സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണം തകൃതിയായി നടക്കുന്നു; സി ബി ഐ സംഘം കൊച്ചി കസ്റ്റംസ് ഓഫീസില്‍


Spread the love

കൊച്ചി: കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ പ്രാഥമിക വിവരരേഖരണത്തിനായി സി ബി ഐ സംഘം എത്തി. സ്വര്‍ണക്കടത്തുകേസ് രാജ്യ സുരക്ഷയെ ബാധിക്കുന്നതായതിനാലാണ് നടപടിയെന്ന് റിപ്പോര്‍ട്ട്. കസ്റ്റംസ് അധികൃതരുമായി ചര്‍ച്ച നടത്തുകയാണ് സി ബി ഐ സംഘം. തങ്ങള്‍ക്ക് കേസ് അന്വേഷിക്കാന്‍ കഴിയുമോ എന്നും സി ബി ഐ പരിശോധിക്കുന്നുണ്ട്. എന്‍ ഐ എ ഉള്‍പ്പെടെയുള്ള മറ്റ് അന്വേഷണ ഏജന്‍സികളും കേസിനെക്കുറിച്ചുളള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. കസ്റ്റംസ് അന്വേഷണത്തില്‍ പോരായ്മകള്‍ ഇല്ലെന്നാണ് ഇതുവരെയുളള റിപ്പോര്‍ട്ട്.
നേരത്തേ സ്വര്‍ണക്കടത്തുകേസിലെ അന്വേഷണമുള്‍പ്പെടെയുളള കാര്യങ്ങളില്‍ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടന്നിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സംഭവത്തെക്കുറിച്ച് പരോക്ഷ നികുതി ബോര്‍ഡിനോട് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. കേസിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിന് തൊട്ടുപിന്നാലെ ഈ സംഭവവുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ധനമന്ത്രി നിര്‍മലാ സീതാരാമനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സി ബി ഐ സംഘം കസ്റ്റംസ് ഓഫീസിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജില്‍ 15 കോടി രൂപയിലധികം വിലവരുന്ന 35 കിലോ സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷാണു മുഖ്യ ആസൂത്രകയെന്നാണു കരുതുന്നത്. ഇവര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥ കൂടിയായ സ്വപ്ന ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു. സ്വപ്നയെ ഐടി വകുപ്പില്‍നിന്നു പിരിച്ചുവിട്ടു.
നേരത്തെ യുഎഇ കോണ്‍സുലേറ്റിലെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്നയെ ചില ആരോപണങ്ങളുമായി ബന്ധപ്പെട്ടു പിരിച്ചു വിട്ടിരുന്നു. തൊട്ടുപിന്നാലെ കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി വകുപ്പിനു കീഴിലുള്ള സ്‌പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിംഗ് ലെയ്‌സണ്‍ ഓഫീസറായി അവര്‍ നിയമിതയായി. ഇതിനു കാരണക്കാരനായതും ഐടി സെക്രട്ടറിയാണെന്നു പറയുന്നു. സ്വപ്ന ഐടി സെക്രട്ടറി എം. ശിവശങ്കറിനൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തു വന്നു.
കഴിഞ്ഞ മാസം 30നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണു സ്വര്‍ണം കണ്ടെത്തിയത്. അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തും സ്വപ്നയും തിരുവനന്തപുരത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുന്‌പോള്‍ തന്നെ സ്വപ്നയും സരിതും ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ കണ്ടെത്താന്‍ കേരള പോലീസിന്റെ സഹായംതേടില്ലെന്ന് കസ്റ്റംസ് പറയുന്നു. സ്വപ്ന ഒളിവില്‍പ്പോയ സാഹചര്യത്തില്‍ ഇവരെ കണ്ടെത്താന്‍ പോലീസിന്റെ സഹായംതേടുമെന്ന് വിവരമുണ്ടായിരുന്നു. എന്നാല്‍, ഇതിന്റെ ആവശ്യമില്ലെന്നും കേസില്‍ പോലീസിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ്.
അതേസമയം യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയുടെ മറവില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിച്ചെടുത്ത സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത് കസ്റ്റംസിന്റെ ലോക്കറിലാണ്. അറസ്റ്റിലായ പ്രതിയെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയപ്പോള്‍ സ്വര്‍ണത്തിന്റെ അളവ് സംബന്ധിച്ച കാര്യങ്ങള്‍ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.
സ്വര്‍ണത്തിന്റെ പരിശോധനകളും നടത്തേണ്ടതുണ്ട്. അംഗീകൃത ഏജന്‍സികളെക്കൊണ്ടാകും സ്വര്‍ണത്തിന്റെ മാറ്റ് നോക്കി ഭാരവും എണ്ണവും രേഖപ്പെടുത്തുക. അടുത്ത ദിവസങ്ങളില്‍ ഇതിനുള്ള നടപടികളുണ്ടാകുമെന്നാണ് സൂചന.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close