ഫോർഡ് ബ്രോങ്കോ


Spread the love

“ഫോർഡ് മോട്ടോർ കമ്പനി” എന്ന അമേരിക്കൻ ബഹുരാഷ്ട്ര വാഹന നിർമ്മാണ കമ്പനി 1903-ലാണ് ഓട്ടോമൊബൈൽ മേഖലയിലെ തങ്ങളുടെ ജൈത്ര യാത്ര ആരംഭിക്കുന്നത്. പിൽക്കാലത്ത് ഫോർഡ് മോട്ടോർ കമ്പനി വാഹന നിർമ്മാണമേഖലയിൽ നടപ്പിലാക്കിയ പല പരിഷ്കാരങ്ങളും ഓട്ടോ മൊബൈൽ നിർമ്മാണ രംഗത്തെ ചരിത്രം തിരുത്തിക്കുറിച്ചു. ഫോർഡ് മോട്ടോർ കമ്പനി മുന്നോട്ടു വച്ച ‘ഫോർഡിസം’ എന്ന നിർമ്മാണച്ചിലവ് കുറയ്ക്കുന്ന ‘അസ്റ്റംബ്ലി ലൈൻ’ എന്ന പ്രവർത്തന ശൈലി അവയിൽ ചിലത് മാത്രം. അസ്സംബ്ലി ലൈൻ നടപ്പിലാക്കിയതിനെ തുടർന്ന് സാധാരണക്കാർക്കും താങ്ങാവുന്ന വിലയിൽ വളരെ മികച്ച രീതിയിലുള്ള നിരവധി വാഹന മോഡലുകൾ ഫോർഡിന് അമേരിക്കയ്ക്ക് പുറമെ ആഗോള വിപണിയിലുമെത്തിക്കുവാനമായി. 1960 കളിൽ ആഗോള വാഹന നിർമ്മാണത്തിന്റെ 80% കയ്യടക്കി വച്ചിരുന്നത് ഫോർഡ് ഉൾപ്പെടെയുള്ള അമേരിക്കൻ വാഹന നിർമ്മാതാക്കളാണ്. 1965- ൽ ഫോർഡ് അവതരിപ്പിച്ച വളരെ വ്യത്യസ്തമായ  മോഡലായിരുന്നു “ഫോർഡ് ബ്രോങ്കോ” എന്ന ‘എസ്.യു.വി’. 1965-ൽ ആദ്യ ബ്രോങ്കോ മോഡൽ അവതരിപ്പിച്ച ഫോർഡ് മോട്ടോർ കമ്പനി 1996-ൽ താൽക്കാലികമായി ബ്രോങ്കോ ശ്രേണിയിലെ വാഹനങ്ങളുടെ നിർമ്മാണം അവസാനിപ്പിച്ചിരുന്നു. 1965 മുതൽ 1996 വരെയുള്ള കാലയളവിൽ അഞ്ച് ജനറേഷനിലുള്ള ഫോർഡ് ബ്രോങ്കോ മോഡലുകൾ അവതരിപ്പിക്കാൻ ഫോർഡ് മോട്ടോർ കമ്പനിയെ പ്രേരിപ്പിച്ചത് വാഹന ലോകത്തെ ജനപ്രിയ എസ്. യു.വി.കളാകാൻ ബ്രോങ്കോ സീരീസിന് കഴിഞ്ഞത് കൊണ്ടാണ്. ഫോർഡ് ബ്രോങ്കോ വാഹനങ്ങളുടെ ജനപ്രീതി കണക്കിലെടുത്ത്  ഫോർഡ് മോട്ടോർ കമ്പനി ആറാം ജനറേഷനിലെ “ഫോർഡ് ബ്രോങ്കോ എസ്.യു.വി.” അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

വർഷങ്ങൾക്ക് ശേഷം ഗംഭീര തിരിച്ചു വരവിനൊരുങ്ങുന്ന ഫോർഡ് ബ്രോങ്കോ പ്രധാനമായും മൂന്ന് മോഡലുകളാണ് അവതരിപ്പിക്കുവാൻ പോകുന്നത്. ഇരു വശങ്ങളിലുമായി രണ്ടു ഡോറുകളുള്ള മോഡലും, നാല് ഡോറുകളുള്ള മോഡലും. ബ്രോങ്കോ സ്‌പോർട്ട് എന്ന ഓഫ്‌ റോഡ് യാത്രകൾക്ക് കൂടുതൽ അനുയോജ്യമാകുന്ന മോഡലുകളുമായി വിപണിയിലെത്തുവാൻ തയ്യാറെടുക്കുകയാണ് ഫോർഡ് ബ്രോങ്കോ. ഇവയിൽ രണ്ട് ഡോർ വരുന്ന ബ്രോങ്കോയിൽ നാല് സീറ്റുകളും, നാല്  ഡോർ വരുന്ന ബ്രോങ്കോയിൽ 5 സീറ്റുകളും ഉണ്ടായിരിക്കും. ഓഫ് റോഡ് യാത്രകളെ മികച്ചതാക്കാൻ കഴിവുള്ള ഫോർഡ് ബ്രോങ്കോയിൽ സുഖപ്രദമായ സീറ്റുകൾ, സൗകര്യപ്രദവും മനോഹരവുമായി ഡിസൈൻ ചെയ്തിരിക്കുന്ന ഹാൻഡിൽ ബാർസ് തുടങ്ങിയവയ്ക്ക് പുറമെ, ടച്ച്‌ സ്ക്രീനുകൾ, സെൻസറുകൾ തുടങ്ങിയ മറ്റ് ആധുനിക സംവിധാനങ്ങൾ കൂടി ചേരുമ്പോൾ വാഹനത്തിന്റെ ഇന്റീരിയർ മികവുറ്റതാകുന്നു. വാഹനത്തിന്റെ സാങ്കേതിക കാര്യങ്ങളിൽ പ്രധാനം അവയുടെ ബേസ് മോഡലിന്, 2.3 ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ ഡീസൽ എൻജിന്റെ സഹായത്താൽ 270 hp കരുത്തിൽ കുതിയ്ക്കുവാൻ കഴിയുന്നു എന്നുള്ളതാണ്. ഫോർഡ് ബ്രോങ്കോയിൽ അപ്ഗ്രേഡ് ഓപ്ഷൻ ആയി 310 hp കരുത്തുള്ള 2.7 ലിറ്റർ ടർബോചാർജ്ഡ് V6 എൻജിനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഫോർഡ് ബ്രോങ്കോ ബേസ് മോഡലിൽ 7 സ്പീഡ് മാന്വൽ ഗിയർ ട്രാൻസ്മിഷനും, V6 മോഡൽ എഞ്ചിനുള്ള ഫോർഡ് ബ്രോങ്കോയിൽ 10 സ്പീഡിലുള്ള ഓട്ടോമാറ്റിക് ഗിയർ ട്രാൻസ്മിഷനും ഉണ്ടാകും. വാഹനത്തിന്റെ മികച്ച നിയന്ത്രണത്തിനായുള്ള എ.ബി.എസ്. ബ്രേക്കിംഗ് സിസ്റ്റവും, സ്റ്റാൻഡേർഡ് ഡ്യൂട്ടി സസ്പൻഷൻ സിസ്റ്റവും, ഫോർ വീൽ ട്രാൻസ്മിഷൻ സിസ്റ്റവും കൂടി ചേരുമ്പോൾ ഓഫ്‌ റോഡ് യാത്രകളെ ഫോർഡ് ബ്രോങ്കോ അവിസ്മരണീയാക്കുമെന്ന കാര്യത്തിൽ സംശയമില്ല.


ആദ്യകാല ഫോർഡ് ബ്രോങ്കോ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ഒറ്റ പീസിൽ  നിർമ്മിച്ച ഗ്രില്ലും അവയോടൊപ്പം റൗണ്ട് ടൈപ്പിലുള്ള ഹെഡ് ലാംബും ഫോർഡ് ബ്രോങ്കോയെ കൂടുതൽ ആകർഷകമാക്കുന്നു. ഫോർഡ് ബ്രോങ്കോയുടെ മറ്റൊരു പ്രത്യേകത വളരെ അനായാസം ഡോറുകളും മുകൾ ഭാഗങ്ങളും ഇളക്കി മാറ്റി മോഡിഫൈ ചെയ്യാൻ സാധിക്കുന്നു എന്നുള്ളതാണ്. ഇത്തരം ഓപ്ഷൻ ഓഫ്‌റോഡ് യാത്രകളെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. ഫോർഡ് ബ്രോങ്കോയുടെ ബേസ് മോഡലുകൾക്ക് പുറമെ ബിഗ് ബെൻഡ്, ബ്ലാക്ക് ഡയമണ്ട്, ഔട്ടർ ബാങ്ക്സ്, ബാഡ്‍ലാംപ്സ്, വൈൽഡ് ട്രാക്ക്, ഫസ്റ്റ് എഡിഷൻ എന്നീ ഓപ്ഷണൽ മോഡലുകളും തിരിച്ചു വരവിന്റെ ഭാഗമായ് ഫോർഡ് ബ്രോങ്കോയിൽ അവതരിപ്പിക്കപ്പെടുന്നു. ജീപ്പ് റാങ്ക്ളർ പോലെയുള്ള എസ്.യു.വി.കളുമായി താരതമ്യം ചെയ്യാവുന്ന ഫോർഡ് ബ്രോങ്കോ 2021-ഓടുകുടി അവതരിപ്പിക്കാനാണ് ഫോർഡ് മോട്ടോർ കമ്പനി ലക്ഷ്യമിടുന്നത്. ലോകത്തിലെ തന്നെ സുപ്രധാന വാഹന വിപണിയായ ഇന്ത്യയിലും ഫോർഡ് ബ്രോങ്കോ മോഡലുകൾ തങ്ങളുടെ വരവറിയിക്കും എന്ന വിശ്വാസത്തിലാണ് ഇന്ത്യയിലെ ഓഫ്‌ റോഡ് വാഹന പ്രേമികൾ.

Read also: ജീപ്പ് പ്രേമികളുടെ സ്വന്തം ‘വില്ലീസ്’

വാഹനങ്ങളെകുറിച്ചുള്ള അപ്ഡേറ്റുകൾ ലഭിക്കുവാനായി ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ ചേരുക. അതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യു  Motor Mechanics

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close