ഗോൾഡ് ഫിഷിനെ ബ്രീഡ് ചെയ്യാം


Spread the love

 നൂറ്റാണ്ടുകളുടെ മഹിമയുള്ള മത്സ്യമാണ്  “ഗോൾഡ് ഫിഷ്“. അലങ്കാരമത്സ്യം എന്ന് കേൾക്കുമ്പോൾ തന്നെ ഏവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നവ, ഗോൾഡ് ഫിഷ് നെ അറിയാത്തവർ വിരളമായിരിക്കും. അത്രയേറെ ഖ്യാതി നേടിയ ഒരു അലങ്കാര മത്സ്യമാണ് ഇവ. ഏറ്റവുമധികം വിപണിയും  ലഭിക്കുന്ന ഒരു അലങ്കാര മത്സ്യം. ഏറെ ചിലവൊന്നും ഇല്ലാതെ തന്നെ ഗോൾഡ് ഫിഷിനെ വളർത്താം. സിമന്റ്‌ ടാങ്കോ, സ്ഫടിക ടാങ്കുകളോ ഇതിനായി തിരഞ്ഞെടുക്കാം. മറ്റു മീനുകൾക്കൊപ്പവും ഇവയെ വളർത്താം. വിശ്വസ്തരായ ബ്രീഡർമാരിൽ നിന്നും മാത്രം മീൻകുഞ്ഞുങ്ങളെ വാങ്ങുക. മികച്ച ആരോഗ്യമുള്ള മീനുകൾ ആണെങ്കിൽ ജനിച്ചു 6 മാസം ആകുമ്പോൾ മുതൽ ബ്രീഡ് ചെയ്യാം. വയറിന്റെ വലിപ്പം ആൺമത്സ്യത്തിന് കുറവും പെൺമത്സ്യത്തിന് കൂടുതലായും കാണപ്പെടുന്നു, കൂടാതെ ആൺമത്സ്യങ്ങൾക് ചെകിളയ്ക്ക് സമീപത്തായി വെള്ള നിറത്തിലുള്ള പുള്ളികളും കാണപ്പെടുന്നു. പ്രജനനത്തിനായി ഒരു പെൺ മത്സ്യത്തിന് രണ്ട് ആൺമത്സ്യം എന്ന കണക്കിൽ വേണം തിരഞ്ഞെടുക്കേണ്ടത്. ഇവയ്ക്ക് മുട്ടയുടെ എണ്ണം കൂടുതലായതിനാൽ ഒരു ആൺമത്സ്യത്തെ മാത്രം ഇട്ടാൽ പ്രജനന വേളയിൽ മുഴുവൻ മുട്ടകളിലും ബീജസങ്കലനം നടക്കണമെന്നില്ല, രണ്ട് ആൺമത്സ്യത്തെ ഇടുന്നത് വഴി ഈ പ്രശ്നം പരിഹരിക്കപ്പെടുന്നു. പ്രജനനത്തിന് ഒരാഴ്ച മുൻപ് തന്നെ ആൺമത്സ്യത്തെയും പെൺമത്സ്യത്തെയും വെവ്വേറെ ടാങ്കുകളിൽ ഇട്ടു പോഷകമൂല്യം കൂടുതലുള്ള ഭക്ഷണം നൽകാൻ ശ്രദ്ധിക്കണം. ആർട്ടീമിയ ഫ്‌ളേക്‌സ്‌, മണ്ണിര ഫ്‌ളേക്‌സ്‌ തുടങ്ങിയ ലൈവ്ഫീഡ് നൽകുന്നത് കൂടുതൽ ഗുണം ചെയ്യുന്നു. പ്രജനന ടാങ്കിൽ ജലം നേരത്തെ തന്നെ നിറച്ചിട്ടിരിക്കണം. മീനുകൾക്ക് മുട്ട ഒട്ടിച്ചു വയ്ക്കാനായി  ടാങ്കിന്റെ അടിഭാഗത്തായി ഷെയ്ഡ്നെറ്റോ,കൊതുകു വലയോ താഴ്ത്തി വയ്ക്കാം. ടാങ്കിലെ ജലത്തിന് ആനുപാതികമായി മെതിലിൻ ബ്ലൂ (methylene blue ) സൊല്യൂഷൻ ഒഴിക്കുന്നത് കുഞ്ഞുങ്ങളിൽ ഫംഗൽ ബാധ  ഉണ്ടാകാതിരിക്കാൻ സഹായിക്കുന്നു. ഇത്രയും ചെയ്ത ശേഷം ആൺമത്സ്യങ്ങളെയും പെൺമത്സ്യത്തെയും പ്രജനനടാങ്കിൽ ഇടാം, സായാഹ്നസമയമാണ് ഇതിന് ഏറെ നല്ലത്. 12-48 മണിക്കൂറിനുള്ളിൽ  തന്നെ ഇവ പൂർണമായും മുട്ടയിട്ടു കഴിയുന്നു. മുട്ടയിട്ട് കഴിഞ്ഞാലുടൻ തന്നെ ആൺമത്സ്യത്തെയും പെൺമത്സ്യത്തെയും പ്രജനനടാങ്കിൽ നിന്നും മാറ്റണം, ഇവയ്ക്ക് മുട്ട തിന്നുന്ന സ്വഭാവം ഉള്ളതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. 

1000 നു മുകളിൽ എണ്ണം മുട്ടകളാണ് ഒരു ബ്രീഡിങ്ങിലൂടെ ലഭിക്കുന്നത്.12-48 മണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നു. ആദ്യ ദിനങ്ങളിൽ ഇവയ്ക്ക് പ്രത്യേക ഭക്ഷണം നൽകേണ്ടതില്ല. മൂന്നാം ദിവസം മുതൽ ഇവയ്ക്ക് ഇൻഫ്ലുസോറിയ നൽകാം. പത്താം ദിവസം ആകുമ്പോൾ മുതൽ ആർട്ടീമിയ വിരിയിച്ചതും, പതിനഞ്ചാം ദിവസം മുതൽ മൊയ്‌നയും നൽകി തുടങ്ങാം. 3-4 ആഴ്ച പ്രായമാകുമ്പോൾ ഇവയെ ബ്രീഡിങ് ടാങ്കിൽ നിന്നും വളർത്തൽ ടാങ്കിലേക്ക് മാറ്റാം. പിന്നീട് ഇവയ്ക്ക് മറ്റു ലൈവ് ഫീഡുകളും പെല്ലറ്റ് ഫീഡുകളും നൽകാം. ഒരു തവണ ബ്രീഡ് ചെയ്ത മത്സ്യത്തെ 28 ദിവസം കഴിയുമ്പോൾ വീണ്ടും ബ്രീഡ് ചെയ്യാം, എന്നിരുന്നാലും വർഷത്തിൽ 6-7 ബ്രീഡിങ് മാത്രം നടത്തുന്നതാണ് നല്ലത്.

3 മാസം ആകുമ്പോഴേക്കും വളർച്ചയെത്തിയ കുഞ്ഞുങ്ങളെ വിപണിയിൽ എത്തിക്കാം. എക്കാലത്തും ഗോൾഡ് ഫിഷിനു ആവശ്യക്കാർ ഏറെയാണ്. സൂക്ഷ്മമായ പരിപാലനം അധികം ആവശ്യമില്ലാത്തത് കൊണ്ട് തന്നെ വ്യവസായ സ്ഥാപനങ്ങളിലും, മാളുകളിലും, വീടുകളിലും ഒക്കെ ഇവയെ ധാരാളം പേർ അലങ്കാരമാക്കുന്നു. ഇത്തരത്തിൽ ബ്രീഡ് ചെയ്ത്, വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ എണ്ണം മീനുകളെ വിപണിയിൽ എത്തിക്കാൻ സാധിക്കുന്നത് വഴി കർഷകന് മികച്ച ലാഭം ലഭിക്കുന്നു. 

Read also : വരുമാനം നൽകുന്ന ഗൗരാമി മൽസ്യങ്ങൾ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനപ്പെട്ടുവെങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ വാർത്തകൾക്കായി എക്സ്പോസ്‌ കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക. Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close