ലീവെടുത്ത് വിദേശ സേവനം നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പണികിട്ടും


Spread the love

സര്‍ക്കാര്‍ ജോലിയുള്ള ഡോക്ടര്‍മാര്‍ ലീവെടുത്ത് വിദേശ സേവനം നടത്തിവരുന്നതിനെതിരെ നടപടിയുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് അനധികൃതമായി അവധിയെടുത്ത 46 ഡോക്ടര്‍മാര്‍ക്കെതിരെയാണ് സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തത്. നിലവില്‍ ആവശ്യത്തിന് അധ്യാപകരില്ലാതെ എംബിബിഎസ് കോഴ്‌സിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാണ്.
മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടിട്ടും ന്യായങ്ങള്‍ നിരത്തി വിദേശത്ത് തുടരുന്നവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തീരുമാനമായത്. അനധികൃത അവധിയിലുള്ളവരെ പിരിച്ചുവിട്ട് ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം. മെഡിക്കല്‍ കോളേജുകളിലെ അധ്യാപകരുടെ ക്ഷാമം നേരിടാന്‍ കൂടുതല്‍ പിജി സീറ്റുകള്‍ അനുവദിക്കണമെന്ന അപേക്ഷ കേന്ദ്രം തള്ളിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ കര്‍ശന നടപടി.
സര്‍ക്കാരിനെയോ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെയോ അറിയിക്കാതെ പത്തു വര്‍ഷം വരെ അനധികൃതമായി അവധിയെടുത്ത 57 ഡോക്ടര്‍മാരെ കണ്ടെത്തിയിരുന്നു. ഇവര്‍ക്കാണ് സര്‍വീസില്‍ മടങ്ങിയെത്താന്‍ അന്ത്യശാസനം നല്‍കിയത്. തുടര്‍ന്ന് 22 ഡോക്ടര്‍മാര്‍ മറുപടി നല്‍കി. സാമ്ബത്തികനില മെച്ചപ്പെടുത്താന്‍ വിദേശത്ത് ജോലി ചെയ്യുകയാണെന്നും വിരമിക്കുന്നതിന് മുന്‍പ് മടങ്ങിയെത്താമെന്നുമൊക്കെയാണ് മിക്കവരും അറിയിച്ചത്. വിദേശ പഠനത്തിലാണെന്ന് ചിലര്‍ മറുപടി നല്‍കി. 11 പേരുടെ വിശദീകരണം സര്‍ക്കാര്‍ അംഗീകരിച്ചില്ല.
11 പേര്‍ ഉടനടി സര്‍വീസില്‍ തിരികെയെത്താന്‍ സന്നദ്ധരായി. ശേഷിക്കുന്ന 46 പേരെ ഉടനടി പിരിച്ചുവിടാനാണ് തീരുമാനം. ഡോക്ടര്‍മാരോട് ഏഴു ദിവസത്തിനകം മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിലോ പ്രതികരിച്ചില്ലെങ്കിലോ പിരിച്ചുവിടാനുള്ള ഗസറ്റ് വിജ്ഞാപനമിറക്കും. എല്ലാ ഡോക്ടര്‍മാരുടെയും പേരു സഹിതമുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും. അവശ്യ സര്‍വീസായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല അവധി അനുവദിക്കാറില്ല. വ്യക്തിപരമായ ആവശ്യം, തുടര്‍പഠനം എന്നിങ്ങനെ ആവശ്യങ്ങള്‍ നിരത്തി അനുമതിയില്ലാതെ വിദേശത്തേക്ക് കടക്കുകയാണ്.
ഇവര്‍ സര്‍വീസില്‍ തുടരുന്നതിനാല്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാനോ പുതിയ റിക്രൂട്ട്‌മെന്റ് നടത്താനോ കഴിയില്ല. പിടിച്ചു നില്‍ക്കാന്‍ പെന്‍ഷന്‍ പ്രായം കൂട്ടി അധ്യാപകരുടെ രൂക്ഷമായ കുറവ് പരിഹരിക്കാന്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ പൊടിക്കൈ. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 62 ആയും മറ്റ് ഡോക്ടര്‍മാരുടേത് 56ല്‍ നിന്ന് 60 ആയും ഉയര്‍ത്തി. 44 ഡോക്ടര്‍മാര്‍ക്കാണ് സര്‍വീസ് നീട്ടിക്കിട്ടിയത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close