. തീറ്റപ്പുൽകൃഷിക്ക് ധനസഹായവും, സൗജന്യമായി പുൽവിത്തും, നടീൽവസ്തുക്കളും ക്ഷീരവികസന വകുപ്പ് നൽകുന്നുണ്ട്. 20 സെന്റോ അതിന് മുകളിലോ പുല് കൃഷി ചെയ്യാന്‍ താല്പര്യമുള്ളവര്ക്ക് ആവശ്യമായ പുല്‍ക്കട വകുപ്പ് സൗജന്യമായി നല്‍കും. കൂടാതെ കൃഷി ചിലവ് ഇനത്തില്‍ സെന്റിന് 50 രൂപ നിരക്കില്‍ സബ്സിഡിയും നല്‍കുന്നുണ്ട്. അതിനാൽ അല്പം സ്ഥലം സ്വന്തമായുള്ളവർ മടിക്കാതെ തീറ്റപ്പുൽ കൃഷിയിലേക്ക് ഇറങ്ങാവുന്നതാണ്.
തീറ്റചിലവാണ് കന്നുകാലി വളര്‍ത്തലിലെ പ്രധാന വെല്ലുവിളി. അത് പരിഹരിക്കാൻ തീറ്റപ്പുല്ലുകൊണ്ട് സാധിക്കും എന്നുള്ളതാണ് യാഥാർത്ഥ്യം. കന്നുകാലികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു തീറ്റയാണ് പച്ചപ്പുല്ല്. കാൽസ്യം, വിവിധ സൂക്ഷ്മ ധാതുക്കൾ, വിറ്റാമിൻ എ, ബി എന്നിവ പുല്ലുകളിൽ അടങ്ങീട്ടുണ്ട്. പച്ചപ്പുല്ല് കഴിച്ചു വളരുന്ന പശുക്കളുടെ ഉത്പാദനക്ഷമതയും, ആരോഗ്യവും താരതമ്യേനെ കൂടുതലായിരിക്കും.
കേരളത്തിനു പറ്റിയ നല്ല 2 ഇനങ്ങളാണ്
1.നേപ്പിയർ പുല്ല് അഥവാ ആനപ്പുല്ല്
2.ഗിനി പുല്ല്
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala