
ലോക ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളും വിക്കെറ്റ് കീപ്പർ ബാറ്സ്മാനുമായ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ആധുനിക ഇന്ത്യൻ ക്രിക്കറ്റിന്റെ നട്ടെല്ല് എന്ന് നിസ്സംശയം വിളിക്കാവുന്ന താരത്തെ ഇനി ഐ. പി. എല്ലിൽ മാത്രമാണ് ആരാധകർക്ക് കാണാനാവുക . 2020 യിലെ സ്വാതന്ത്ര ദിനത്തിലാണ് ധോണി വിട പറയുന്നത് എന്നതാണ് ഏറെ കൗതുകം.വിക്കെറ്റ് കീപ്പർ, മധ്യനിര ബാറ്റ്സ്മാൻ, ഫിനിഷർ, ക്യാപ്റ്റൻ – എന്ത് കൊണ്ട് ധോണി എന്ന താരം ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകം ആയെന്നുള്ളതിനുള്ള ഉത്തരങ്ങൾ ഇതിലുണ്ട്. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ… ഏകദിന മത്സരങ്ങളെപ്പറ്റി… 2004 ഡിസംബർ 23ന് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ അരങ്ങേറ്റം. 15 വർഷം നീണ്ട കരിയറിൽ ആകെ 350 ഏകദിന മത്സരങ്ങളിൽ നിന്ന് 50.53 ശരാശരിയോടെ 10773 റൺസ്. അതിൽ 10 സെഞ്ചുറികളും 73 അർദ്ധ സെഞ്ചുറികളും. ശ്രീലങ്കയ്‌ക്കെതിരെ പുറത്താകാതെ നേടിയ 183 റൺസാണ് ഉയർന്ന സ്കോർ. പക്ഷെ… ഈ കണക്കുകളേക്കാൾ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർ എന്ന നിലയിലായിരിക്കും ധോണി എല്ലാ കാലത്തും ഓർമിക്കപ്പെടുക. എത്ര അസാധ്യം എന്ന് തോന്നാവുന്ന വിജയ ലക്ഷ്യം ആണെങ്കിലും മഹി ക്രീസിൽ ഉണ്ടെങ്കിൽ വിജയിക്കും എന്ന് ചിന്തിക്കുന്ന ഒരു ലോകമായിരുന്നു ഇത്. ഡെത്ത് ഓവറുകളിൽ ധോണിയെപ്പോലെ അപകടകാരിയായ ബാറ്റ്സ്മാൻ വേറെ ഉണ്ടായിരുന്നില്ല. ഹെലികോപ്റ്റർ ഷോട്ടുകളിലൂടെ കാണികളുടെ മനം കവർന്ന ഫിനിഷറുടെ അവസാന ഇന്നിംഗ്സ് 2019 ലോകകപ്പിലെ ഇന്ത്യ – ന്യൂസിലാൻഡ് സെമി ഫൈനൽ പോരാട്ടമായിരുന്നു. മത്സരത്തിൽ നിർണ്ണായക സമയത്ത് മാർട്ടിൻ ഗുപ്ടിലിന്റെ ത്രോയിൽ ധോണി റണ്ണൗട്ട് ആയതാണ് ഇന്ത്യ തോൽക്കാനും കാരണമായത്. ![]() ടെസ്റ്റ് മത്സരങ്ങളിലെ പ്രകടത്തെപ്പറ്റി…
2005 ഡിസംബർ 2ന് ശ്രീലങ്കയ്‌ക്കെതിരെ അരങ്ങേറ്റം. 90 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 38.76 ശരാശരിയോടെ 4876 റൺസ്. 6 സെഞ്ചുറികൾ, 33 അർദ്ധ സെഞ്ച്വറികൾ. 224 റൺസാണ് ഉയർന്ന സ്കോർ.
![]() ട്വന്റി – ട്വന്റി മത്സരങ്ങളെപ്പറ്റി…
98 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 37.6 ശരാശരിയോടെ 1617 റൺസ്. 2 അർദ്ധ സെഞ്ച്വറികൾ, 56 റൺസാണ് ഉയർന്ന സ്കോർ.
![]() ഒരു ക്യാപ്റ്റൻ എന്ന നിലയിൽ…
2007 യിലെ പ്രഥമ ട്വന്റി – ട്വന്റി ലോകകപ്പിലാണ് ധോണി ഇന്ത്യൻ ടീമിന്റെ നായകനാകുന്നത്. ഇന്ത്യൻ ടീം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലായിരുന്നു അത്. രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിൽ 2007 ലോക കപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായ കാലം. അപ്രതീക്ഷിതമായാണ് ധോനിയെ ബി.സി. സി. ഐ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിച്ചത്. ഒരു ടീം എന്ന നിലയിൽ ഒട്ടും സ്ഥിരതയില്ലായിരുന്ന ഇന്ത്യ എന്ന പതിനൊന്നംഗ സംഘത്തെ ലോക ചമ്പ്യാന്മാരാക്കുന്നതിൽ ധോണി എന്ത് പങ്ക് വഹിച്ചു എന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരമേയുള്ളൂ – ക്യാപ്റ്റൻ ആയിരുന്നു. അതെ… ക്യാപ്റ്റൻസി കൊണ്ട് മാത്രം ഇന്ത്യ ജയിച്ച എത്രയെത്ര മത്സരങ്ങൾ !!
![]() അതിൽ പാകിസ്ഥാനെതിരായ ഫൈനലിലെ ലാസ്റ്റ് ഓവർ എടുത്ത് പറയാതിരിക്കാനാവില്ല. ജയിക്കാൻ വെറും 12 റൺസ് വേണ്ടിയിരുന്ന സമയത്ത്… പരിചയ സമ്പന്നനായ ഹർഭജൻ സിങ്ങിനുൾപ്പെടെ ഓവറുകൾ ബാക്കി ഉണ്ടായിരുന്നിട്ടും അയാൾ പന്ത് ഏൽപ്പിച്ചത് ഒരു ശരാശരി ബൗളർ മാത്രമായിരുന്ന ജോഗീന്ദർ ശർമയെ. പക്ഷെ, ആ തീരുമാനം കൃത്യമായിരുന്നു. 2007യിലെ ആദ്യ ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഇന്ത്യ ലോക ചമ്പ്യാന്മാരായി. 2011യിൽ 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഏകദിന ലോകകപ്പിൽ മുത്തമിട്ടപ്പോഴും നായകൻ വേറെ ആരുമായിരുന്നില്ല. ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ പുറത്താകാതെ 92 റൺസ് നേടിയ ഇന്നിംഗ്സ് മുന്നിൽ നിന്ന് നയിക്കുന്ന നായകന്റ നേർ ചിത്രമായി.
![]() 2013 യിലെ ചാംപ്യൻസ് ട്രോഫി ഇന്ത്യ നേടിയപ്പോൾ നായകൻ മഹേന്ദ്ര സിംഗ് ധോണി ആയിരുന്നു. ഐ. സി. സി യുടെ 3 ലോക കിരീടങ്ങളും നേടിയ ക്രിക്കറ്റ് ചരിത്രത്തിലെ ഒരേ ഒരു നായകൻ – ഏകദിന ലോകകപ്പ്(2011), ചാംപ്യൻസ് ട്രോഫി (2013), ട്വന്റി ട്വന്റി ലോകകപ്പ് (2007)
ലോക കിരീടങ്ങളുടെ എണ്ണമെടുക്കുന്നതിനൊപ്പം ഇന്ത്യക്ക് വേണ്ടി അയാൾ മിനുക്കിയെടുത്ത താരങ്ങളുടെ പട്ടികയും നീളും – റെയ്ന, രവി ചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, രോഹിത് ശർമ…
![]() അതോടപ്പം തന്നെ ക്യാപ്റ്റൻ എന്ന നിലയിൽ ടെസ്റ്റ് ക്രിക്കറ്റിലും എണ്ണിപ്പറയാനാകുന്ന നേട്ടങ്ങളുണ്ട്. സൗത്ത് ആഫ്രിക്കയിലും ഇംഗ്ലണ്ടിലും വെസ്റ്റ് ഇൻഡീസിലും ടെസ്റ്റ് വിജയങ്ങൾ… തുടർച്ചയായ 18 മാസങ്ങൾ ഇന്ത്യ ഐ. സി. സി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ലോക ഒന്നാം നമ്പറിൽ തുടർന്നത്… നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാൽ തീരുകയില്ല… കാരണം അയാൾ ക്യാപ്റ്റൻ കൂൾ ആണ്…മഹേന്ദ്ര ജാലക്കാരനാണ്. മന്ത്രികനാണ്.
![]() ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിൽ…
അസാധ്യം എന്ന് ഒറ്റ വാക്കിൽ പറയാം അയാളിലെ വിക്കെറ്റ് കീപ്പറെ. സമകാലികരായി ആഡം ഗിൽക്രിസ്റ്റും കുമാർ സംഗക്കാരയും മാർക്ക് ബൗച്ചറുമൊക്കെ ഉണ്ടായിരുന്നെങ്കിലും അവരിൽ നിന്നൊക്കെ മഹേന്ദ്ര സിംഗ് ധോനിയെ വ്യത്യസ്തനാക്കിയത് അയാളുടെ മിന്നൽ സ്റ്റാമ്പിങ്ങുകളായിരുന്നു. “പുറകിൽ ധോണിയുണ്ട്… സൂക്ഷിക്കുക ” എന്ന് ഒരിക്കൽ ഐ. സി. സി ട്വീറ്റ് ചെയ്തിരുന്നു.വിക്കറ്റിന് പിന്നിൽ അത്രത്തോളം അപകടകാരിയായുന്നു അയാൾ.
![]() എ. ബി ഡിവില്ലിയേഴ്സ് പോലും ഇന്ത്യൻ സ്പിന്നർമാരെ കയറിയടിക്കാൻ പേടിച്ച മുഹൂർത്തങ്ങളുണ്ട്. ബാറ്റ്സ്മാന്റെ പുറകിൽ നിന്നു കൊണ്ട് ബൗളറെക്കൊണ്ട് വൈഡ് ഏറിയിപ്പിച്ച് ബാറ്സ്മാനെ കബളിപ്പിച്ച് കൊണ്ട് വിക്കെറ്റ് വീഴ്‌ത്തുന്ന മായാജാലക്കാരൻ. ബാറ്റ്സ്മാന്റെ മനസ്സ് വായിച്ചു കൊണ്ട് ബൗളറെ തിരഞ്ഞെടുക്കുന്ന വിക്കെറ്റ് കീപ്പർ ആയ നായകൻ. കീപ്പർ എന്നതിനേക്കാൾ ക്യാപ്റ്റൻ കീപ്പർ എന്ന് പറയേണ്ടിവരും.
![]() ബൗണ്ടറിയിൽ നിന്നുള്ള ലോങ്ങ് ത്രോ സ്റ്റമ്പിന് എതിർ വശത്തായി നിന്ന് കൊണ്ട് പുറകോട്ടെറിഞ്ഞു കുറ്റി തെറിപ്പിച്ച് ബാറ്സ്മാനെ റണ്ണൗട് ആക്കുന്ന മാഹിയെപ്പോലുള്ള ഒരു വിക്കെറ്റ് കീപ്പർ ഇനി ഇന്ത്യക്ക് ഉണ്ടാകുമോ എന്നത് സംശയമാണ്. ഏകദിനത്തിൽ 350 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 321 ക്യാച്ചുകളും 123 സ്റ്റമ്പിങ്ങുകളും. 90 ടെസ്റ്റുകളിൽ നിന്ന് 256 ക്യാച്ചുകളും 38 സ്റ്റമ്പിങ്ങുകളും. ട്വന്റി – ട്വന്റി ക്രിക്കറ്റിൽ 98 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 57 ക്യാച്ചുകളും 34 സ്റ്റമ്പിങ്ങുകളും.
![]() ഇന്ത്യൻ പ്രീമിയർ ലീഗിലും ധോണിക്ക് എടുത്തു പറയാവുന്ന നേട്ടങ്ങളുണ്ട്.ക്യാപ്റ്റൻ എന്ന നിലയിൽ ചെന്നൈ സൂപ്പർ കിങ്സിനെ 3 തവണ ഐ. പി. എൽ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിന്റെ ക്യാപ്ടനായിരിക്കെ അവരെ ഫൈനൽ വരെ എത്തിക്കുകയും ചെയ്തു.
![]() 190 ഐ. പി. എൽ മത്സരങ്ങളിൽ നിന്ന് 42.40 ശരാശരിയിലും 137.85 സ്ട്രൈക്ക് റേറ്റിലുമായി ആകെ 4432 റൺസ്. വിക്കറ്റിന് പിന്നിൽ നിന്ന് 94 ക്യാച്ചുകളും 38 സ്റ്റാമ്പിങ്ങുകളും. ആരാധകർക്ക് ഇനി ആകെ കാണാനാവുക ധോണിയുടെ ഐ. പി. എൽ മത്സരങ്ങൾ മാത്രമാണല്ലോ.
![]() 2017 യിൽ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.ഇന്ത്യൻ ആർമിയിൽ ലഫ്റ്റനന്റ് പദവിയും ലഭിച്ചിട്ടുണ്ട്. തീരുമാങ്ങൾ കൊണ്ട് മാത്രം വിജയിപ്പിച്ച മത്സരങ്ങളും…തീപ്പൊരി സിക്സെറുകളും… മിന്നൽ സ്റ്റമ്പിങ്ങുകളും… ആ ഏഴാം നമ്പർ ജഴ്‌സിയും ഇനി ചരിത്രം.
![]() നമുക്ക് അഭിമാനിക്കാം… ഇങ്ങനെ ഒരാളുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിന്…അയാളുടെ അമാനുഷികത നിറഞ്ഞ പ്രകടനങ്ങൾക്ക് സാക്ഷിയാവാൻ കഴിഞ്ഞതിന്…
Read also :ജർമൻ കൊടുങ്കാറ്റിൽ കാറ്റലോണിയ ചാരമായി ; ബാഴ്‌സലണയെ ഗോൾ മഴയിൽ മുക്കി ബയേൺ മ്യൂണിക് സെമിയിൽ
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക.
|
|
|